ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 18
ത്വമക്ഷരം പരമം വേദിതവ്യം
ത്വമസ്യ വിശ്വസ്യ പരം നിധാനം
ത്വമവ്യയ ശാശ്വതധര്‍മ്മഗോപ്താ
സനാതനസ്ത്വം പുരുഷോ മതോ മേ
വിശ്വരൂപനായ അങ്ങ് അറിയപ്പെടേണ്ട പരമകാരണമായ നിത്യ വസ്തുവാണെന്നും ഈ വിശ്വത്തിന്‍റെ അന്തിമമായ ആശ്രയസ്ഥാനം അവിടുന്നാണെന്നും അവ്യയനായ അങ്ങാണ് സനാതനധര്‍മ്മങ്ങളുടെ നിത്യരക്ഷകനെന്നും അങ്ങാണ് പ്രകൃതിയെ നിയന്ത്രിക്കുന്ന പരമാത്മാവെന്നും എനിക്ക് വ്യക്തമായി തെളിഞ്ഞിരിക്കുന്നു.
ഭഗവാനേ, അങ്ങാണ് അനശ്വരമായ പരബ്രഹ്മം. അങ്ങയുടെ നിത്യമായ വാസസ്ഥാനത്തെ വേദങ്ങള്‍ തിരയുന്നു. മൂന്നര അക്ഷരപാദങ്ങളുള്ള ഏകസ്വരോച്ചാരണപരമായ ഓങ്കാരത്തിനും അതീതനാണങ്ങ്. എല്ലാ പ്രതിഭാസങ്ങളുടേയും ഉറവിടവും അന്തിമവിശ്രമസ്ഥാനവും അവിടുന്നാണ്. അങ്ങ് അവ്യയനും അതലസ്പര്‍ശനും അനശ്വരനുമാണ്. നഭോമണ്ഡലങ്ങളുടെ ഗേഹവും പ്രപഞ്ചത്തിന്‍റെ നിധാനവുമായ മൂലസ്ഥാനം അങ്ങാണ്. അങ്ങ് എല്ലാ ധര്‍മ്മങ്ങളുടേയും പ്രാണാധാരമാണ്. അങ്ങ് സ്വയംഭൂവാണ്. അങ്ങ് നിത്യവസ്തുവാണ്. അങ്ങാണ് വിശ്വത്തിന്‍റെ നാഥന്‍, പരംപൊരുള്‍ .