ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്‍പത് രാജവിദ്യാരാജഗുഹ്യയോഗം ശ്ലോകം 14

സതതം കീര്‍ത്തയന്തോ മാം
യതന്തശ്ച ദൃഢവ്രതാഃ
നമസ്യന്തശ്ച മാം ഭക്ത്യാ
നിത്യയുക്താ ഉപാസതേ.

ഭഗവല്‍ പ്രാപ്തിയെന്ന ലക്ഷ്യത്തില്‍ ഉറപ്പുവന്നവര്‍ സദാ സ്തോത്രാമന്ത്രദികള്‍കൊണ്ട് കീര്‍ത്തനം ചെയ്തും ദൃഢവ്രതങ്ങള്‍ അനുഷ്ഠിച്ചും ഇന്ദ്രിയ മനസ്സുകളെ വശത്താക്കി സ്വധര്‍മ്മമനുഷ്ഠിച്ചും എന്നെ ഭക്തിയോടുകൂടി നമസ്കരിച്ചും പരമപ്രേമത്തോടുകൂടി എന്നെ ഭജിക്കുന്നു.

ഇപ്രകാരമുളള ഭക്തന്മാര്‍ പരിപാവനമായ കഥകള്‍ പറഞ്ഞും എന്നെ സ്തുതിച്ച് ഗീതങ്ങള്‍ പാടി ആനന്ദനൃത്തം ചെയ്തും കഴിച്ചുകൂട്ടുന്നതിനാല്‍ പശ്ചാത്തപിക്കാനിടയാകുന്ന യാതൊരു പ്രവൃത്തിയും അവരുടെ സ്മരണയില്‍പോലും എത്തുന്നില്ല. പാപത്തെപ്പറ്റി പറയുന്നതുതന്നെ അസ്ഥാനത്താണ്. അവര്‍ക്ക് ഇന്ദ്രിയനിഗ്രഹവും മനോനിയന്ത്രണവും ആവശ്യത്തിലും കവിഞ്ഞുണ്ട്. പുണ്യതീര്‍ത്ഥങ്ങള്‍ സന്ദര്‍ശിക്കേണ്ട ആവശ്യം അവര്‍ക്കില്ല. ‘ഞങ്ങള്‍ക്കു കഴുകിക്കളയാന്‍ എന്തുപാപമാണ് അവരിലുളളത്’ എന്നാണ് പുണ്യതീര്‍ത്ഥങ്ങളുടെ ചോദ്യം. എന്‍റെ നാമം ഉച്ചത്തില്‍ ആലപിക്കുന്നതുകൊണ്ട് എന്‍റെ ഭക്തന്മാര്‍ എല്ലാവരുടേയും കഷ്ടാപ്പാടുകളെയകറ്റി ലോകത്തെയൊട്ടാകെ പരമാനന്ദം കൊണ്ട് നിറയ്ക്കുന്നു. പുലരിക്കുമുമ്പുത്തന്നെ അവര്‍ പ്രകാശം പരത്തുന്നു. അമൃതില്ലാതെതന്നെ അമരത്വം നല്‍ക്കുന്നു. യോഗാനുഷ്ഠാനങ്ങളില്ലാതെ തന്നെ ഈശ്വരദര്‍ശനം കൊടുക്കുന്നു. രാജാവിനേയും ഭിക്ഷുവിനേയും അവര്‍ ഒരുപോലെ തന്നെ ബഹുമാനിക്കുന്നു. ഉയര്‍ന്നവനെന്നും താണവനെന്നുമുളള വ്യത്യസം അവര്‍ക്കില്ല. അവര്‍ പ്രപഞ്ചത്തിനൊട്ടാകെ ആനന്ദം നല്‍കുന്ന സ്രോതസ്സാണ്. വളരെ അപൂര്‍വ്വമായിട്ടു മാത്രമേ ഒരുവന്‍ വൈകുണ്ഠത്തിലെത്തുകയുളളൂ. എന്നാല്‍ ഇവര്‍ ലോകമാസകലം യഥാര്‍ത്ഥ വൈകുണ്ഠമാക്കി മാറ്റിയിരിക്കുകയാണ്. എന്‍റെ നാമം ഉരുവിട്ട് അവര്‍ ലോകം മുഴുവന്‍ പവിത്രമാക്കിയിരിക്കുന്നു. അവര്‍ പ്രഭാകരനെപ്പോലെ പ്രഭചൊരിയുന്നു.എന്നാല്‍ അരുണനെപ്പോലെ അസ്തമിക്കുകയില്ല. പൂര്‍ണ്ണേന്ദു ചിലപ്പോള്‍ മാത്രമേ ഉണ്ടാകാറുളളു.എന്നാല്‍ എന്‍റെ ഭക്തന്മാര്‍ എന്നും പരിപൂര്‍ണ്ണരാണ്. ഉദാരമതികളായ മുകിലുകള്‍ ഉപകാരികളാണെങ്കിലും അവ അപ്രത്യക്ഷമാകുന്നതുകൊണ്ട് അവയെ എന്‍റെ ഭക്തന്മാരോട് ഉപമിക്കാനാവില്ല. എന്‍റെ ഭക്തന്മാര്‍ നിസ്സംശയം പഞ്ചമുഖനെപ്പോലെ പരമകാരുണികരാണ്. എന്‍റെ നാമം ഒരിക്കല്‍ ഉച്ചരിക്കുന്നതിനുപ്പോലും ഒരുവന്‍ ആയിരക്കണക്കിനു ജന്മം എടുക്കേണ്ടതായിട്ടുണ്ട്. എന്നാല്‍ എന്‍റെ ഭക്തന്മാരുടെ വാഗ്ധോരണിയില്‍ എന്‍റെ നാമം ആമോദത്തോടെ നൃത്തം വയ്ക്കുന്നു. ഞാന്‍ സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നില്ല. എന്നെ സൂര്യബിംബത്തിന്‍റെ പരിവേഷത്തിലും കാണുകയില്ല. ഞാന്‍ യോഗികളുടെ മനസ്സിനെപ്പോലും അതിക്രമിച്ചു കടക്കുന്നു. എങ്കിലും എന്‍റെ നാമം അനവരതം ഉച്ചത്തില്‍ ഉരുവിടുന്നവരുടെ ഉടജത്തില്‍ എന്നെ കണ്ടെത്താം. എന്‍റെ ഗുണങ്ങളെ പ്രകീര്‍ത്തിച്ച് ആലാപനം നടത്തുന്ന അവര്‍ എത്രമാത്രം സന്തുഷടരാണെന്നോ? കാലവും സ്ഥലവും മറന്ന് സ്തുതിഗീതങ്ങളില്‍ നിമഗ്നരാകുന്ന അവര്‍ ആന്തരികമായ ആനന്ദം ആനുഭവിക്കുന്നു. അവര്‍ ആനന്ദതുന്ദിലരായി കൃഷ്ണ, ഗോവിന്ദ, വിഷ്ണു, ഹരി എന്നു തുടങ്ങിയ എന്‍റെ നാമങ്ങള്‍ ആവര്‍ത്തിച്ചു ചൊല്ലുന്നു. അവര്‍ എന്‍റെ ദിവ്യമായ പൊരുളിനെക്കുനിച്ച് വെളിച്ചം വീശുന്ന ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നു. എന്നെ പുകഴ്ത്തി കീര്‍ത്തനങ്ങള്‍ പാടിക്കൊണ്ട് അവര്‍ ലോകമെല്ലാം ചുറ്റുന്നു.

ഇനിയും മറ്റു ചിലരുണ്ട്. അല്ലയോ അര്‍ജ്ജുന, അവര്‍ വളരെ ക്ലേശത്തോടെ മനസ്സിന്‍റേയും പഞ്ചപ്രാണങ്ങളുടേയും മേല്‍ പരിപൂര്‍ണ്ണമായ ആധിപത്യം കൈവരിക്കുന്നു. മനസ്സിനെ ഒരു വഴികാട്ടിയായി എടുത്തുകൊണ്ട്, യമനിയമാദികളുടെ സഹായത്തോടെ ബാഹേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അതിര്‍ത്തി നിര്‍ണ്ണയിച്ച് അതിനുളളില്‍ വജ്രാസനത്തിന്‍റെ ഭിത്തി നിര്‍മ്മിച്ച് അതിന്‍മേല്‍ ശ്വസനിയന്ത്രണമാകുന്ന പീരങ്കി ഉറപ്പിക്കുന്നു. ഈ അവസ്ഥയില്‍ കുണ്ഡലിനിശക്തിയുടെ വെളിച്ചത്തില്‍, മനസ്സിന്‍റേയും പ്രാണന്‍റേയും ആനുകൂല്യത്തോടെ ആത്മാവിനെപ്പറ്റിയുളള അറിവാകുന്ന അമൃത് ഒരു വശത്തേയ്ക്ക് ചരിയുന്നു. അപ്പോള്‍ ഏകാഗ്രതയും ഇന്ദ്രിയങ്ങളെ അതിന്‍റെ വിഷയങ്ങളില്‍ നിന്നുളള പിന്‍വലിക്കലും അതിന്‍റെ പരമകാഷ്ഠയിലെത്തുന്നു. അതോടെ മാനസികമായ എല്ലാ സംക്ഷോഭങ്ങളും നീചമായ ആഗ്രഹങ്ങളും അവസാനിക്കുന്നു. ധാരണയാകുന്ന അശ്വസേനപ്പുറത്തു കയറിയ യോഗി മുന്നോട്ടു പാഞ്ഞ് പഞ്ചഭൂതങ്ങളോടൊപ്പം സങ്കല്‍പ്പങ്ങളാകുന്ന ചതുരംഗപ്പടയേയും നശിപ്പിക്കുന്നു. അതിനുശേഷം അവന്‍ ധ്യാനമാകുന്ന പെരുമ്പറകൊട്ടിക്കൊണ്ട് വിജയഭേരി മുഴക്കുകയും ‘വിജയം കൈവരിച്ചിരിക്കുന്നു’ എന്ന് ഉദ്ഘോഷിക്കുകയും ചെയ്യുന്നു.അപ്പോള്‍ അവന്‍റെ തലയ്ക്കു മുകളില്‍ ബ്രഹ്മൈക്യമാകുന്ന തിളക്കമാര്‍ന്ന വെണ്‍കൊറ്റക്കുട പരിലസിക്കുന്നു. അവസാനമായി സമാധിയുടെ മാഹാത്മ്യം കൊണ്ട് പ്രഭാപൂരിതമായ ആത്മസാക്ഷാല്‍ക്കാരത്തിന്‍റെ സിംഹാസനത്തില്‍ ഞാനുമായി താദാത്മ്യം പ്രാപിച്ച യോഗിയുടെ കിരീടധാരണം നടക്കുന്നു. അല്ലയോ അര്‍ജ്ജുന, ചിലര്‍ എന്നെ ഇപ്രകാരം ക്ലേശകരമായ അഷ്ടാംഗയോഗം കൊണ്ട് ആരാധിക്കുന്നു.

ഇനിയും മറ്റു ചില ഭക്തന്മാര്‍ എന്നെ എങ്ങനെയാണ് ആരാധിക്കുന്നതെന്നു പറയാം. വസ്ത്രത്തിന്‍റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ നൂല് വ്യാപിച്ചിരിക്കുന്നതുപോലെ ലോകത്തുളള എല്ലാ ചരാചരങ്ങളിലും ഞാന്‍ വ്യാപിച്ചിരിക്കുന്നുവെന്ന് അവര്‍ക്കറിയാം. അവര്‍ ബ്രഹ്മാവുമുതല്‍ കൊതുകുവരെയുളള എല്ലാറ്റിലും എന്നെ ദര്‍ശിക്കുന്നു. ഉയര്‍ന്നതെന്നോ താഴ്ന്നതെന്നോ ചൈതന്യമുളളതെന്നോ ഇല്ലാത്തവനെന്നോ ഉളള വിവേചനം കൂടാതെ തങ്ങളുടെ വലിപ്പത്തെ വിസ്മരിച്ചിട്ട് ഏറ്റവും ഭക്തിയോടെ അവര്‍ എല്ലാ ജീവജാലങ്ങളെയും വണങ്ങുന്നു. യോഗ്യതയുണ്ടോ ഇല്ലയോ എന്നു ചിന്തിക്കാതെ എല്ലാ ജീവജാലങ്ങളേയും ഒരുപോലെ കരുതി,സാഷ്ടാംഗപ്രണാമം ചെയ്യാന്‍ അവര്‍ ആഗ്രഹിക്കുന്നു. ഉയരത്തില്‍ നിന്നു വീഴുന്ന ജലം അനായാസമായി താഴേക്ക് ഒഴുകിയിറങ്ങുന്നതുപോലെ എല്ലാവരേയും വണങ്ങുന്നത് അവരുടെ സഹജസ്വഭാവമാണ്. ഫലനിബിഡമായ വൃക്ഷശിഖരങ്ങള്‍ ഭൂമിയെ തൊടത്തക്കവണ്ണം വളഞ്ഞുനില്‍ക്കുന്നതുപോലെ അവര്‍ എല്ലാ സൃഷ്ടികളുടേയും മുന്നില്‍ തലകുനിക്കുന്നു. അവര്‍ക്ക് അഹംഭാവം അശേഷമില്ല. വിനയമാണ് അവരുടെ വിത്തം. ഈ വിത്തം ‘പ്രഭോ, അങ്ങു വിജയിപ്പുതാക’ എന്ന് ഉദ്ഘോഷിച്ചുകൊണ്ട് അവര്‍ എനിക്കു നല്‍കുന്നു. ശാലീനമായ ഈ സ്വഭാവം കൊണ്ട് മാനവമാനത്തെപ്പറ്റി അവര്‍ ബോധവാന്മാരല്ലാ. അവര്‍ ഞാനുമായി താദാത്മ്യം പ്രാപിക്കുകയും എന്നെ നിരന്തരമായി ഭജിക്കുകയും ചെയ്യുന്നു. അല്ലയോ അര്‍ജ്ജുന, ഞാന്‍ ഇതുവരെ ഉല്‍ക്കടമായ ഭക്തിയെപ്പറ്റിയാണ് നിന്നോടു പറഞ്ഞത്.

ഇനിയും ജ്ഞാനയജ്ഞംകൊണ്ട് എന്നെ ആരാധിക്കുന്നവരെപ്പറ്റി പറയാം. ഇപ്രകാരമുളളവര്‍ എന്നെ ആരാധിക്കുന്ന രീതി ഞാന്‍ ഇതിനുമുമ്പ് നിന്നെ വിവരിച്ചു കേള്‍പ്പിച്ചിട്ടുണ്ട്.

അപ്പോള്‍ അര്‍ജ്ജുനന്‍ പറഞ്ഞു.

പ്രഭോ, അങ്ങു പറഞ്ഞതു ശരിയാണ്. അങ്ങയുടെ ദിവ്യമായ കാരുണ്യം ഇതിനുമുമ്പ് എനിക്കു ലഭിച്ചിട്ടുണ്ട്. എങ്കിലും അമൃത് വിളമ്പുമ്പോള്‍ തനിക്ക് ഇതു മുമ്പുതന്നെ കിട്ടിക്കഴിഞ്ഞുവെന്ന് ആരെങ്കിലും പറയുമോ?

അര്‍ജ്ജുനന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ കൃഷ്ണനുമനസ്സിലായി, ഇതു കേള്‍ക്കാന്‍ അര്‍ജ്ജുനന് അതിയായ താല്പര്യമുണ്ടെന്ന് അദ്ദേഹം ആനന്ദത്തിന്‍റെ ഊഞ്ഞാലിലാടിക്കൊണ്ട് പറഞ്ഞു.

അര്‍ജ്ജുനാ, ഇതു സമുചിതമായ സന്ദര്‍ഭമല്ലെങ്കിലും നിനക്ക് ഇക്കാര്യത്തിലുളള ഉല്‍ക്കടമായ ഔത്സുക്യംകൊണ്ട് ഞാന്‍ ഇതേപ്പറ്റി മുമ്പുപറഞ്ഞിട്ടുളളത് ആവര്‍ത്തിച്ചു പറയാം.

ഇതുകേട്ട് അര്‍ജ്ജുനന്‍ സന്തുഷ്ടനായി, അവന്‍ പറഞ്ഞു:

ഭഗവാനേ, ചന്ദ്രരശ്മികള്‍ ചകോരപ്പക്ഷികള്‍ക്കു മാത്രമുളളതാണോ? ലോകത്തിനുമുഴുവന്‍ കുളുര്‍മ്മ നല്‍കുകയല്ലെ അതിന്‍റെ സ്വഭാവം. ചകോരപ്പക്ഷികള്‍ അതിന്‍റെ ചുണ്ട് ചന്ദ്രനു നേരെ കാട്ടി കെഞ്ചുന്നതുപോലെ, എനിക്ക് അങ്ങയോട് ചെറുതായൊരപേക്ഷയുണ്ട്. അങ്ങ് കൃപാസാഗരമാണ്. കാര്‍മേഘങ്ങള്‍ അവയുടെ ഔദാര്യംകൊണ്ട് ലോകത്തിന്‍റെ ദാഹം തീര്‍ക്കുന്നു. അഥവാ അതു ചൊരിയുന്ന മുഴുവന്‍ മഴയുമായി താരതമ്യപ്പെടുത്തിയാല്‍ ചകോരപ്പക്ഷിക്ക് ലഭിക്കുന്ന ദാഹജലം എത്ര തുച്ഛമാണ്. ഒരു കവിള്‍ വെളളത്തിനാണെങ്കില്‍പോലും ഒരുവന്‍ നദിയിലേക്കു പോകണം. അതുപോലെ എന്‍റെ ആഗ്രഹം എത്ര വലുതായാലും ചെറുതായാലും അങ്ങുതന്നെ നിറവേറ്റിത്തരണം.

ഭഗവാന്‍ ചിരിച്ചുകൊണ്ട് പ്രതിവചിച്ചു: മതി, മതി. നിന്‍റെ സംസാരം നിര്‍ത്താം. ഞാന്‍ ഏറെ സന്തോഷിച്ചിരിക്കുന്നു. ഇതില്‍ കൂടുതലായി നിന്‍റെ സ്തുതിവചനങ്ങള്‍ എനിക്കു സഹിക്കാന്‍ സാധ്യമല്ല. ഞാന്‍ പറയുന്നത് നീ അത്യന്തം ശ്രദ്ധിക്കുന്നതുതന്നെ എനിക്ക് മതിയായ സന്തുഷ്ടി നല്‍കുന്നു.