ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
അദ്ധ്യായം എട്ട് : അക്ഷരബ്രഹ്മയോഗം
ശ്ലോകം 4
അധിഭൂതം ക്ഷരോ ഭാവഃ
പുരുഷശ്ചാധിദൈവതം
അധിയജ്ഞോഽഹമേവാത്ര
ദേഹേ ദേഹഭൃതാം വര.
അല്ലയോ അര്‍ജ്ജുനാ, നാശത്തെ പ്രാപിക്കുന്ന ദേഹാദിപദാര്‍ത്ഥങ്ങള്‍ അധിഭൂതമെന്നു പറയപ്പെടുന്നു. സൂര്യമണ്ഡലവര്‍ത്തിയായിരിക്കുന്ന വിരാട്പുരുഷന്‍ അധിദൈവതമെന്ന് അറിയപ്പെടുന്നു. ഈ ദേഹത്തില്‍ അന്തര്യാമിയായിരിക്കുന്ന ഞാന്‍തന്നെയാണ് അധിയജ്ഞന്‍ .
ഇനിയും അധിഭൂതം എന്താണെന്നു വിശദീകരിക്കാം. അത് നാം പ്രത്യക്ഷമായി കാണുകയും പിന്നീടു മറയുകയും ചെയ്യുന്ന കാര്‍മേഘങ്ങള്‍പോലെയാണ്. ഉണ്ടായി നശിക്കുന്ന ജഡഭാവമാണ് അധിഭൂതമെന്ന് അറിയപ്പെടുന്നത്. അതിനു യത്ഥാര്‍ത്ഥ നിലനില്പില്ല. പഞ്ചമഹാഭൂതങ്ങളുടെ സംയോഗംകൊണ്ടുണ്ടാകുന്നതാണ് അതിന്റെ അസ്ഥിത്വം. പഞ്ചമഹാഭൂതങ്ങളെ ആശ്രയിച്ചാണ് ഇതു നിലന്ല്‍ക്കുന്നത്. പഞ്ചമഹാഭൂതങ്ങളുടെ വിയോഗത്തോടുകൂടി ജഡം വിയോഗജിപ്പിക്കുകയും നശിക്കുകയും ചെയ്യുന്നു. അതോടുകൂടി നാമരൂപങ്ങള്‍ നാസ്തിത്വത്തില്‍ എത്തിച്ചേരുന്നു. അതാണ് അധിഭൂതം.
അറിവു നല്‍കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന, ശരീരത്തിലുള്ള ഓരോ സാമഗ്രിയുടേയും വൈഭവത്തിന്റെയും അധിപനായി, ജീവജാലങ്ങളില്‍ നിവസിക്കുന്ന ശക്തിയാണ് അധിദൈവതം. വിഷയേന്ദ്രിയങ്ങള്‍ , മനസ്സ്, ബുദ്ധി തുടങ്ങിവയുടെ അഗ്രാസനസ്ഥം വഹിക്കുന്ന ശക്തിയാണ് അധിദൈവതം. ഇതു കണ്ണിന്റെ കാഴ്ചശക്തി, കാതിന്റെ ശ്രവണശക്തി, മൂക്കിന്റെ ഘ്രാണശക്തി തുടങ്ങിയവയല്ലാതെ മറ്റൊന്നുമല്ല. ശരീരമാകുന്ന പുരുഷന്‍ തന്നെയാണ് അധിദൈവതം. ഇതു ബോധേന്ദ്രിയത്തിന്റെ കണ്ണുകളാണ്. മായയാകുന്ന പ്രകൃതി ജനിപ്പിക്കുന്ന എന്തും ഇതു ആസ്വദിക്കുന്നു. ഇതു അസ്തമയത്തില്‍ പക്ഷികള്‍ ചേക്കേറുന്ന വൃക്ഷം പോലെ, ഒരുവന്റെ മരണസമയത്ത് അവന്റെ അസ്തപ്രജ്ഞമായ ആഗ്രഹങ്ങള്‍ വിശ്രമിക്കുന്ന താവളസ്ഥലമാണ്. ഇതു പരമാത്മാവിന്റെ പ്രതിബിംബമല്ലാതെ മറ്റൊന്നുമല്ല. എന്നാല്‍ അഹംഭാവത്തിന്റെ നിദ്രയില്‍ അമര്‍ന്നിരിക്കുന്നതുകൊണ്ട് പ്രാപഞ്ചികവൃത്തികളില്‍ നിന്നുള്ള ആനന്ദവും ആതങ്കവും സ്വപ്നത്തിലെന്നപോലെയാണ് അനുഭവിക്കുന്നത്.
അല്ലയോ അര്‍ജുനാ, ശരീരത്തില്‍ അധിയജ്ഞഭാവത്തിലിരിക്കുന്നത് പരമാത്മാവായ ഞാന്‍ തന്നെയാണ്. അധിയജ്ഞം ശരീരത്തിലിരിക്കുന്ന ഇന്ദ്രിയങ്ങളെ സ്വാധീനപ്പെടുത്തുന്നു. യഥാര്‍ത്ഥത്തില്‍ അധിഭൂതവും അധിദൈവതവും പരബ്രഹ്മത്തിന്റെ ഭാഗംതന്നെയാണ്. സ്വര്‍ണ്ണം മറ്റു ലോഹങ്ങളുമായി കൂട്ടിക്കലര്‍ത്തിയതുകൊണ്ട് മാറ്റു കുറയുമെങ്കിലും സ്വര്‍ണ്ണമല്ലാതാകുമോ? അതുപോലെ അധിഭൂതവും അധിദൈവതവും അജ്ഞതയുടെ ആവരണത്താല്‍ ആച്ഛാദിതമാകുമ്പോള്‍ അവ എന്നില്‍ നിന്നു വ്യത്യസ്തമായിട്ടു കരുതപ്പെടുന്നു. ഈ തിരസ്കരണി മാറ്റുന്ന നിമിഷത്തില്‍ വ്യത്യാസം അപ്രത്യക്ഷമാവുകയും അവ ഞാനുമായി ഒന്നായിത്തീരുകയും ചെയ്യുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ അവ എന്നില്‍ നിന്നു വിഭിന്നമായിരുന്നുവോ? ഒരു സ്ഫടികക്കല്ല് മുടിയുടെ മുകളില്‍ വെച്ചാല്‍ അതു രണ്ടായി വിഭജിക്കപ്പെട്ടപോലെ കാണപ്പെടുന്നു. എന്നാല്‍ മുടിമാറ്റിക്കഴിയുമ്പോള്‍ സ്ഫടികത്തിലുണ്ടെന്നു തോന്നിയ പിളര്‍പ്പ് അപ്രത്യക്ഷമാകുന്നു. ഇതു രണ്ടു കഷണങ്ങള്‍ വിളക്കിച്ചേര്‍ത്തതാണെന്നു പറയാന്‍ കഴിയുമോ ? ഒന്നായിരുന്ന സ്ഫടികക്കല്ല് തലമുടിയുടെ സാന്നിദ്ധ്യം കൊണ്ടു രണ്ടായി പിളര്‍ന്നതായിട്ടു തോന്നുകയും തലമുടി ഇല്ലാതാകുമ്പോള്‍ പഴയതുപോലെ പിളര്‍പ്പില്ലാതെ ഏകമായി കാണപ്പെടുകയുമാണ് ചെയ്തത്. അതുപോലെ, അഹംഭാവം തിരോഭവിക്കുമ്പോള്‍ അവിടെത്തന്നെ ഉണ്ടായിരുന്ന അധിഭൂതം തുടങ്ങിയവയുടെ മൗലികമായ ഐക്യം വെളിവാകുന്നു. ഞാനാകുന്ന അധിയജ്ഞത്തില്‍ കൂടി ഈ ഐക്യം എപ്പോഴും ആവിര്‍ഭവിക്കുന്നു.
ബ്രഹ്മാനന്ദത്തിന്റെ ഏക ഉറവിടവും എല്ലാജീവികളുടേയും വിശ്രമത്താവളവുമായ ഞാനാണ്, കര്‍മ്മങ്ങളില്‍ നിന്നുമുണ്ടാകുന്ന എല്ലാആരാധനകളുടേയും യജ്ഞങ്ങളുടേയും ആഗ്രാസനസ്ഥനായ ദേവത. അതുമുമ്പുതന്നെ ഞാന്‍ നിന്നോടു പറഞ്ഞിട്ടുള്ളതാണ് യജ്ഞങ്ങള്‍ നടത്തുന്നതിന്റെ സമുചിതമായ മാര്‍ഗ്ഗം പരിത്യാഗമാകുന്ന വിറകുപയോഗിച്ച് ഇന്ദ്രിയങ്ങളെ എരിക്കുകയും ആ അഗ്നിയില്‍ കാമക്രോധമോഹാദികളാകുന്ന മനോവികാരങ്ങളെ ഹോമിക്കുകയും ചെയുകയാണ്. പ്രപഞ്ചമാണ് ആരാധനാസ്ഥലം ശരീരമാണു ദീപം. ആത്മനിയന്ത്രണമാണ് അഗ്നിയുടെ ആസ്ഥാനം. യോഗാനുഷ്ഠാനങ്ങളുടെ മന്ത്രോച്ചാരണം കൊണ്ട് ആ അഗ്നി പ്രകാശമാനമാക്കണം. ചിത്തത്തിന്റേയും പ്രാണന്റേയും നിയന്ത്രണം ധൂമരഹിതമായ ഉജ്ജ്വലമായ ജ്ഞാനപ്രകാശം സൃഷ്ടിക്കുന്നു. ഈ ജ്ഞാനത്തില്‍ എല്ലാം കത്തിക്കുമ്പോള്‍ , ഈ ആരാധനയില്‍നിന്ന് അവസാനം ശേഷിക്കുന്ന ഭസ്മം യഥാര്‍ത്ഥ ബ്രഹ്മരൂപമാണ്. ജ്ഞേയമായ പരമാത്മാജ്ഞാനമാണ് ശരിയായഅധിയജ്ഞം. ജ്ഞാനം മായയെ നശിപ്പിക്കുമ്പോള്‍ ജ്ഞാനം മാത്രം ശേഷിക്കുന്നു.
സര്‍വജ്ഞനായ ഭഗവാന്റെ വാക്കുകള്‍ ബുദ്ധിമാനായ അര്‍ജുനന്റെ മനസ്സില്‍ തറച്ചു. ഇതു മനസ്സിലാക്കിയ ഭഗവാന്‍ പറഞ്ഞു:
അര്‍ജുനാ, നീ തികച്ചും ശ്രദ്ധയോടെ കേട്ടിരിക്കുന്നു .
അര്‍ജുനനെ അനുമോദിച്ചുകൊണ്ടു ഭഗവാന്‍ പറഞ്ഞ വാക്കുകള്‍ അര്‍ജുനനന് അത്യധികം അഹ്ലാദമുണ്ടാക്കി. ഒരു മാതാവിനു തന്റെ ശിശു തൃപ്തിപ്പെടുമ്പോള്‍ മാത്രമേ സന്തോഷം തോന്നുകയുള്ളു. തന്റെ ശിഷ്യന്‍ എന്തങ്കിലും ഗ്രഹിക്കുമ്പോള്‍ മാത്രമേ ഒരു ഗുരുവിന് ആനന്ദം ഉണ്ടാവുകയുള്ളു. അതുപോലെ കൃഷ്ണന്റെ ഹൃദയം ഹര്‍ഷപുളകിതമായെങ്കിലും അതു പ്രകടിപ്പിച്ചാല്‍ അര്‍ജുനന്റെ മനസ്സിന് ഇളക്കം തട്ടുമെന്നു കരുതി ഭഗവാന്‍ അതു നിയന്ത്രിച്ചു.
പക്വമായ പരമാനന്ദത്തിന്റെ പരിമളം പോലെയും ശീതളമായ അമൃതവീചികള്‍പോലെയും മൃദുവും സരസവുമായ വാക്കുകളാല്‍ പാര്‍ത്ഥസാരഥി തുടര്‍ന്നു പറഞ്ഞു:
അല്ലയോ അര്‍ജുന, പാര്‍ത്ഥിവശ്രേഷ്ടനായ യോദ്ധാവേ, ശ്രദ്ധിച്ചാലും.