ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

അദ്ധ്യായം എട്ട് : അക്ഷരബ്രഹ്മയോഗം
ശ്ലോകം 23

യത്ര കാലേ ത്വനാവൃത്തി-
മാവൃത്തിം ചൈവ യോഗിനഃ
പ്രയാതാ യാന്തി തം കാലം
വക്ഷ്യാമി ഭരതര്‍ഷഭ.

അല്ലയോ അര്‍ജ്ജുന, ഏതു കാലത്തില്‍ ദേഹത്തെ ത്യജിച്ചു പോകുന്ന യോഗികള്‍ പുനര്‍ജന്മത്തെ പ്രാപിക്കുന്നില്ലയോ, അപ്രകാരംതന്നെ ഏതുകാലത്തില്‍ ദേഹത്യാഗം ചെയ്തുപോകുന്നവര്‍ പുനര്‍ജന്മത്തെ പ്രാപിക്കുന്നുവോ, കാലത്തെപ്പറ്റി ഞാന്‍ പറയാം.

ഒരു യോഗി ദേഹം കൈവെടിയുന്ന സമയം അറിഞ്ഞാല്‍ അയാള്‍ മരണാനന്തരം എവിടെയാണ് എത്തിച്ചേര്‍ന്നതെന്ന് അനായാസേന ഗ്രഹിക്കാന്‍ കഴിയും. ചിലപ്പോള്‍ അശുഭമായ കാലത്തു ചിലര്‍ ദേഹം വെടിയാന്‍ ഇടയാകുന്നു അങ്ങനെയുള്ളവര്‍ വീണ്ടും ജന്മം എടുക്കേണ്ടി വരുന്നു. എന്നാല്‍ പുണ്യകാലത്തു മരിക്കാന്‍ ഇടയാകുന്നവര്‍ ബ്രഹ്മവുമായി ഒന്നുചേരുന്നു. തന്മൂലം തിരിച്ചുവരവും വരാതിരിക്കലും മരണസമയത്തെ ആശ്രയിച്ചിരിക്കുന്നു. സാന്ദര്‍ഭികമായി ശുഭമായ മരണസമയത്തെക്കുറിച്ച് ഞാന്‍ നിന്നോടു പറയാം. അല്ലയോ യോദ്ധാവേ, മരണം ആസന്നമാകുമ്പോള്‍ ബുദ്ധിമാന്ദ്യം നുഴഞ്ഞുകയറുന്നു. എങ്കിലും ഒരു സത്യാന്വേഷിയുടെ കാര്യത്തില്‍ ബുദ്ധിക്കു പരിഭ്രാന്തിയോ, ഓര്‍മ്മയ്ക്കു മങ്ങലോ, മനസ്സിനു നാശമോ സംഭവിക്കുന്നില്ല. ഇപ്രകാരം ശാരീരികമല്ലാത്ത ഈ ഇന്ദ്രിയജ്ഞാനം അനാമയമായി നിലനില്‍ക്കുന്നത് ഒരിക്കലെങ്കിലും ബ്രഹ്മത്തിന്റെ അവസ്ഥ അനുഭവിച്ചറിഞ്ഞതുകൊണ്ടാണ്. എന്നാല്‍ ഈ ബോധേന്ദ്രിയങ്ങള്‍ മരണംവരെ ജാഗ്രതയായി തുടരണമെങ്കില്‍ ശരീരത്തിനുള്ളിലെ അഗ്നി എരിയുന്നുണ്ടായിരിക്കണം. വെള്ളമോ കാറ്റോ വിളക്കു കെടുത്തിയാല്‍, ഏറ്റവും കാഴ്ചശക്തിയുള്ള കണ്ണിനുപോലും ഇരുട്ടില്‍ ഒന്നും കാണാന്‍ സാധ്യമല്ല. മരണസമയത്തു വായുവും കഫവും ക്രമാതീതമായി ശരീരത്തെ ആക്രമിക്കുമ്പോള്‍ ശരീരത്തിലുള്ള അഗ്നിയുടെ ചൂട് നഷ്ടപ്പെടുന്നു. പ്രാണനു ജീവനില്ലാതിരിക്കുമ്പോള്‍ ബുദ്ധിക്ക് എന്തുചെയ്യാന്‍ കഴിയും? ആകയാല്‍ ശരീരത്തിനു ചൂടില്ലാതെ ചേതനത്വം അതില്‍ നിലനില്‍ക്കുകയില്ല. ശരീരത്തില്‍ നിന്നു ചൂടു വിട്ടുമാറിയാല്‍ പിന്നീടത് കുതിര്‍ന്ന കളിമണ്ണിന്റെ ഒരു പിണ്ഡം മാത്രമാണ്. ഈ അവസ്ഥയില്‍ ആത്മാവു നിസ്സഹായനായി അന്ധകാരത്തില്‍ കിടന്നുഴലുന്നു. അങ്ങനെയുള്ള സന്ദര്‍ഭത്തില്‍ എങ്ങനെയാണ് ഒരുവന്‍ തന്റെ പൂര്‍വ്വകാല യോഗാനുഷ്ഠാനങ്ങളെപ്പറ്റി സ്മരിക്കുകയും, മരണശേഷം ബ്രഹ്മാവുമായി ഐക്യം പ്രാപിക്കുകയും ചെയ്യുക ? അപ്പോള്‍ അവന്റെ ചേതനത്വം കഫത്തിന്റെ ചെളിക്കുണ്ടില്‍ പതിച്ച് ഇല്ലാതാവുകയും പഴയതും പുതിയതുമായ എല്ലാ ഓര്‍മകളും നശിക്കുകയും ചെയ്യുന്നു. അങ്ങനെ നിധി കണ്ടെത്തുന്നതിനുമുമ്പുതന്നെ കൈയ്യിലിരുന്ന വിളക്ക് അണഞ്ഞുപോയവനെപ്പോലെ, മരണത്തിനു മുമ്പുതന്നെ അവന്റെ എല്ലാ യോഗബലവും ക്ഷയിച്ചുപോകുന്നു. മരണസമയത്തുള്ള എല്ലാ ശക്തിയുടേയും ഉറവിടം ഈ അഗ്നിയാണ്.