ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 21
അമീ ഹി ത്വാം സുരസംഘാ വിശന്തി
കേചിദ് ഭീതാഃ പ്രാഞ്ജലയോ ഗൃണന്തി
സ്വസ്തീത്യുക്ത്വാ മഹര്‍ഷിസിദ്ധസംഘാഃ
സ്തുവന്തി ത്വാം സ്തുതിഭിഃ പുഷ്പകലാഭിഃ
ഇതാ ഈ ദേവസമൂഹങ്ങള്‍ അങ്ങയുടെ ഉള്ളിലേക്കു കടന്നു മറയുന്നതായി കാണുന്നു. ചിലര്‍പേടിച്ച് കൈകൂപ്പി പ്രാര്‍ത്ഥിക്കുന്നു. മഹര്‍ഷിമാരും സിദ്ധന്മാരും മംഗളം ഭവിക്കട്ടെ എന്നാശംസിച്ചുകൊണ്ട് ദിവ്യസ്തോത്രങ്ങളാല്‍ അങ്ങയെ വാഴ്ത്തുന്നു.
അതാ അവിടെ ദേവന്മാരുടെ സംഘങ്ങളെക്കാണുന്നു. അവര്‍ ഭക്തി പാരവശ്യത്തോടെ അങ്ങയുടെ ദിവ്യമായ അസ്തിത്വത്തിലേക്കു പ്രവേശിക്കുന്നു. അങ്ങയുടെ ആധ്യാത്മിക തേജസ്സ് അവരുടെ കര്‍മ്മഫലങ്ങളെ എരിച്ചുകളഞ്ഞിരിക്കുന്നു. മറ്റു ചിലര്‍ സംഭീതരായി അങ്ങയുടെ മുന്നില്‍നിന്നു കൈകൂപ്പി പ്രാര്‍ത്ഥിക്കുന്നു.
അല്ലയോ ഭഗവാനേ, ഞങ്ങള്‍ ഭൗതികസുഖങ്ങളുടെ കുരുക്കില്‍പ്പെട്ട് അജ്ഞതയുടെ ആഴക്കടലില്‍ മുങ്ങിച്ചാവുകയാണ്. സ്വര്‍ഗ്ഗീയാനന്ദത്തിന്‍റേയും ഐഹികജീവിതത്തിലെ ജനനമരണചക്രങ്ങളുടേയും കെണിയില്‍പ്പെട്ടിരിക്കുന്ന ഞങ്ങളെ അതില്‍നിന്നു കയറ്റിവിടാന്‍ അങ്ങല്ലാതെ മറ്റാരാണുള്ളത്? ആകയാല്‍ അങ്ങയുടെ ഇച്ഛയ്ക്കുമുന്നില്‍ ഞങ്ങള്‍ എല്ലാം സമര്‍പ്പിച്ചിരിക്കുന്നു.
അല്ലയോ ഭഗവാനേ, അവിടെ കശ്യപമുനിയെപ്പോലുള്ള ഋഷികളുടേയും കപില മഹര്‍ഷിയെപ്പോലുള്ള സിദ്ധന്മാരുടേയും ഗന്ധര്‍വ്വന്മാരുടേയും സമൂഹങ്ങളെക്കാണുന്നു. അവരെല്ലാം അങ്ങേക്ക് സ്വസ്തിനേര്‍ന്നുകൊണ്ട് അങ്ങയെ സ്തുതിച്ച് തിരുനാമസ്തോത്രങ്ങള്‍ ആലപിക്കുന്നു.