ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 15

അര്‍ജ്ജുന ഉവാച:

പശ്യാമി ദേവാംസ്തവ ദേവ! ദേഹേ
സര്‍വ്വാംസ്തഥാ ഭൂതവിശേഷ സംഘാന്‍
ബ്രഹ്മാണമീശം കമലാസനസ്ഥ-
മൃഷീംശ്ച സര്‍വ്വാനുരഗാംശ്ച ദിവ്യാന്‍

അല്ലയോ ദേവാ, അങ്ങയുടെ ദേഹത്തില്‍ ദേവന്മാരേയും അതുപോലെ സകല ജീവജാലങ്ങളേയും പത്മാസനത്തില്‍ സ്ഥിതിചെയ്യുന്ന ബ്രഹ്മാവിനേയും എല്ലാ ഋഷിമാരേയും ദിവ്യങ്ങളായ സര്‍പ്പങ്ങളേയും ഞാന്‍ കാണുന്നു.

അല്ലയോ ദേവ, അങ്ങ് വിജയിപ്പൂതാക. അങ്ങയുടെ കാരുണ്യം കൊണ്ട് സാധാരാണക്കാരനായ എന്നെപ്പോലെയുള്ളവര്‍ക്ക് അങ്ങയുടെ വിശ്വരൂപം ദര്‍ശിക്കാന്‍ കഴിഞ്ഞു. എനിക്ക് അത്യാനന്ദം നല്കിയ മറ്റൊരു കാര്യം അങ്ങ് ചെയ്തു. അതായത് ഈ പ്രപഞ്ചസൃഷ്ടിയുടെ അവലംബം അങ്ങാണെന്ന് എന്‍റെ സ്വന്തം കണ്ണുകള്‍കൊണ്ടുതന്നെ എനിക്കു കാണാന്‍ കഴിഞ്ഞു. ഭഗവാനേ, മന്ദരപര്‍വര്‍വ്വതത്തിലെ കാടുകളില്‍ വന്യമൃഗങ്ങള്‍ കൂട്ടംകൂട്ടമായി മേഞ്ഞുനടക്കുന്നതുപോലെ, അങ്ങയുടെ ദിവ്യശരീരത്തില്‍ പ്രപഞ്ചം മുഴുവനും ചിതറിക്കിടക്കുന്നതായി ഞാന്‍ കാണുന്നു. വിസ്തൃതമായ വാനത്തില്‍ താരാസമൂഹങ്ങളെക്കാണാം. വലിയ വൃഷങ്ങളില്‍ പക്ഷികളുടെ കൂടുകള്‍ കാണാം. അതുപോലെ അങ്ങയുടെ വിശ്വരൂപത്തില്‍ സ്വര്‍ഗ്ഗലോകത്തേയും അവിടുത്തെ ദേവന്മാരേയും കാണുന്നു. ഭഗവാനേ, ഞാന്‍ അങ്ങയുടെ ശരീരത്തില്‍ പഞ്ചഭൂതങ്ങളുടെ ദശസഹസ്രം ഗണങ്ങളേയും അവയുടെ സൃഷ്ടികളായ വിവിധ ജീവജാലങ്ങളേയും കാണുന്നു.

അതാ എനിക്കു സത്യലോകം ഗോചരമാകുന്നു. അവിടെ കാണുന്നതു ബ്രഹ്മാവുതന്നെയല്ലേ? മറ്റൊരു ഭാഗത്തു കൈലാസപര്‍വ്വതം കാണുന്നു. പരമശിവന്‍ പാര്‍വ്വതിയോടൊപ്പം അവിടെ സ്ഥിതി ചെയ്യുന്നു. എന്നുമാത്രമല്ല, അല്ലയോ ദേവാ, അതാ ഞാന്‍ അങ്ങയെത്തന്നെ ദര്‍ശിക്കുന്നു. ഞാന്‍ കശ്യപനെ കാണുന്നു; തന്നെയുമല്ല എല്ലാ മുനികളുടേയും വംശപരമ്പരയില്‍പ്പെട്ട അനേകം ഋഷിമാരെ കാണുന്നു. അങ്ങയുടെ വിശ്വരൂപത്തില്‍ പാതാളത്തേയും ദിവ്യനാഗങ്ങളേയും ഞാന്‍ കാണുന്നു. ഞാന്‍ എന്തിന് ഏറെപ്പറയണം. അല്ലയോ ജഗത്രയങ്ങളുടേയും നാഥനായ ദേവാ, അങ്ങയുടെ ഓരോ അവയവത്തിന്‍റേയും ചുവരില്‍ പതിനാലു ലോകങ്ങളും ചിത്രീകരിച്ചിരിക്കുന്നു. ആ ചിത്രത്തില്‍ ഈ ലോകവാസികളെയെല്ലാം എനിക്കു കാണാന്‍ കഴിയുന്നു. ഇപ്രകാരം അങ്ങയുടെ അപ്രമേയമായ മാഹാത്മ്യത്തെ ഞാന്‍ കാണുന്നു.