ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്‍പത് രാജവിദ്യാരാജഗുഹ്യയോഗം ശ്ലോകം 15

അര്‍ജ്ജുനനെ പ്രശംസിച്ചുകൊണ്ട് ഭഗവാന്‍ പറഞ്ഞുതുടങ്ങി.

ജ്ഞാനയജ്ഞേന ചാപ്യന്യേ
യജന്തോ മാമുപാസതേ
ഏകത്വേന പൃഥക്ത്വേന
ബഹുധാ വിശ്വതോമുഖം

മറ്റു ചിലര്‍ സര്‍വാത്മകനായിരിക്കുന്ന എന്നെ ജ്ഞാനമാകുന്ന യജ്ഞംകൊണ്ട് പൂജിക്കുന്നവരായി ഉപാസിക്കുന്നു. അവരില്‍തന്നെ ചിലര്‍ അഭേദഭാവനയോടും ചിലര്‍ ഭേദഭാവനയോടും ചിലര്‍ ബ്രഹ്മരുദ്രാദിരൂപേണ അനേകവിധമായും എന്നെ ഭജിക്കുന്നു.

ജ്ഞാനയജ്ഞത്തില്‍, പലതുണ്ടാകട്ടെയെന്നുളള ബ്രഹ്മാവിന്‍റെ ആദി സങ്കല്പമാണ് യജ്ഞമൃഗത്തെ ബന്ധിക്കുന്ന സ്തംഭം. പഞ്ചപ്രാണങ്ങള്‍ യജ്ഞത്തിന്‍റെ നെടുമ്പുരയും ഭേദബുദ്ധി യജ്ഞമൃഗവും ആണ്. പഞ്ചഭൂതങ്ങളുടെ പ്രത്യേക സ്വഭാവങ്ങളും ഇന്ദ്രിയങ്ങളും പ്രാണവായുവുമാണ് യജ്ഞസാമഗ്രികള്‍. അവനവന്‍റെ അജ്ഞതയാണ് യജ്ഞത്തിനുപയോഗിക്കുന്ന നെയ്യ്. മനസ്സും ബുദ്ധിയും ചേര്‍ന്ന് യജ്ഞകുണ്ഠത്തില്‍ അഗ്നിയെ ജ്വലിപ്പിക്കുന്നു. സമചിത്തതയാണ് യജ്ഞവേദി. വിവേചനാപരമായി ചിന്തിക്കുന്നതിനുളള വൈദഗ്ധ്യമാണ് യജ്ഞമന്ത്രങ്ങള്‍. ഉപശാന്തിയാണ് യജ്ഞത്തിന്‍റെ കരണ്ടി. സ്വന്തം ആത്മാവാണ് യജമാനന്‍. അദ്ദേഹം ബ്രഹ്മാനുഭവത്തിന്‍റെ ഭാജനത്തില്‍ വിജ്ഞാനത്തിന്‍റെ അഗ്നി ഉപയോഗിച്ച് ത്യാജ്യഗ്രാഹ്യവിവേചനത്തിന്‍റെ മന്ത്രം ജപിച്ച് ദ്വൈതഭാവത്തെ നശിപ്പിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ അജ്ഞത അകന്നുപോകുന്നു. യജമാനന്‍ ആത്മാവുമായുളള ഐക്യമാകുന്ന ജലത്തില്‍ അവഭൃതസ്നാനം നടത്തുന്നു. അതോടെ യജമാനനും യജ്ഞവും ഇല്ലാതാകുന്നു. അതിനുശേഷം പഞ്ചഭൂതങ്ങളോ ഇന്ദ്രിയങ്ങളോ ഇന്ദ്രിയവിഷയങ്ങളോ വ്യത്യസ്തമാണെന്ന് അവന്‍ ചിന്തിക്കുന്നില്ല. ആത്മസാക്ഷാത്കാരത്തില്‍കൂടി എല്ലാം ഒന്നാണെന്ന് അവന്‍ മനസ്സിലാക്കുന്നു.

അല്ലയോ അര്‍ജ്ജുന, ആകസ്മികമായി ഉണര്‍ന്നെഴുന്നേല്‍ക്കുന്നവന്‍ ചിലപ്പോള്‍ ഇങ്ങനെ പറഞ്ഞുവെന്നു വരാം: ‘ഉറക്കത്തില് ഞാന് എന്നെത്തന്നെ ഒരു ചതുരംഗപ്പടയായി സ്വപ്നം കണ്ടു. എന്നാല്‍ ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ പടയെ കാണ്മാനില്ല. യഥാര്‍ത്ഥത്തില്‍ ഉളളതു ഞാന്‍ മാത്രം.’ അതുപോലെ പ്രപഞ്ചവുമായുളള അവന്‍റെ ഐക്യം അവനു ബോദ്ധ്യമാകുന്നു. സ്വകീയമായ ആത്മാവിനെപ്പറ്റിയുളള അവന്‍റെ സങ്കല്പം നഷ്ടപ്പെടുന്നു. ബ്രഹ്മാവു മുതല്‍ക്ക് എല്ലാ ജീവജാലങ്ങളുമായിട്ടുളള ഐക്യബോധം അവനില്‍ നിറയുന്നു. ഇപ്രകാരം ഐക്യദര്‍ശനത്തിന്‍റെ പരമകാഷ്ഠയില്‍ എത്തിച്ചേരുന്ന ജ്ഞാനയജ്ഞംകൊണ്ട് ചിലര്‍ എന്നെ ആരാധിക്കുന്നു.

ഈ പ്രപഞ്ചം അനാദിയാണെന്നും അതില്‍ വിഭിന്നമായതും അപ്രകാശമായതുമായ വസ്തുക്കളുണ്ടെന്നും ചിലര്‍ വിശ്വസിക്കുന്നു. അവര്‍ക്ക് ഈ വ്യത്യാസങ്ങള്‍ നാമത്തിന്‍റേയും രൂപത്തിന്‍റേയും ഭേദങ്ങള്‍ കാരണം ഉണ്ടായവയാണ്. ഇപ്രകാരം പ്രപഞ്ചത്തില്‍ വ്യത്യസ്തമായ വിവിധ ജീവികളുണ്ടെങ്കിലും ഈ അനേകത്വം അവരുടെ ഐക്യബോധത്തെ ബാധിക്കുന്നില്ല. വിവിധ ഇന്ദ്രിയങ്ങള്‍ ഒരേ ശരീരത്തിന്‍റെ ഭാഗമായിരിക്കുന്നതുപോലെ, വലുതും ചെറുതുമായ ശാഖോപശാഖകള്‍ ഒരേ വൃക്ഷത്തിന്‍റേതായിരിക്കുന്നതുപോലെ. വിവധ നാമവും രൂപവുമുളള വ്യത്യസ്ത ജീവികള്‍ പരമതത്വവുമായി അഖണ്ധമായ സാത്മ്യം പ്രാപിച്ചിട്ടുളളവയാണെന്ന് അവര്‍ മനസ്സിലാക്കുന്നു. അല്ലയോ അര്‍ജ്ജുനാ, അവര്‍ ഈ പ്രപഞ്ചത്തിന്‍റെ നാനാത്വം അംഗീകരിച്ചികൊണ്ട്തന്നെ പരമമായ ജ്ഞാനയജ്ഞം നിര്‍വഹിക്കുന്നു. അവരുടെ അന്തരംഗത്തില്‍ ഐക്യത്തപ്പറ്റിയുളള അറിവ് അഭംഗുരമായി തുടരുന്നു. എന്തുകൊണ്ടെന്നാല്‍, അവര്‍ എവിടെ നോക്കിയാലും കാണുന്നത് എന്നെത്തന്നെയാണ്. ജലപ്പരപ്പില്‍ കാണുന്ന കുമിളകള്‍ എവിടെ കണ്ടാലും അതിനു ചുറ്റും ജലം ഉണ്ടായിരിക്കും. ഒഴുകി നടക്കുമ്പോഴും പൊട്ടുമ്പോഴും അതു ജലത്തില്‍ തന്നെ ആയിരിക്കും. കാറ്റ് ഉയര്‍ത്തുന്ന പൊടിപടലത്തിന് ഭൂമിയുടെ സ്വഭാവം നശിക്കുന്നില്ല. അതു താഴെവീഴുമ്പോള്‍ ഭൂമിയോടുതന്നെ യോജിക്കുന്നു. അതുപോലെ എവിടെയെങ്കിലും ഒരു വസ്തു രൂപവും നാമവും കൊണ്ട് പ്രത്യേകമായി നിലനില്‍ക്കുകയോ ഇല്ലാതാവുകയോ ചെയ്താലും അതിന് എല്ലായിപ്പോഴും ബ്രഹ്മത്തിന്‍റെ സ്വഭാവം തന്നെയാണുളളത്. ഞാന്‍ സദാ സര്‍വവ്യാപിയാണ്. അവര്‍ക്കുളള അനുഭവവും അപ്രകാരം തന്നെയാണ്. തന്മൂലം അവര്‍ പലതായി പലരൂപങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവരുടെ ഐക്യബോധത്തിന്‍റെ അനുഭവവ്യാപ്തി എന്‍റെ സര്‍വവ്യപിത്വത്തെപ്പോലെ വിശാലമാണ്. സൂര്യബിംബം എല്ലാവര്‍ക്കും മുഖാമുഖമായി കാണാവുന്നതുപോലെ, അവര്‍ യാതൊരുവിധ എതിര്‍പ്പുകളും പ്രതിബന്ധങ്ങളും കൂടാതെ പ്രപഞ്ചത്തെ അഭിമുഖീകരിക്കുന്നു. കാറ്റ് നാലുപാടും ചുറ്റിയടിക്കുന്നതുപോലെ അവരുടെ വിജ്ഞാനം എല്ലാറ്റിനേയും ഉള്‍ക്കൊളളുന്നു. അവരുടെ വിശ്വാസം എന്‍റെ അനന്തതപോലെ അപരിമേയമാണ്.ദൃശ്യമായ രൂപങ്ങളൊന്നും ഇല്ലാതെതന്നെ, ഞാന്‍ എല്ലായിടത്തും സ്ഥിതിചെയ്യുന്നതുകൊണ്ട്, അവര്‍ നൈസര്‍ഗികമായി എന്നെ ആരാധിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥജ്ഞാനം ഇല്ലാത്തവര്‍ക്ക‍് എന്നെ പ്രാപിക്കാന്‍ കഴിയുന്നില്ല. ജ്ഞാനയജ്ഞംകൊണ്ട് എപ്രകാരമാണ് എന്നെ ആരാധിക്കുന്നതെന്ന് ഞാന്‍ പറഞ്ഞുകഴിഞ്ഞു. അവരുടെ എല്ലാ കര്‍മ്മങ്ങളും എനിക്ക് ആത്മസമര്‍പ്പണം ചെയ്തുകൊണ്ടുളളതാണ് ഈ യജ്ഞം. എന്നാല്‍ അജ്ഞാനികളായ മൂഢനാമാര്‍ക്ക് ഞാന്‍ അപ്രാപ്യനാണ്.