ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്‍പത് രാജവിദ്യാരാജഗുഹ്യയോഗം ശ്ലോകം 30

അപി ചേത് സുദുരാചാരോ
ഭജതേ മാമനന്യഭാക്
സാധുരേല സ മന്തവ്യഃ
സമ്യഗ് വ്യവസ്തോ ഹി സഃ

ഒരുവന്‍ ഏറ്റവും ദുരാചരനായിരുന്നാലും പരമാത്മാവായ എന്നെ അന്യചിന്ത കൂടാതെ ഭജിക്കുകയാണെങ്കില്‍ അവനെ ശ്രേഷ്ഠനായി ഗണിക്കപ്പെടേണ്ടതാകുന്നു. എന്തെന്നാല്‍ അവന്‍ ലക്ഷ്യനിശ്ചയത്തോടെ യത്നിക്കുന്നവന്‍ തന്നെയാണ്.

എന്നോട് അകമഴിഞ്ഞ് സ്നേഹമുളള ഒരുവന്‍, താണജാതിക്കാരനാണെങ്കില്‍ പോലും, വീണ്ടും ഒരു ശരീരത്തില്‍ ജനിക്കാന്‍ ഇടയാകുന്നില്ല. അവന്‍റെ പൂര്‍വനടപടികള്‍ ഒരു വലിയ പാപിയുടേതായിരുന്നാലും അവന്‍ ഇപ്പോള്‍ ഭക്തിയുടെ മാര്‍ഗ്ഗം തിരഞ്ഞെടുത്തിരിക്കുന്നു. മരണസമയത്തുളള ഒരുവന്‍റെ ഉപലബ്ധി അവന്‍റെ അടുത്തജന്മത്തിലെ ജീവിത്തിന്‍റെ അടിത്തറ പാകുന്നു. ദുര്‍മാര്‍ഗ്ഗിയായിരുന്ന ഒരുവന്‍ അവന്‍റെ ജീവിതസായാഹ്നത്തില്‍ ഇശ്വരസേവ ചെയ്ത് സന്മാര്‍ഗിയായി ജീവിക്കുകയാണെങ്കില്‍ അവന്‍ മറ്റുളളവരേക്കാള്‍ നല്ലവനാണെന്നു ഗണിക്കണം. ഒരു വലിയ ജലപ്രവാഹത്തില്‍പ്പെട്ടിട്ടും മുങ്ങിമരിക്കാതെ രക്ഷപ്പെട്ടവനെപ്പോലെ അവനെ കരുതേണ്ടതാണ്. അവന്‍ സുരക്ഷിതനായി മറുകര എത്തിച്ചേര്‍ന്നിരിക്കുന്നു. അതുപോലെ അവസാനത്തെ ഭക്തികൊണ്ട് അവന്‍ ഗതകാല പാതകങ്ങളെയെല്ലാം കഴുകിക്കളഞ്ഞിരിക്കുന്നു. അങ്ങനെ ദുര്‍വൃത്തനായ ഒരുവന്‍ പശ്ചാത്താപത്തിന്‍റെ പുണ്യജലത്തില്‍ സ്നാനം ചെയ്യുമ്പോള്‍ അവന്‍റെ ദുഷ്കൃതങ്ങള്‍ നശിച്ച് പരിശുദ്ധനായി അനന്യമായ ഭക്തികൊണ്ട് എന്‍റെ അസ്തിത്വവുമായി ഒന്നുചേരുന്നു. അവന്‍റെ വംശം പരിശുദ്ധവും പാവനവും ഉന്നതവും ആയിത്തീരുന്നു. അങ്ങനെയുളള ഒരുവന്‍ നിശ്ചയമായും അവന്‍റെ ജീവിതലക്ഷ്യത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. അവന്‍ എനിക്ക് ഒരു ജ്ഞാനിയെപ്പോലെയും തപോധനനെപ്പോലെയും അഷ്ടാംഗ യോഗങ്ങളില്‍ സുശിക്ഷിതത്വം നേടിയവനെപ്പോലെയുമാണ്. ചുരുക്കിപ്പറഞ്ഞാല്‍ , അല്ലയോ അര്‍ജ്ജുന, എന്നെ ഹൃദയംഗമമായി ഉപാസിക്കുന്ന ഒരുവന്‍ സംസാരസാഗരം തരണം ചെയ്യുകയും കര്‍മ്മഫലങ്ങളുടെ ബന്ധനത്തില്‍ നിന്നും മോചിതനാവുകയും ചെയ്യും. അവന്‍ അവന്‍റെ ഹൃദയത്തിന്‍റേയും എല്ലാവിധത്തിലുമുളള പ്രവര്‍ത്തനങ്ങളെ സഞ്ചയിച്ച് ഏകാഗ്രമാക്കി എന്‍റെ പാദങ്ങളില്‍ അര്‍പ്പിക്കുകയാണ്.