ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്‍പത് രാജവിദ്യാരാജഗുഹ്യയോഗം ശ്ലോകം 22
യേƒപ്യന്യദേവതാ ഭക്താ
യജന്തേശ്രദ്ധയാന്വിതാഃ
തേƒപി മാമേവ കൗന്തയ
യജന്ത്യവിധിപൂര്‍വ്വകം.
അല്ലയോ അര്‍ജ്ജുന, ഏതേതു ഭക്തന്മാരാണോ ശ്രദ്ധയോടു കൂടിയവരായി ഇന്ദ്രാദിദേവന്മാരെ ആരാധിക്കുന്നത്, അവരും മോക്ഷത്തെ പ്രാപിക്കുന്നതായ വിധിപ്രകാരമല്ലാതെ, എന്നെത്തന്നെയാണ് ആരാധിക്കുന്നത്.
എന്‍റെ സര്‍വ്വഗമായ സ്വഭാവം മനസ്സിലാക്കാതെ അഗ്നി,ഇന്ദ്രന്‍, ചന്ദ്രന്‍, സൂര്യന്‍ തുടങ്ങിയ ദേവന്മാരെ തങ്ങളുടെ പാരമ്പര്യാചാരങ്ങള്‍ അനുസരിച്ച് യജിക്കുന്ന മറ്റു കൂട്ടരുണ്ട്. ഞാന്‍ മുഴുവന്‍ പ്രപഞ്ചവും ആയതുകൊണ്ട് അവരുടെ ഉപാസന എന്നില്‍തന്നെ വന്നുചേരുമെങ്കിലും അവരുടെ വഴി യോഗ്യമായിട്ടുളളതല്ല. അതു തെറ്റായ വഴിയാണ്. ഒരു വൃക്ഷത്തിന്‍റെ ശാഖകളും ഇലകളും ഒരേ ബീജത്തില്‍ നിന്നും ഉത്ഭവിച്ചതാണെങ്കിലും വൃക്ഷത്തിനാവശ്യമായ വെളളം വലിച്ചെടുക്കുന്നതു വേരുകളായതുകൊണ്ട് വേരുകളെയല്ലെ നനയ്ക്കേണ്ടത്? പത്ത് ഇന്ദ്രിയങ്ങളും ഒരേ ശരീരത്തിന്‍റെ വകയാണെങ്കിലും അതില്‍കൂടിയുളള അനുഭൂതി ആസ്വദിക്കുന്നത് ഒരാള്‍ മാത്രമാണ്. പാചകം ചെയ്ത ഭക്ഷണം ആരെങ്കിലും തന്‍റെ ശ്രവണപുടങ്ങളില്‍ തളളിക്കയറ്റുമോ? പരുമളം പരത്തുന്ന പുഷ്പങ്ങള്‍ കര്‍ണ്ണപുടങ്ങളില്‍ കെട്ടിത്തൂക്കുമോ? ഭക്ഷണം നാക്കുകൊണ്ട് രുചിച്ചറിയേണ്ടതു പോലെ, സുഗന്ധം നാസികകൊണ്ടു മണത്തറിയേണ്ടതു പോലെ, എന്നെ ഞാനായിത്തന്നെ എന്‍റെ യഥാര്‍ത്ഥ സ്വരൂപത്തിലാണ് ഉപാസിക്കേണ്ടത്. എന്നെ അറിയാതെ നടത്തുന്ന ആരാധന നിഷ്ഫലവും നിരര്‍ത്ഥകവുമാണ്. ആകയാല്‍ എല്ലാ കര്‍മ്മങ്ങളും വ്യക്തമായ ദര്‍ശനത്തോടുകൂടിയാണ് ചെയ്യേണ്ടത്. ഈ ദര്‍ശനം എല്ലായ്പോഴും നിര്‍മ്മലവും നിഷ്കളങ്കവും ആയിരിക്കണംതാനും.