ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
അദ്ധ്യായം ഏഴ് : ജ്ഞാനവിജ്ഞാനയോഗം
ശ്ലോകം 29
ജരാമരണമോക്ഷായ
മാമാശ്രിത്യ യതന്തി യേ
തേ ബ്രഹ്മ തദ്വിദുഃ കൃത്സ്ന-
മദ്ധ്യാത്മം കര്‍മ്മ ചാഖിലം
ജരാമരണങ്ങളില്‍നിന്ന് മുക്തി ലഭിക്കുവാന്‍വേണ്ടി എന്നെ ആശ്രയിച്ചുകൊണ്ടു യത്നിക്കുന്നവരാരോ, അവര്‍ ആ ബ്രഹ്മത്തേയും അദ്ധ്യാത്മതത്ത്വത്തേയും സര്‍വ്വകര്‍മ്മത്തേയും അറിയുന്നു.
അല്ലയോ പാര്‍ത്ഥ, ജനനമരണങ്ങളില്‍നിന്നു മോചനം നേടണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ഒരാളുടെ പ്രയത്നം, പരിപൂര്‍ണ്ണതയുടെ രസം ഇറ്റുവീഴുന്ന, ഈശ്വരസാക്ഷാത്കാരമെന്ന പക്വമായ കനി അവനു നേടിക്കൊടുക്കും. അവന്‍ അതു കൈവരിക്കുമ്പോള്‍ ജഗത്തുമുഴുവന്‍ ഉല്ലാസപ്രദമായിട്ട് അവന്‍ കാണുന്നു. അതോടെ ആത്മസാക്ഷാത്കാരത്തിന്റെ അഭിവാഞ്ഛ സഫലമാകുന്നു. ആ അനര്‍ഘനിമിഷത്തില്‍ പ്രപഞ്ചംമുഴുവന്‍ സാക്ഷാത്കാരത്തിന്റെ ആഹ്ളാദംകൊണ്ട് നിറയുകയും ആത്മദര്‍ശനം അത്ഭുതകരമായ പൂര്‍ണ്ണതയിലെത്തുകയും ചെയ്യുന്നു. അതോടെ പ്രവര്‍ത്തനത്തിനുള്ള പ്രേരണ ഇല്ലാതാവുകയും ചിത്തം ശാന്തമാവുകയും ചെയ്യുന്നു. അല്ലയോ ധനുര്‍ദ്ധര, ആത്മീയവ്യാപാരത്തിനുവേണ്ട മുഴുവന്‍ മൂലധനവും എന്നെതന്നെയാക്കി മുടക്കുന്നവന് പലിശയായിട്ടും ലാഭമായിട്ടും ആത്മജ്ഞാനവും സമദര്‍ശനവും ലഭിക്കുന്നു. സമദര്‍ശനം വികസിക്കുന്നതോടുകൂടി ദ്വൈതത്തിന്റെ നിര്‍ധനാവസ്ഥ അനുഭവിക്കേണ്ടി വരുന്നില്ലെന്നു മാത്രമല്ല, പരബ്രഹ്മവുമായുള്ള ഐക്യം എന്ന സമ്പത്തു ലഭ്യമാവുകയും ചെയ്യുന്നു.