ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പത്ത് വിഭൂതിയോഗം ശ്ലോകം 9
മച്ചിത്താ മദ്ഗതാപ്രാണാ
ബോധയന്തഃ പരസ്പരം
കഥയന്തശ്ച മാം നിത്യം
തുഷ്യന്തി ച രമന്തി ച.
എന്നില്‍തന്നെ മനസ്സിനെ ഉറപ്പിച്ചിരിക്കുന്നവരും എന്നില്‍ അര്‍പ്പിക്കപ്പെട്ട ജീവനത്തോടു കൂടിയവരുമായ വിവേകികള്‍ എന്നെപ്പറ്റി അന്യോന്യം ബോധിപ്പിക്കുന്നവരും കീര്‍ത്തനം ചെയ്യുന്നവരുമായി എപ്പോഴും സന്താഷിക്കുകയും രമിക്കുകയും ചെയ്യുന്നു.
ഞാനുമായി ഏകത്വം പ്രാപിച്ചവരുടെ അന്തരംഗം സംതൃപ്തിയടയുന്നു. ആത്മജ്ഞാനസമ്പാദനത്തിലുളള അദമ്യമായ ആഗ്രഹത്താല്‍ ജനനമരണങ്ങളെ അവര്‍ വിസ്മരിക്കുന്നു. ആത്മജാഞാനം കൊണ്ടുണ്ടായ ചിത്തഹര്‍ഷത്തോടു കൂടി അവര്‍ നൃത്തം വയ്ക്കുന്നു. അവര്‍ അന്യോന്യം ഭഗവല്‍കാര്യങ്ങളെപ്പറ്റി സംസാരിക്കുകയും അവര്‍ക്ക് സ്വയം തെളിഞ്ഞുകിട്ടിയിട്ടുളള തത്ത്വരഹസ്യങ്ങള്‍ പരസ്പരം കൈമാറുകയും ചെയ്യുന്നു. തൊട്ടുകിടക്കുന്ന രണ്ട് ജലാശയങ്ങളില്‍ ജലം നിറഞ്ഞ് അന്യോന്യം കവിഞ്ഞഴുകുമ്പോള്‍ അവയിലെ തിരകള്‍ പരസ്പരം കെട്ടിപ്പിണയുന്നതുപോലെ, ആത്മജ്ഞാനികളായ ഭക്തന്മാര്‍ ഒത്തുകൂടുമ്പോള് അവരുടെ ആഹ്ലാദകരമായ ആനന്ദം പിന്നിച്ചേര്‍ന്ന് ഒന്നാവുകയും ഒരുവന്‍റെ ആത്മജാഞാനത്തിന്‍റെ മാഹാത്മ്യം മറ്റവന്‍റെ ആത്മജ്ഞാനത്തിന്‍റെ അലങ്കരണംകൊണ്ട് കൂടുതല്‍ മോടിപിടിക്കുകയും ചെയ്യുന്നു. ഒരു പ്രഭാകരന്‍ പ്രമുദിതമായ ആരാധനയൊടെ മറ്റൊരു പ്രഭാകരന്‍റെ മുന്നില്‍ ദീപാരാധന നടത്തുന്നതുപോലെ, അഥവാ ഒരു സുധാകരന്‍ മറ്റൊരു സുധാകരനെ ആശ്ലേഷിക്കുന്നതുപോലെ, അഥവാ ഒരേ വേഗതയുളള രണ്ടുപുഴകള്‍ ഒരുമിച്ചു കൂടിക്കലര്‍ന്ന് ഒഴുകുന്നതുപോലെ ഈ ആനുഗൃഹീതരായ ആത്മാക്കള്‍ തമ്മില്‍ ചേരുമ്പോള്‍ അതു വിശ്വോത്തരജീവിതത്തിന്‍റെ പവിത്രമായ അരുവികള്‍ തമ്മിലുളള സംഗമമായിത്തീരുന്നു. സാത്വികഭാവമാകുന്ന ഇലകള്‍ ഈ ജലപ്പരപ്പില്‍ നീന്തിക്കളിക്കുന്നു. ബ്രഹ്മസുഖം നിറഞ്ഞുതുളുമ്പിയൊഴുകുന്ന അവര്‍ ദേഹബുദ്ധി വിസ്മരിക്കുന്നു. ഒരു ഗുരു ഏകാന്തതയില്‍ തന്‍റെ ശിഷ്യന്മാര്‍ക്ക് രഹസ്യമായി മാത്രം ഉപദേശിച്ചു കൊടുക്കുന്ന പരമസത്യം, ഞാനുമായി ഐക്യം പ്രാപിച്ചതിലുളള ഉന്മത്തമായ ആനന്ദംകൊണ്ട്, അവര്‍ മേഘനാദത്തില്‍ ഉച്ചൈസ്തരം ഉദ്ഘോഷിക്കുന്നു. എന്നാല്‍ മറ്റു ചിലപ്പോള്‍ എന്നില്‍ സമ്പൂര്‍ണ്ണമായി ലീനരായിരിക്കുന്നതു കൊണ്ടുളള ആനന്ദലഹരിയില്‍ മൌനികളായിത്തീരുന്നു. ഉല്ഫുല്ലമാകുന്ന താമരമൊട്ടിന് അതിന്‍റെ പരിമളം ഉളളിലടക്കാന്‍ കഴിയാതെ നൃപനും നിര്‍ധനനും ഒരേരീതിയില്‍ ലഭിക്കത്തക്കവണ്ണം പ്രസരിക്കുന്നതുപോലെ, ഈ ആരാധകര്‍ എന്‍റെ സങ്കീര്‍ത്തനങ്ങള്‍ പാടിക്കൊണ്ട് പൂര്‍ണ്ണതൃപ്തി കൈവരിച്ച് ലോകത്തുളള എല്ലാവര്‍ക്കും നിരന്തരാനന്ദത്തിനു വഴിതെളിക്കുന്നു. ഇപ്രകാരമുളള എന്‍റെ ഭക്തന്മാര്‍ രാത്രിയെന്നോ പകലെന്നോ ഉളള ഭേദമില്ലാതെ ദേഹചിന്ത ഉപേക്ഷിച്ച് ഞാനുമായി ഐക്യം പ്രാപിച്ച് അവാച്യമായ ആനന്ദം അനുഭവിച്ചുകൊണ്ടേയിരിക്കുന്നു.