MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

ലക്ഷ്മണന്റെ പുറപ്പാട്

അഗ്രജന്മാജ്ഞയാ സൌമിത്രി സത്വരം
സുഗ്രീവരാജ്യം പ്രതി നടന്നീടിനാന്‍
കിഷ്കിന്ധയോടും ദഹിച്ചുപോമിപ്പൊഴേ
മര്‍ക്കടജാതികളെന്നു തോന്നും വണ്ണം
വിജ്ഞാനമൂര്‍ത്തി സര്‍വ്വജ്ഞനാകുല-
നജ്ഞാനിയായുള്ള മാനുഷനെപ്പോലെ
ദുഃഖസുഖാദികല്‍ കൈക്കൊണ്ടു വര്‍ത്തിച്ചു
ദുഷ്കൃതശാന്തി ലോകത്തിനുണ്ടാക്കുവാന്‍
മുന്നം ദശരഥന്‍ ചെയ്ത തപോബലം
തന്നുടെ സിദ്ധി വര്‍ത്തിക്കൊടുപ്പാനും
പങ്കജസംഭവനാദികള്‍ക്കുണ്ടായ
സങ്കടം തീര്‍ത്തു രക്ഷിച്ചു കൊടുപ്പാനും
മാനുഷവേഷം ധരിച്ചു പരാപര-
നാനന്ദമൂര്‍ത്തി ജഗന്മയനീശ്വരന്‍
നാനാജനങ്ങളും മായയാ മോഹിച്ചു
മാനസമജ്ഞാനസംയുക്തമാകയാല്‍
മോക്ഷം വരുത്തുന്നതെങ്ങനെ ഞാനെന്നു
സാക്ഷാല്‍ മഹാവിഷ്ണു ചിന്തിച്ചു കല്പിച്ചു
സര്‍വ്വജഗന്മാ‍യാനാശിനിയാകിയ
ദിവ്യകഥയെ പ്രസിദ്ധയാക്കൂ യഥാ
രാമനായ് മാനുഷവ്യാപാരജാതയ‍ാം
രാമായണാഭിധാമാനന്ദദായിനീം
സര്‍ക്കഥാമിപ്രപഞ്ചത്തിങ്കലൊക്കവെ
വിഖ്യാതയാക്കുവാനാനന്ദപൂരുഷന്‍
ക്രോധവും മോഹവും കാമവും രാഗവും
ഖേദാദിയും വ്യവഹാരാര്‍ത്ഥസിദ്ധയേ
തത്തല്‍ക്രിയാകാലദേശോചിതം നിജ-
ചിത്തേ പരിഗ്രഹിച്ചീടിനാനീശ്വരന്‍
സത്വാദികള‍ാം ഗുണങ്ങളില്‍ത്താനനു-
രക്തനെപ്പോലെ ഭവിയ്ക്കുന്നു നിര്‍ഗ്ഗുണന്‍
വിജ്ഞാനമൂര്‍ത്തിയ‍ാം സാക്ഷി സുഖാത്മകന്‍
വിജ്ഞാനശക്തിമാനവ്യക്താനദ്വയന്‍
കാമാദികളാലവിലിപ്തനവ്യയന്‍
വ്യോമവദ് വ്യാപ്തനനന്തനനാമയന്‍
ദിവ്യമുനീശ്വരന്മാര്‍ സനകാദികള്‍
സര്‍വ്വാത്മകനെച്ചിലരറിഞ്ഞീടുവോര്‍
നിര്‍മ്മലാത്മാക്കളായുള്ള ഭക്തന്മാര്‍ക്കു
സംയക്പ്രബോധമുണ്ടാമെന്നു ചൊല്ലുന്നു
ഭക്തചിത്താനുസാരേണ സഞ്ജായതേ
മുക്തിപ്രദന്‍ മുനിവൃന്ദനിഷേവിതന്‍
കിഷ്കിന്ധയ‍ാം നഗരാന്തികം പ്രാപിച്ചു
ലക്ഷ്മണനും ചെറു ഞാണൊലിയിട്ടിതു
മര്‍ക്കടന്മാരവനെക്കണ്ടു പേടിച്ചു
ചക്രുഃ കിലുകിലശബ്ദം പരവശാല്‍
വപ്രോപരി പാഞ്ഞു കല്ലും മരങ്ങളും
വിഭ്രമത്തോടു കൈയില്‍ പിറ്റിച്ചേവരും
പേടിച്ചു മൂത്രമലങ്ങള്‍ വിസര്‍ജ്ജിച്ചു
ചാടിച്ചുടങ്ങിനാരങ്ങുമിങ്ങും ദ്രുതം
മര്‍ക്കടക്കൂട്ടത്തെയൊക്കെയൊടുക്കുവാ-
നുള്‍ക്കാമ്പിലഭ്യുദ്യതനായ സൗമിത്രി
വില്ലും കുഴിയെക്കുലച്ചു വലിച്ചിതു
ഭല്ലൂകവൃന്ദവും വല്ലാതെയായിതു
ലക്ഷ്മണനാഗതനായതറിഞ്ഞഥ
തല്‍ക്ഷണമംഗദനോടിവന്നീടിനാന്‍
ശാഖാമൃഗങ്ങളെയാട്ടിക്കളഞ്ഞു താ-
നേകനായ്ച്ചെന്നു നമസ്കരിച്ചീടിനാന്‍
പ്രീതനായാശ്ലേഷവും ചെയ്തവനോടു
ജാതമോഡം സുമിത്രാത്മജന്‍ ചൊല്ലിനാന്‍
‘ഗച്ഛ വത്സ ത്വം പിതൃവ്യനെക്കണ്ടു ചൊ-
ല്ലിച്ചെയ്ത കാര്യം പിഴയ്ക്കുമെന്നാശു നീ
ഇച്ഛയായുള്ളതും ചെയ്തു മിത്രത്തെ വ-
ഞ്ചിച്ചാലനര്‍ത്ഥമവിളംബിതം വരും
ഉഗ്രനാമഗ്രജനെന്നോടരുള്‍ചെയ്തു
നിഗ്രഹിച്ചീടുവാന്‍ സുഗ്രീവനെ ക്ഷണാല്‍
അഗ്രജമാര്‍ഗ്ഗം ഗമിയ്ക്കണമെന്നുണ്ടു
സുഗ്രീവനുള്‍ക്കാമ്പിലെങ്കിലതേ വരൂ
എന്നരുള്‍ചെയ്തതു ചെന്നു പറകെ’ന്നു
ചൊന്നതു കേട്ടൊരു ബാലിതനയനും
തന്നുള്ളിലുണ്ടായ ഭീതിയോടുമവന്‍
ചെന്നു സുഗ്രീവനെ വന്ദിച്ചു ചൊല്ലിനാന്‍
‘കോപേന ലക്ഷ്മണന്‍ വന്നിതാ നില്‍ക്കുന്നു
ഗോപുരദ്വാരി പുറത്തുഭാഗത്തിനി
കാപേയഭാവം കളഞ്ഞു വന്ദിക്ക ചെ-
ന്നപത്തതല്ലായ്കിലുണ്ടായ്‌വരും ദൃഢം’
സന്ത്രസ്തനായ സുഗ്രീവനതു കേട്ടു
മന്ത്രിപ്രവരന‍ാം മാരുതി തന്നോടു
ചിന്തിച്ചു ചൊല്ലിനാനംഗദനോടുകൂ-
ടന്തികേ ചെന്നു വന്ദിക്ക സൗമിത്രിയെ
സാന്ത്വനം ചെയ്തു കൂട്ടിക്കൊണ്ടു പോരിക
ശാന്തനായോരു സുമിത്രാതനയനെ’
മാരുതിയെപ്പറഞ്ഞേവമയച്ചഥ
താരയോടര്‍ക്കാത്മജന്‍ പറഞ്ഞീടിനാന്‍
‘താരാധിപാനനേ! പോകണമാശു നീ
താരേ! മനോഹരേ! ലക്ഷ്മണന്‍ തന്നുടെ
ചാരത്തു ചെന്നു കോപത്തെശ്ശമിപ്പിക്ക
സാരസ്യസാരവാക്യങ്ങളാല്‍ പിന്നെ നീ
കൂട്ടിക്കൊണ്ടിങ്ങുപോന്നെന്നെയും വേഗേന
കാട്ടിക്കലുഷഭാവത്തെയും നീക്കണം’
ഇത്ഥമര്‍ക്കാത്മജ വാക്കുകള്‍ കേട്ടവള്‍
മദ്ധ്യകക്ഷ്യ‍ാം പ്രവേശിച്ചു നിന്നീടിനാള്‍
താരാതനയനും മാരുതിയും കൂടി
ശ്രീരാമസോദരന്‍ തന്നെ വണങ്ങിനാര്‍
ഭക്ത്യാകുശലപ്രശ്നങ്ങളും ചെയ്തു സൗ-
മിത്രിയോടഞ്ജനാനന്ദനന്‍ ചൊല്ലിനാന്‍
‘എന്തു പുറത്തുഭാഗേ നിന്നരുളുവാ-
നന്തഃപുരത്തിലാമ്മാറെഴുന്നള്ളണം
രാജദാരങ്ങളെയും നഗരാഭയും
രാജാവു സുഗ്രീവനെയും കനിവോടു
കണ്ടു പറഞ്ഞാലനന്തരം നാഥനെ-
ക്കണ്ടു വണങ്ങിയാല്‍ സാദ്ധ്യമെല്ല‍ാം ദ്രുതം’
ഇത്ഥം പറഞ്ഞു കൈയും പിടിച്ചാശു സൗ-
മിത്രിയോടും മന്ദമന്ദം നടന്നിതു
യൂഥപന്മാര്‍ മരുവീടും മണിമയ-
സൌധങ്ങളും പുരീശോഭയും കണ്ടുക-
ണ്ടാനന്ദമുള്‍ക്കൊണ്ടു മദ്ധ്യകക്ഷ്യാ ചെന്നു
മാനിച്ചു നിന്നനേരത്തു കാണായ്‌വന്നു
താരേശതുല്യമുഖിയായ മാനിനീ
താരാ ജഗന്മനോമോഹിനി സുന്ദരി
ലക്ഷ്മീസമാനയായ് നില്‍ക്കുന്നതന്നേരം
ലക്ഷ്മണന്‍ തന്നെ വണങ്ങി വിനീതയായ്
മന്ദസ്മിതം പൂണ്ടു ചൊന്നാളഹോ ‘തവ
മന്ദിരമായതിതെന്നറിഞ്ഞീലയോ?
ഭക്തനായെത്രയുമുത്തമനായ് തവ
ഭൃത്യനായോരു കപീന്ദ്രനോടിങ്ങനെ
കോപമുണ്ടായാലവനെന്തൊരു ഗതി?
ചാപല്യമേറുമിജ്ജാതികള്‍ക്കോര്‍ക്കണം
മര്‍ക്കടവീരന്‍ ബഹുകാലമുണ്ടല്ലോ
ദുഃഖമനുഭവിച്ചീടുന്നു ദീനനായ്
ഇക്കാലമാശു ഭവല്‍കൃപയാ പരി-
രക്ഷിതനാകയാല്‍ സൌഖ്യം കലര്‍ന്നവന്‍
വാണാനതും വിപരീതമാക്കീടായ്ക-
വേണം ദയാനിധേ! ഭക്തപരായണ!
നാനാദിഗന്തരം തോറും മരുവുന്ന
വാനരന്മാരെ വരുത്തുവാനായവന്‍
പത്തു സഹസ്രം ദൂതന്മാരെ വിട്ടിതു
പത്തുദിക്കീന്നും കപികുലപ്രൌഢരും
വന്നു നിറഞ്ഞതു കാണ്‍കിവിടെപ്പുന-
രൊന്നിനും ദണ്ഡമിനിയില്ല നിര്‍ണ്ണയം
നക്തഞ്ചരകുലമൊക്കെയൊടുക്കുവാന്‍
ശക്തരത്രേ കപിസത്തമന്മാരെല്ല‍ാം
പുത്രകളത്രമിത്രാന്വിതനാകിയ
ഭൃത്യന‍ാം സുഗ്രീവനെക്കണ്ടവനുമായ്
ശ്രീരാമദേവപാദ‍ാംബുജം വന്ദിച്ചു
കാര്യവുമാശു സാധിക്കാമറിഞ്ഞാലും’
താരാവചനമേവം കേട്ടു ലക്ഷ്മണന്‍
പാരാതെ ചെന്നു സുഗ്രീവനെയും കണ്ടു
സത്രപം വിത്രസ്തനായ സുഗ്രീവനും
സത്വരമുത്ഥാനവും ചെയ്തു വന്ദിച്ചു
മത്തനായ് വിഹ്വലിതേക്ഷണന‍ാം കപി-
സത്തമനെക്കണ്ടു കോപേന ലക്ഷ്മണന്‍
മിത്രാത്മജനോടു ചൊല്ലിനാന്‍ നീ രഘു-
സത്തമന്‍ തന്നെ മറന്നെതെന്തിങ്ങനെ?
വൃത്രാരിപുത്രനെക്കൊന്ന ശരമാര്യ-
പുത്രന്‍ കരസ്ഥിതമെന്നുമറിക നീ
അഗ്രജമാര്‍ഗ്ഗം ഗമിക്കയിലാഗ്രഹം
സുഗ്രീവനുണ്ടെന്നു നാഥനരുള്‍ചെയ്തു
ഇത്തരം സൌമിത്രി ചൊന്നതു കേട്ടതി-
നുത്തരം മാരുത പുത്രനും ചൊല്ലിനാന്‍
‘ഇത്ഥമരുള്‍ചെയ്‌വതിനെന്തു കാരണം
ഭക്തനേറ്റം പുരുഷോത്തമങ്കല്‍ കപി-
സത്തമനോര്‍ക്കില്‍ സുമിത്രാത്മജനിലും
സത്യവും ലംഘിയ്ക്കയില്ല കപീശ്വരന്‍
രാമകാര്യാര്‍ത്ഥമുണര്‍ന്നിരിക്കുന്നിതു
താമസമെന്നിയേ വാനരപുംഗവന്‍
വിസ്മൃതനായിരുന്നീടുകയല്ലേതും
വിസ്മയമാമ്മാറു കണ്ടീലയോ ഭവാന്‍?
വേഗേന നാനാദിഗന്തരത്തിങ്കല്‍ നി-
ന്നാഗതന്മാരായ വാനരവീരരെ?
ശ്രീരാമകാര്യമശേഷേണ സാധിക്കു-
മാമയമെന്നിയേ വാനരനായകന്‍’
മാരുതി ചൊന്നതു കേട്ടു സൌമിത്രിയു-
മാരൂഢലജ്ജനായ് നില്‍ക്കും ദശാന്തരേ
സുഗ്രീവനര്‍ഗ്ഘ്യപാദ്യാദേന്‍ പൂജ-
ചെയ്തഗ്രഭാഗേ വീണും വീണ്ടും വണങ്ങിനാന്‍
‘ശ്രീരാമദോസോഹമാഹന്ത! രാഘവ-
കാരുണ്യലേശേനെ രക്ഷിതനദ്യ ഞാന്‍
ലോകത്രയത്തെ ക്ഷണാര്‍ദ്ധമാത്രം കൊണ്ടു
രാഘവന്‍ തന്നെ ജയിക്കുമല്ലോ ബലാല്‍
സേവാര്‍ത്ഥമോര്‍ക്കില്‍ സഹായമാത്രം ഞങ്ങ-
ളേവരും തന്‍ നിയോഗത്തെ വഹിയ്ക്കുന്നു‘
അര്‍ക്കാത്മജന്‍ മൊഴി കേട്ടു സൌമിത്രിയും-
മുള്‍ക്കാമ്പഴിഞ്ഞവനോടു ചൊല്ലീടിനാന്‍
‘ദുഃഖേന ഞാന്‍ പരുഷങ്ങള്‍ പറഞ്ഞതു-
മൊക്കെ ക്ഷമിയ്ക്ക മഹാഭാഗനല്ലോ നീ
നിങ്കല്‍ പ്രണയമധികമുണ്ടാകയാല്‍
സങ്കടം കൊണ്ടു പറഞ്ഞിതു ഞാനെടോ!
വൈകാതെ പോക വനത്തിനു നാമിനി
രാഘവന്‍ താനേ വസിയ്ക്കുന്നതുമെടോ.