ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

അദ്ധ്യായം എട്ട് : അക്ഷരബ്രഹ്മയോഗം
ശ്ലോകം 3

ശ്രീ ഭഗവാന്‍ ഉവാച:

അക്ഷരം ബ്രഹ്മ പരമം
സ്വഭാവോഽദ്ധ്യാത്മമുച്യതേ
ഭൂതഭാവോദ്ഭവകരോ
വിസര്‍ഗ്ഗഃ കര്‍മ്മസംജ്ഞിതഃ

നാശമില്ലാത്തതായും പരമാത്മാവായുമിരിക്കുന്ന വസ്തുവാണ് ബ്രഹ്മം. അതിന്റെ തന്നെ ജീവരൂപേണയുള്ള ഭാവം അദ്ധ്യാത്മമെന്നു പറയപ്പെടുന്നു. ഭൂതങ്ങളുടെ ഉത്പത്തിയേയും അഭിവൃദ്ധിയേയും ചെയ്യുന്ന യജ്ഞത്തിനു കര്‍മ്മം എന്നു പേര്‍ പറയുന്നു.

ഭഗവാന്‍ അരുള്‍ ചെയ്തു: പരബ്രഹ്മം സരന്ധ്രമായ ശരീരം മുഴുവനും നിറഞ്ഞിരിക്കുന്നുവെങ്കിലും അതു പുറത്തേക്ക് ഊറിവരുകയില്ല. ദുര്‍ഗ്രാഹ്യതയില്‍ അതു ശൂന്യതയ്ക്ക് സദൃശമാണെങ്കിലും സ്വഭാവത്തില്‍ വ്യത്യസ്തമാണ്. സൂക്ഷ്മാകാശത്തിന്റെ ഞൊറിവുകളില്‍കൂടി അരിച്ചെടുക്കാവുന്ന വിധത്തില്‍ അത്യന്തം സൂക്ഷ്മമാണത്. മൃദുവും നേരിയതും ആണെങ്കിലും അത് പ്രപഞ്ചവസ്ത്രങ്ങളില്‍ക്കൂടി ഇറ്റിയിറ്റി വീഴുകയോ, ബലമായി ഉലച്ചാല്‍പോലും ശരീരത്തില്‍ നിന്നു വെളിയിലേക്കു വരുകയോ ചെയ്യുകയില്ല. ബ്രഹ്മം അസ്പൃശ്യമാണ്. അത് ശാസ്ത്രീയമായ പ്രപഞ്ചവിജ്ഞാനത്തിന് എത്തിപ്പിടിക്കാന്‍ കഴിയുന്നതല്ല. ബ്രഹ്മം ഉരുത്തിരിഞ്ഞ് അസ്തിത്വം പ്രാപിക്കുമെങ്കിലും, നശിക്കുന്നതായ രൂപങ്ങള്‍ക്ക് ഉല്‍പത്തി മുതല്‍ ലയം വരെയുള്ള കാലഘട്ടത്തില്‍ ഉണ്ടാകുന്നതുപോലെയുള്ള അവസ്ഥാന്തരങ്ങളോ നാശമോ ഉണ്ടാകുന്നില്ല. ബ്രഹ്മം സ്വയംനിലനില്‍ക്കുന്നതും അനശ്വരവുമാണ്. അത് അതിന്റെ സഹജമായ അവസ്ഥയില്‍ എപ്പോഴും നിലനില്‍ക്കുമെങ്കിലും അഖണ്ഡമാണ്. ബ്രഹ്മത്തെപ്പറ്റിയുള്ള പരമമായ ഈ ജ്ഞാനമാണ് അദ്ധ്യാത്മജ്ഞാനം. ബ്രഹ്മ‌ത്തിന്റെ സ്വഭാവമായ ജീവന്‍ ഓരോ ശരീരത്തിലും ചൈതന്യമായിവര്‍ത്തിക്കുന്നു. അതിനാണ് അദ്ധ്യാത്മം എന്നു പറയുന്നത്.

നിര്‍മ്മലമായ ആകാശത്തില്‍ വിവിധവര്‍ണ്ണാങ്കിതമായ മേഘങ്ങള്‍ എവിടെനിന്നോ വന്നുനിറയുന്നത് എങ്ങനെയെന്ന് ആര്‍ക്കും അറിവില്ലാത്തതുപോലെ, നിരാകാരവും പരിശുദ്ധവുമായ ബ്രഹ്മത്തില്‍ , പ്രകൃതി, അഹങ്കാരം, വിവിധ മൂലതത്വങ്ങള്‍ തുടങ്ങിയവ ആവിര്‍ഭവിക്കുകയും അതു പ്രപഞ്ചമായി രൂപപ്പെടുകയും ചെയ്യുന്നു. അവ്യയമായ ബ്രഹ്മത്തിന്റെ ഊഷരക്ഷേത്രത്തില്‍ ‘ ഞാന്‍ പലതാകട്ടെ’ എന്നുള്ള മൂലസങ്കല്പത്തിന്റെ ബീജങ്ങള്‍ നിറഞ്ഞിരിക്കുന്നു. അവയ്ക്കെല്ലാം അങ്കുരങ്ങള്‍ ഉണ്ടായി ബ്രഹ്മത്തിന്റെ വിവിധരൂപങ്ങള്‍ പൊട്ടിമുളയ്ക്കുന്നു. ഈ ഗോളങ്ങള്‍ ഓരോന്നും ശ്രദ്ധാപൂര്‍വ്വം പരിശോധിച്ചാല്‍ ഇതില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന വ്യത്യസ്ഥരൂപങ്ങളിലെല്ലാം ഈശ്വരചൈതന്യം നിവേശിച്ചിരിക്കുന്നതായി കാണാം. എണ്ണമറ്റ ജീവജാലങ്ങള്‍ അതില്‍ പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ഈ ബ്രഹ്മാണ്ഡഗോളങ്ങളുടെ ഓരോ ഭാഗവും ‘ഞാന്‍ പലതാകട്ടെ’ എന്ന മൂലസങ്കല്പം ആവര്‍ത്തിക്കുകയും അങ്ങനെ ഈ പ്രപഞ്ചം സൃഷ്ടിയുടെ ഒരു പ്രളയം തന്നെ സൃഷ്ടിച്ച് നാനാപ്രകാശത്തില്‍ വളരുകയും വലുതാവുകയും ചെയ്യുന്നു. എന്നാല്‍ വിവിധതരത്തിലുള്ള ഈ സൃഷ്ടികളിലെല്ലാം രണ്ടാമതായിട്ടൊന്നില്ലാത്ത പരബ്രഹ്മം അധിവസിക്കുന്നു. സൃഷ്ടികളില്‍ കാണുന്ന സമത്വം അസമത്വം എങ്ങനെ ഉണ്ടായതാണെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ. സചേതനവും അചേതനവുമായ ഈ സൃഷ്ടികളെല്ലാം ലീലയാണെങ്കില്‍പോലും, വിവിധവര്‍ഗ്ഗത്തില്‍പ്പെട്ട അനേകലക്ഷം ജീവജാലങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നു. ഇതിന്റെ എണ്ണം എണ്ണമറ്റതാണ്. ഇതിന്റെയെല്ലാം ഉല്‍പത്തിയുടെ ഉറവിടം വെളിവാക്കപ്പെട്ടാല്‍ അതു ബ്രഹ്മമാണെന്നു മനസ്സിലാക്കാന്‍ കഴിയും. ഈ സൃഷ്ടിയുടെ ജനയിതാവിനേയോ, ഇതിന്റെ യുക്തിപൂര്‍വ്വകമായ അടിസ്ഥാനത്തേയോ അറിയാന്‍ കഴിയുന്നില്ല. എങ്കിലും സൃഷ്ടിയുടെ പ്രക്രിയ തുടര്‍ന്നുകൊണ്ടുതന്നേയിരിക്കുന്നു. ദൃഷ്ടി ഗോചരനായ ഒരു കാരണഭൂതനില്ലാതെ നാമങ്ങളും രൂപങ്ങളും നാം ദര്‍ശിക്കുന്നു. ഇപ്രകാരമുള്ള ഈ സൃഷ്ടിവ്യാപാരത്തിനു കര്‍മ്മമെന്നു പറയുന്നു. പ്രപഞ്ചഘടകങ്ങളെ ഉണ്ടാക്കികാണിക്കുന്ന ശക്തിചലനമാണ് കര്‍മ്മം.