ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പത്ത് വിഭൂതിയോഗം ശ്ലോകം 26-29

അശ്വത്ഥഃ സര്‍വ്വവൃക്ഷാണാം
ദേവര്‍ഷീണാം ച നാരദഃ
ഗന്ധര്‍വ്വാണാം ചിത്രരഥഃ
സിദ്ധാനാം കപിലോ മുനിഃ

വൃക്ഷങ്ങളുടെ കൂട്ടത്തില്‍ അരയാലും ദേവര്‍ഷിമാരില്‍ നാരദനും ഗന്ധര്‍വന്മാരില്‍ ചിത്രരഥനും സിദ്ധന്മാരില്‍ കപിലമുനിയും ഞാനാണ്.

ഉച്ചൈഃശ്രവസമശ്വാനാം
വിദ്ധി മാമമൃതോദ്ഭവം
ഐരാവതം ഗജേന്ദ്രണാം
നരാണാം ച നരാധിപം.

കുതിരകളില്‍ അമൃതമഥനത്തില്‍നിന്നുത്ഭവിച്ച ഉച്ചൈഃശ്രവസ്സായും ആനകളില്‍ ഐരാവതമായും മനുഷ്യരില്‍ രാജാവായും എന്നെ അറിഞ്ഞുകൊളളുക.

കല്പതരു, പാരിജാതം, ചന്ദനമരം തുടങ്ങി മേന്മയേറിയ പല വൃക്ഷങ്ങളുമുണ്ടെങ്കിലും ഞാന്‍ വൃക്ഷങ്ങളുടെ കൂട്ടത്തില്‍ പവിത്രമായ അരയാലാണ്. ദേവര്‍ഷിമാരില്‍ ഞാന്‍ നാരദനാണ്. ഗന്ധര്‍വഗായകരില്‍ ഞാന്‍ ചിത്രരഥനാണ്. സിദ്ധികളെല്ലാം വശമായിട്ടുളളതില്‍ സിദ്ധമുഖ്യനായ കപിലനാണു ഞാന്‍. പ്രശസ്തിപെറ്റ അശ്വങ്ങളില്‍ ഞാന്‍ ഉച്ചൈഃശ്രവസ്സാണ്. ഗജങ്ങളില്‍ ഞാന്‍ ഐരാവതമാണ്. മനുഷ്യരില്‍ പ്രജകളെ സ്വന്തം സന്താനങ്ങളെപ്പോലെ പരിരക്ഷിക്കുന്ന രാജാവ് ഞാനാണെന്നറിയുക.

ആയുധാനാമഹം വജ്രം
ധേനുനാമസ്മി കാമധുക്
പ്രജനശ്ചാസ്മി കന്ദര്‍പ്പഃ
സര്‍പ്പാണാമസ്മി വാസുകിഃ

ആയുധങ്ങളില്‍ വജ്രം ഞാനാകുന്നു. പശുക്കളില്‍ ഞാന്‍ കാമധേനുവാകുന്നു. സന്താനങ്ങളെ ജനിപ്പിക്കുന്ന കാമദേവനും ഞാന്‍ തന്നെ. വിഷപ്പാമ്പുകളില്‍ വാസുകിയും ഞാനാകുന്നു.

അനന്തശ്ചാസ്മി നാഗാനാം
വരുണോ യാദസാമഹം
പിതൃണാമര്യമാ ചാസ്മി
യമഃ സംയമതാമഹം.

വിഷമില്ലാത്ത പാമ്പുകളില്‍ അനന്തനും ജലദേവതകളില്‍ വരുണനും ഞാനാകുന്നു. പിതൃക്കളില്‍ അര്യമാവും ദണ്ധനീതി നടത്തുന്നതില്‍ യമനും ഞാനാകുന്നു.

ആയുധങ്ങളുടെ കൂട്ടത്തില്‍ നൂറുയജ്ഞങ്ങള്‍ നടത്തിയ, ഇന്ദ്രന്‍റെ കൈയിലിരിക്കുന്ന വജ്രമാണ് ഞാന്‍. പശുക്കളുടെ കൂട്ടത്തില്‍ ആഗ്രഹനിവൃത്തി വരുത്തുന്ന കാമധേനുവാണ് ഞാന്‍. ഉല്പാദനത്തിന് ഉത്തരവാദിയായ മദനനാണു ഞാന്‍. സര്‍പ്പങ്ങളില്‍ സര്‍പ്പരാജനായ വാസുകിയാണു ഞാന്‍. നാഗങ്ങളില്‍ ആയിരം തലയുളള അനന്തനാണ്. ജലദൈവതങ്ങളില്‍ പശ്ചിമദിശയുടെ സംരക്ഷകനായ വരുണനാണു ഞാന്‍. പിതൃക്കളില്‍ പിതൃലോകത്തിലെ അധിപതിയായ അര്യമാവാണു ഞാന്‍. അര്‍ജ്ജുനാ, ഞാന്‍ നിന്നോടു സത്യമായി പറയുന്നു. മനുഷ്യരുടെ നന്മതിന്മകളെ വിലയിരുത്തി അവരുടെ പുണ്യാപുണ്യ ഫലങ്ങള്‍ക്കനുസൃതമായി ഫലം നല്‍കുന്ന വിധികര്‍ത്താവും നിയന്താവുമായ യമന്‍ ഞാന്‍തന്നെയാണ്.