ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്‍പത് രാജവിദ്യാരാജഗുഹ്യയോഗം ശ്ലോകം 21

തേ തം ഭുക്ത്വാ സ്വര്‍ഗ്ഗലോകം വിശാലം
ക്ഷീണേ പുണ്യേ മര്‍ത്ത്യലോകം വിശന്തി
ഏവം ത്രയീധര്‍മ്മമനുപ്രപന്നാഃ
ഗതാഗതം കാമകാമാ ലഭന്തേ.

അവര്‍ സുഖസമൃദ്ധമായ സ്വര്‍‍ഗ്ഗലോകത്തെ അനുഭവിച്ച് പുണ്യം നശിച്ചതിന്‍റെ ശേഷം മനുഷ്യലോകത്തിലേക്കു തിരിച്ചുവരുന്നു. പിന്നെയും ഇങ്ങനെതന്നെ വേദത്രയവിഹിതമായ കര്‍മ്മത്തെ അനുസരിച്ചവരായി ഭോഗത്തെ ഇച്ഛിക്കുന്നവരായിട്ട് ജനനമരണത്തെ പ്രാപിക്കുന്നു.

പുണ്യം ക്ഷയിച്ചുകഴിഞ്ഞാലുടനെ അവുടെ സ്വര്‍ഗ്ഗീയാനന്ദം അവസാനിക്കുകയും അവര്‍ മര്‍ത്ത്യലോകത്തേക്കു തിരിച്ചുവരുകയും ചെയ്യുന്നു. ഒരു വേശ്യയ്ക്കുവേണ്ടി അവസാനത്തെ പൈസവരെ ദുര്‍വ്യയം ചെയ്തു കഴിഞ്ഞ ഒരുവനെ പിന്നീട് അവളുടെ വാതിലില്‍ മുട്ടുന്നതിനുപോലും അവള്‍ അനുവദിക്കുകയില്ല. ഈ യാജകന്മാരുടെ അവസ്ഥ അത്രത്തോളം അനുകമ്പാര്‍ഹമാണ്. അങ്ങനെ സ്വര്‍ഗ്ഗ സുഖത്തിനുവേണ്ടി അത്യാസക്തി കാണിച്ചവര്‍ക്ക് ശാശ്വതസുഖമായ എന്നെ നഷ്ടപ്പെട്ടിരിക്കുന്നു. അമര്‍ത്ത്യലോകത്തിലേക്കുളള അവരുടെ ആരോഹണം നിഷ്ഫലമായിരിക്കുന്നു. അവസാനം അവര്‍ മര്‍ത്ത്യലോകത്തേക്കു മടങ്ങിപ്പോകാന്‍ ഇടയായിരിക്കുന്നു. ചലവും അഴുക്കും നിറഞ്ഞ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഒന്‍പതുമാസം കിടന്നു പരുവപ്പെട്ടു ജനിച്ച്, ജനനമരണങ്ങളുടെ ചക്രത്തില്‍പെട്ട് വീണ്ടും വീണ്ടും കറങ്ങാനിടയാകുന്നത് ദുഃഖകരവും ആയാസകരവുമായ ഒരു വസ്തുതയാണ്. ഉറക്കത്തില്‍ കണ്ട സ്വപ്നത്തില്‍ നിധിയുടെ ഉടമസ്ഥനായവന്‍ ഉണര്‍ന്നപ്പോള്‍ അതു നഷ്ടപ്പെട്ടതുപോലെയാണ്. സ്വര്‍ഗ്ഗസുഖങ്ങള്‍ തേടിപ്പോയ ഈ യാജകരുടെ സ്ഥിതി. വേദപാരംഗതരായവര്‍പോലും എന്നെ അറിയാതെ ജീവിക്കാനിടയായാല്‍ അവരുടെ ജീവിതം അകത്ത് അരിയില്ലാത്ത ഉമിപോലെ പൊളളയും വ്യര്‍ത്ഥവുമാണ്. ആകയാല്‍ മൂന്നു വേദങ്ങളിലും നിര്‍ദ്ദേശിക്കുന്ന ഈ ആരാധനാ കര്‍മ്മങ്ങള്‍ എന്നെ കൂടാതെ നിശ്ശേഷം വ്യര്‍ത്ഥമാണെന്നറിഞ്ഞാലും. എന്നെയല്ലാതെ മറ്റൊന്നും നിനക്ക് അറിയാന്‍ പാടില്ലെങ്കില്‍പോലും നിനക്കു ശാശ്വതമായ ആനന്ദം അനുഭവിക്കാന്‍ കഴിയും.