ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
അദ്ധ്യായം ഏഴ് : ജ്ഞാനവിജ്ഞാനയോഗം
ശ്ലോകം 23
അന്തവത്തു ഫലം തേഷാം
തദ് ഭവത്യല്പമേധസാം
ദേവാന് ദേവയജോ യാന്തി
മദ്ഭക്താ യാന്തി മാമപി.
ഇഷ്ടദേവതമാരെ പൂജിക്കുന്ന അല്പബുദ്ധികളായ അവരുടെ ദേവതാപൂജകൊണ്ടുണ്ടാകുന്ന ഫലം നാശത്തോടുകൂടിയതാകുന്നു. ദേവന്മാരെ പൂജിക്കുന്നവര് ദേവന്മാരെ പ്രാപിക്കുന്നു. എന്നാല്‍ എന്റെ ഭക്തന്മാര് എന്നെതന്നെ പ്രാപിക്കുന്നു.
ഇഷ്ടദേവതകളെ പൂജിക്കുന്ന ഭക്തന്മാര് എന്നെ അറിയില്ല. എന്തുകൊണ്ടെന്നാല്‍ അവര്‍ സങ്കുചിതമായ വീക്ഷണത്തോടുകൂടിയവരാണ്. അവര്‍ ആഗ്രഹിക്കുന്ന ഫലം അവര്‍ക്ക് ലഭിക്കുന്നുണ്ടെങ്കിലും അതു നാശോന്മുഖമാണ്. എന്തിനധികം പറയുന്നു. അപ്രകാരമുള്ള ആരാധന ജനനമരണങ്ങളുടെ ആവര്‍ത്തനത്തിന് ഇടവരുത്തുകയേ ഉള്ളൂ. അവര്‍ക്കു ലഭിക്കുന്ന ആഗ്രഹനിവൃത്തിയുടെ സന്തോഷം സ്വപ്നത്തില്‍ അനുഭവിക്കുന്ന ആനന്ദംപോലെയാണ്. ഇപ്രകാരം കണക്കിലെടുത്തില്ലെങ്കില്തന്നെയും ഒരുവന് ഏത് ദേവതയെയാണോ ആരാധിക്കുന്നത് , അവന് അതിനെമാത്രം പ്രാപിക്കുന്നു. എന്നാല്‍ ശരീരംകൊണ്ടും മനസ്സുകൊണ്ടും ആത്മാവ്കൊണ്ടും എന്നെതന്നെ ഭജിക്കുന്ന ഒരുവന് അവന്റെ ഐഹികമായ യാത്ര അവസാനിക്കുമ്പോള്‍ എന്റെ ശാശ്വത സ്വരൂപത്തില്‍ നിസ്സംശയം അലിഞ്ഞുചേരുന്നതിനു കഴിയുന്നു.