ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

അദ്ധ്യായം ഒന്‍പത് : രാജവിദ്യാരാജഗുഹ്യയോഗം
ശ്ലോകം 6

യഥാകാശസ്ഥിതോ നിത്യം
വായുഃ സര്‍വ്വത്രഗോ മഹാന്‍
തഥാ സര്‍വ്വാണി ഭൂതാനി
മത്സ്ഥാനീത്യുപധാരയ

എങ്ങും നിറഞ്ഞുനില്‍ക്കുന്നതും എങ്ങോട്ടും ചലിച്ചുമാറാന്‍ കഴിവുള്ളതുമായ വായു എപ്രകാരമാണോ ആകാശത്തില്‍ സ്ഥിതിചെയ്യുന്നത്, അതുപോലെ എല്ലാ പ്രപഞ്ചഘടങ്ങളും എന്നില്‍ സ്ഥിതിചെയ്യുന്നുവെന്ന് അറിഞ്ഞാലും.

വാനില്‍ നിറഞ്ഞു നില്‍ക്കുന്ന വായു വിശാലമായ വാനത്തോളം വ്യാപിച്ചു കിടക്കുമെങ്കിലും അതു ചലിക്കുമ്പോള്‍ മാത്രമേ അതിന്റെ സാന്നിദ്ധ്യം പ്രകടമാകുന്നുള്ളു. അല്ലാത്തപക്ഷം വാനവും വായുവും ഒന്നുതന്നെയാണ്. അതുപോലെ എല്ലാ ഭൂതങ്ങളും എന്നില്‍ സ്ഥിതിചെയ്യുന്നുവെന്നുള്ള തോന്നല്‍ മിഥ്യബോധം കൊണ്ടു മാത്രമാണ്. ഈ മിഥ്യാബോധം മറയുമ്പോള്‍, എവിടെയും ഞാനല്ലാതെ മറ്റൊന്നും ശേഷ്ക്കുന്നില്ല. ആകയാല്‍ യഥാര്‍ത്ഥ വസ്തുവെന്നും അയഥാര്‍ത്ഥ വസ്തുവെന്നും പറയുന്നത് ഭാവനയുടെ സൃഷ്ടി മാത്രമാണ്. ഈ മാനസസൃഷ്ടിയുടെ ഉറവിടമായ അജ്ഞാനം നശിക്കുമ്പോള്‍, ഈ സൃഷ്ടികള്‍ പ്രത്യക്ഷപ്പെട്ടുവെന്നും അപ്രത്യക്ഷപ്പെട്ടുമെന്നുമുള്ള ആശയംതന്നെ ഇല്ലാതാകും. ആകയാല്‍ ദിവ്യമായ ഐശ്വര്യയോഗം എന്താണെന്നു നീ മനസ്സിലാക്കണം. ഐശ്വര്യയോഗം യഥാര്‍ത്ഥത്തില്‍ ബ്രഹ്മം തന്നെയാണ്. നീ അനുഭവത്തിന്റെയും അറിവിന്റെയും വിശാലമായ സാഗരപ്പരപ്പില്‍ ഒരു കല്ലോലമായിത്തീരണം. അപ്പോള്‍ സര്‍വവ്യാപിയായ ആത്മാവാണ് നീയെന്ന് നിനക്കു ബോധ്യമാകും.

ഭഗവാന്‍ തുടര്‍ന്നു: ഞാന്‍ വീണ്ടും നിന്നോടു ചോദിക്കട്ടെ. നീ യഥാര്‍ത്ഥജ്ഞാനംകൊണ്ടു പ്രബുദ്ധനായിരിക്കുന്നു. ഇപ്പൊഴെങ്കിലും നീ കാണുന്ന ദ്വന്ദ്വഭാവം ഒരു സ്വപ്നമെന്നപോലെ അയഥാര്‍ത്ഥമായിട്ട് നിനക്ക് തോന്നുന്നുണ്ടോ? നിന്റെ ബുദ്ധിക്കു വീണ്ടും ആലസ്യം സംഭവിച്ചാല്‍ അഭേദബുദ്ധിയെപ്പറ്റി നിനക്കു ലഭിച്ചിട്ടുള്ള ജ്ഞാനം നഷ്ടപ്പെടുന്നതിനും നീ വീണ്ടും ദ്വന്ദ്വത്തിന്റെ സ്വപ്നലോകത്തില്‍ പതിക്കുന്നതിനും ഇടയാകും. അജ്ഞാനമാകുന്ന ബോധക്ഷയത്തെ തരണംചെയ്ത് പവിത്രമായ ആത്മജ്ഞാനം കൈവരിക്കുന്നതിനുള്ള രഹസ്യം ഞാന്‍ ഇപ്പോള്‍ നിനക്കു വെളിപ്പെടുത്തിത്തരാം. അതുകൊണ്ട് അല്ലയോ ധനുര്‍ദ്ധര, ശ്രദ്ധിക്കുക സര്‍വഭൂതങ്ങളേയും ഉണ്ടാക്കുന്നതും നശിപ്പിക്കുന്നതും മായയാണ്.