ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
അദ്ധ്യായം എട്ട് : അക്ഷരബ്രഹ്മയോഗം
ശ്ലോകം 11
യദക്ഷരം വേദവിദോ വദന്തി
വിശന്തി യദ്യതയോ വീതരാഗാ
യദിച്ഛന്തോ ബ്രഹ്മചര്യം ചരന്തി
തത്തേ പദം സംഗ്രഹേണ പ്രവക്ഷ്യേ.
വേദാര്‍ത്ഥങ്ങളെ അറിഞ്ഞിട്ടുള്ളവര്‍ യാതൊന്നിനെ നാശമില്ലാത്തതെന്നു പറയുന്നുവോ, കാമക്രോധങ്ങളെ വിട്ടിരിക്കുന്ന സന്യാസിമാര്‍ യാതൊന്നിനെ പ്രാപിക്കുന്നുവോ, ആ സ്ഥാനത്തെ സംക്ഷേപമായി ഞാന്‍ നിനക്കു പറഞ്ഞു തരാം.
ഉണ്ടാവാനുള്ള എല്ലാറ്റിന്റേയും, ഉണ്ടായിട്ടുള്ള എല്ലാറ്റിന്റേയും, പരമാവസരത്തില്‍ ഉണ്ടാകുന്ന അറിവിന്റെ പൂര്‍ത്തീകരണമായ വിജ്ഞാനഖനി തന്നെ ആയിത്തീര്‍ന്നിട്ടുള്ള അഭിജ്ഞന്മാര്‍, പരിപൂര്‍ണധാരണയോടെ അതിനെ, നാശമില്ലാത്തത് (അക്ഷരം) എന്നു വിളിക്കുന്നു.
ഉഗ്രമായ ഒരു കൊടുങ്കാറ്റിന് ഛീന്നഭിന്നമാക്കാന്‍ കഴിയാത്തതാണ് യഥാര്‍ത്ഥവാനം. അഥവാ മറ്റുവിധത്തില്‍ പറഞ്ഞാല്‍, കാര്‍മേഘങ്ങള്‍ക്ക്, ശിഥിലമാകാതെ കൊടുങ്കാറ്റിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുകയില്ല. അതുപോലെ ബുദ്ധികൊണ്ട് അറിയാവുന്നതും പരിമണം നിരൂപിക്കാവുന്നതുമായ എന്തും നശ്വരമാണ്. ബുദ്ധിക്ക് അഗോചരമായതും അഗ്രാഹ്യമായതും അനശ്വരമാണ്. ആകയാല്‍ അക്ഷരമെന്നു വേദസാരം ഗ്രഹിച്ചിട്ടുള്ളവര്‍ പറയുന്നത് പരബ്രഹ്മത്തെപ്പറ്റിയാണ്… അത് പ്രകൃതിക്ക് അതീതമാണ്; അജ്ഞാതവുമാണ്. ദോഷഭൂയിഷ്ഠമായ ഇന്ദ്രിയ വിഷയങ്ങളെ വിഷമെന്നപോലെ മനസ്സില്‍ നിന്നൊഴിവാക്കി, ഇന്ദ്രിയങ്ങളെ ജയിച്ച്, ഐഹികബന്ധങ്ങളെ ത്യജിച്ചിട്ട്, ശരീരമാകുന്ന വ്യക്ഷത്തിന്റെ തണലില്‍ നിശ്ശേഷം വിരക്തരായിരിക്കുന്ന തപസ്വികള്‍, ഇതിനെ പ്രാപിക്കാനായി അനവരതം കാത്തിരിക്കുന്നു. സ്ഥിതപ്രജ്ഞര്‍ ഇതിനെ അഗാധമായി സ്നേഹിക്കുന്നു. യാതൊരാഗ്രഹങ്ങളും മനസ്സില്‍ ശേഷിച്ചിട്ടില്ലാത്തവര്‍ പോലും ഇതു കരഗതമാക്കാന്‍ അഭിലഷിക്കുന്നു. ഈസ്ഥിതി കൈവരിക്കുന്നതിനുള്ള ഉല്‍ക്കടമായ അഭിവാഞ്ഛയോടെ, സത്യാന്വേഷികള്‍ ബ്രഹ്മചര്യത്തിന്റെ ദുര്‍ഘടമായ വ്രതങ്ങള്‍ അനുഷ്ഠിച്ച്, ഇന്ദ്രിയങ്ങളെ നിഷ്കരുണം നിയന്ത്രിക്കുന്നു.
നന്മയുടെ അത്യുന്നതമായ ഈ അവസ്ഥയെ ഗ്രഹിക്കുകയും അവിടെ എത്തിച്ചേരുകയും ചെയ്യുക വളരെ ദുഷ്കരമാണ്. അനശ്വരവും അപ്രമേയവുമായ ഈ മാഹാത്മ്യത്തിന്റെ പ്രാന്തത്തില്‍ വേദങ്ങള്‍പോലും വിനയാന്വിതരാകുന്നു. മരണവേളയില്‍ എന്നെ ധ്യാനിക്കുന്നവര്‍ ഈ അവസ്ഥ കൈവരിക്കുന്നു. അര്‍ജുനാ ഒരിക്കല്‍ക്കൂടി ഞാന്‍ ഇതെപ്പറ്റി പറയാം.
അപ്പോള്‍ അര്‍ജുനന്‍ പറഞ്ഞുഃ ദേവാ, ഞാന്‍ ഇതേപ്പറ്റി അങ്ങയോടു സംസാരിക്കാന്‍ ഭാവിക്കയായിരുന്നു. എന്നാല്‍ അങ്ങു തന്നെ എന്നോടു കരുണ കാണിച്ചിരിക്കുന്നു. ദയവായി പറഞ്ഞാലും. പക്ഷേ ലളിതമായി പറയണമെന്ന് എനിക്കു പ്രത്യേകം അപേക്ഷയുണ്ട്.
എനിക്കു നിന്നെ ശരിക്കും അറിഞ്ഞുകുടേ? ഞാന്‍ പറയാം. ശ്രദ്ധിച്ചു കേള്‍ക്കുക.
ഭഗവാന്‍ വീണ്ടും പറഞ്ഞു തുടങ്ങി.