ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
അദ്ധ്യായം എട്ട് : അക്ഷരബ്രഹ്മയോഗം
ശ്ലോകം 5
അന്തകാലേ ച മാമേവ
സ്മരന്‍ മുക്ത്വാ കളേബരം
യഃ പ്രയാതി സ മദ്ഭാവം
യാതി നാസ്ത്യത്ര സംശയഃ
മരണകാലത്തില്‍ എന്നെ തന്നെ വിചാരിച്ചുകൊണ്ടു ദേഹത്തെ വിട്ടുപോകുന്നവനാരോ, അവന്‍ എന്റെ സ്വരൂപത്തെ പ്രാപിക്കുന്നു. ഈ കാര്യത്തില്‍ സംശയം ഇല്ല.
അധിയജ്ഞം എന്നറിയപ്പെടുന്നതിനെപ്പറ്റിയാണ് ഞാന്‍ ഇതുവരെ നിന്നോടു പറഞ്ഞത്. ഞാന്‍ തന്നെയാണ് അധിയജ്ഞമെന്ന് അദ്യം മുതല്‍ അവസാനം വരെ അറിയുന്നവര്‍ ശരീരത്തെ ഒരു കഞ്ചുകമായി കരുതികൊണ്ട് അവരുടെ സഹജസ്വരൂപമായ ആത്മാവിനെ കൈവരിക്കുന്നു. ഒരു വീടിനുള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന അന്തരീക്ഷം പുറത്തുള്ള അന്തരീക്ഷം തന്നെ ആയിരിക്കുന്നതു പോലെ ആത്മസാക്ഷാത്കാരമാകുന്ന ഗൃഹത്തിനുള്ളിലെ അദ്ധ്യവസായമാകുന്ന അറയ്കക്കകത്ത് അവര്‍ നിദ്രകൊള്ളുന്നു. പുറം ലോകത്തെപ്പറ്റി യാതൊന്നും അവരുടെ സ്മൃതിപഥത്തിലെത്തുന്നില്ല. ഞാനുമായി താദാത്മ്യം പ്രാപിച്ചുകൊണ്ട് അവര്‍ ഞാന്‍ തന്നെയായിത്തീരുന്നു. ആ അവസരത്തില്‍ പഞ്ചഭൂതങ്ങളാകുന്ന അവരുടെ പുറംചട്ട അവരറിയാതെ തന്നെ പൊഴിഞ്ഞുവീഴുന്നു. ജീവിച്ചിരിക്കുമ്പോള്‍പോലും ദേഹചിന്തയില്ലാത്ത ഒരുവന് അതു വെടിയുമ്പോള്‍ എങ്ങനെയാണ് ക്ലേശമുണ്ടാകുന്നത് ? ആകയാല്‍ ആത്മസാക്ഷാത്കാരം ലഭിച്ച ഒരുവനു മരണസമയത്ത് യാതൊരു വിധത്തിലുമുള്ള ദുഃഖാനുഭവവും ഉണ്ടാകുന്നില്ല. അവന്റെ അന്തഃകരണശുദ്ധി നിത്യതയുടെ ചട്ടക്കൂട്ടില്‍ , ഏകത്വത്തിന്റെ മൂശയില്‍ വാര്‍ത്തെടുത്തതാണ്. തന്മുലം അതു ഞാനുമായുള്ള അഖണ്ഡത്വമാകുന്ന അര്‍ണ്ണവത്തില്‍ ആറാടിയതാണ്. വീണ്ടും അത് ഒരിക്കലും മലിനമാകുകയില്ല. ഒരു കുടം ജലത്തില്‍ താഴ്ത്തിയാല്‍ അതികത്തും പുറത്തും ജലമുണ്ടാകും. ആ കുടം യാദൃച്ഛികമായി ഉടഞ്ഞാല്‍ ജലം ഛിന്നഭിന്നമാകുമോ? ഒരു പാമ്പ് പടം പൊഴിച്ചാല്‍ മറ്റൊരു പാമ്പാകുമോ? അതുപോലെ ബാഹ്യമായ രൂപം നശിച്ചാലും ആത്മാവ് നശിക്കാതെ നിലനില്‍ക്കുന്നു. ഈ അവസ്ഥ അറിയുന്ന ഒരുവന് എങ്ങനെയാണ് മനസ്സിന്റെ ശാന്തത ഭഞ്ജിക്കപ്പെടുന്നത് ? ആകയാല്‍ മരണസമയത്ത് എന്നെ അറിയുന്നവന്‍ അവന്റെ ശരീരം ഉപേക്ഷിച്ച് ഞാനുമായി താദാത്മ്യം പ്രാപിക്കുന്നു.