ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 35,36

സഞ്ജയ ഉവാച:

ഏതച്ഛ്റുത്വാ വചനം കേശവസ്യ
കൃതാഞ്ജലിര്‍വേപമാനഃ കിരീടീ
നമസ്കൃത്വാ ഭൂയ ഏവാഹ കൃഷ്ണം
സഗദ്ഗദം ഭീതഭീതഃ പ്രണമ്യ

സഞ്ജയന്‍ പറഞ്ഞു: വിശ്വരൂപം ധരിച്ചു നില്‍ക്കുന്ന കൃഷ്ണന്‍റെ ഈ വാക്കുകേട്ട് അര്‍ജ്ജുനന്‍ ഭയാധിക്യത്താല്‍ വിറച്ചുകൊണ്ട് ഭഗവാനെ തലകുനിച്ച് നമസ്കരിച്ച് കൈകള്‍കൂപ്പി തൊണ്ടയിടറിക്കൊണ്ട് പിന്നെയും പറഞ്ഞു.

ആഗ്രഹങ്ങള്‍ സഫലമാകാതെ വിഷാദമൂകനായി ദുഃഖിതനായിരുന്ന കൗരവരാജാവിനോട് സഞ്ജയന്‍ എല്ലാ കഥകളും വിശദമായി പ്രസ്താവിച്ചുകൊണ്ട് തുടര്‍ന്നു.

സത്യലോകത്തുനിന്നു കുലംകുത്തിയൊഴുകുന്ന ഗംഗാജലത്തിന്‍റെ ആരവംപോലെ ഗംഭീരമായ ശബ്ദത്തിലാണ് ഭഗവാന്‍ കൃഷ്ണന്‍ സംസാരിച്ചത്. കനത്ത കാര്‍മേഘങ്ങള്‍ വര്‍ഷിക്കുന്ന മഴവെള്ള പ്രവാഹത്തിന്‍റെ മുഴക്കമാര്‍ന്ന ശബ്ദംപോലെ, പ്രപഞ്ചത്തിന്‍റെ ആദിയും അമേയനുമായ ഭഗവാന്‍ കൃഷ്ണന്‍റെ ആഢ്യത്വമാര്‍ന്ന നിനദം അവിടെയാകെ പ്രതിദ്ധ്വനിച്ചു. ഭഗവാന്‍റെ വാക്കുകള്‍ അര്‍ജ്ജുനന്‍ കഷ്ടിച്ചു കേട്ടതേയുള്ളൂ. അത് അവനില്‍ സന്തോഷമാണോ സന്താപമാണോ ഉണ്ടാക്കിയതെന്നറിവില്ല. അവന്‍റെ ശരീരം അടിമുടി വിറച്ചു. അവന്‍ കൈകള്‍കൂപ്പികൊണ്ട് തലകുനിച്ച് ഭഗവാന്‍റെ പാദത്തില്‍ പ്രണമിച്ചു. അവന്‍ സംസാരിക്കാന്‍ ഒരുമ്പെട്ടപ്പോള്‍ വാക്കുകള്‍ അവന്‍റെ തൊണ്ടയില്‍ കുടുങ്ങിപ്പോയി. അവന്‍ പിന്നെയും പിന്നെയും ഭഗവാനെ നമസ്കരിച്ചു. അവസാനം ഭയചകിതനായി ഇപ്രകാരം പറഞ്ഞു. ഭഗവാനെ, അങ്ങു പറഞ്ഞത് ഇപ്രകാരമാണ്.

അര്‍ജ്ജുന ഉപാച:

സ്ഥാനേ ഹൃഷികേശ! തവ പ്രകീര്‍ത്ത്യാ
ജഗത് പ്രഹൃഷ്യത്യനുരജ്യതേ ച
രക്ഷാംസി ഭീതാനി ദിശോ ദ്രവന്തി
സര്‍വ്വേ നമസ്യന്തി ച സിദ്ധസംഘാഃ

ഭഗവാനേ, അങ്ങയെ പ്രകീര്‍ത്തിക്കുന്നതുകൊണ്ട് ഈ ജഗത്ത് സന്തോഷിക്കുകയും സുഖിക്കുകയും ചെയ്യുന്നു. ഇത് യുക്തം തന്നെ. രാക്ഷസവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ ഭയപ്പെട്ട് നാനാദിക്കുളിലേക്കും ഓടിപ്പോകുന്നു. എല്ലാ സിദ്ധന്മാരും അങ്ങയെ നമസ്കരിക്കുകയും ചെയ്യുന്നു.

അല്ലയോ അര്‍ജ്ജുന, ഞാന്‍ സംഹാരകനാണ്. എല്ലാ ജീവികളേയും നശിപ്പിക്കുന്നത് എന്‍റെ ദിവ്യലീലയാണ്.

ഇത് ഏറ്റവും ഉചിതമായ പ്രസ്താവനയായി ഞാന്‍ കണക്കാക്കുന്നു. പക്ഷേ, കാലമാകുന്ന സംഹാരകനായ അങ്ങ് പ്രപഞ്ചം നിലനില്‍ക്കേണ്ട സമയത്ത് അതിനെ സംഹരിക്കുമെന്നു പറഞ്ഞത് യുക്തിപൂര്‍വ്വമായി എനിക്കു തോന്നുന്നില്ല. ഒരാള്‍ക്ക് യൗവനത്തെ ശരീരത്തില്‍നിന്നു മാറ്റി നിര്‍ത്തി തല്‍സ്ഥാനത്ത് അകാല വാര്‍ദ്ധക്യത്തെ പ്രതിഷ്ഠിക്കാന്‍ കഴിയുമോ? അതുകൊണ്ട് അങ്ങയുടെ ഇച്ഛ നടപ്പാക്കുക അസാദ്ധ്യമാണ്. നാലു പ്രഹരങ്ങള്‍ (ഒരു പ്രഹരം ഏഴര നാഴിക) കഴിയാതെ ദിവാമദ്ധ്യ ദിവാകരന്‍ അസ്തമിക്കാറുണ്ടോ? അല്ലയോ ദേവാ, അങ്ങയുടെ അവസ്ഥ നൈരന്തര്യമാണെങ്കിലും ഭൂതവും വര്‍ത്തമാനവും ഭാവിയും അങ്ങേയ്ക്ക് ബാധകമല്ലേ? പ്രപഞ്ചോല്പത്തി ആരംഭിക്കുമ്പോള്‍ സ്ഥിതിയും ലയവും നിലനില്‍ക്കുന്നില്ല. അവ നിര്‍ത്തിവയ്ക്കപ്പെടുന്നു. പ്രപഞ്ചം സ്ഥിതിചെയ്യുമ്പോള്‍ ഉത്പത്തിയും ലയവും പ്രവര്‍ത്തനരഹിതമാകുന്നു. അവസാനമായുള്ള പ്രപഞ്ചത്തിന്‍റെ ലയവേളയില്‍ ഉത്പത്തിയും സ്ഥിതിയും അവസാനിക്കുന്നു. ഈ നില ശാശ്വതമായി നിലനിന്നുപോരുന്നതാണ്. ഇതിനെ മാറ്റിമറിക്കാന്‍ സാദ്ധ്യമല്ല. ഇപ്പോള്‍ ഈ ലോകം നിലനില്‍ക്കുന്ന അവസ്ഥയിലാണ്. ജീവിതവും സുഖാനുഭൂതിയും ഇവിടെ വികസിച്ചുനില്‍ക്കുന്നു. ഈ കാലസന്ധിയില്‍ അങ്ങ് ഇതിനെ സംഹരിക്കുന്നതിനുള്ള യാതൊരു സാദ്ധ്യതയും ഞാന്‍ കാണുന്നില്ല.

ഇതു കേട്ടപ്പോള്‍ തലകുലുക്കിക്കൊണ്ട് ഭഗവാന്‍ പറഞ്ഞു. അല്ലയോ പാര്‍ത്ഥ, ഇരുസൈന്യങ്ങളും അവയുടെ അവസാനത്തിലേക്കു പാഞ്ഞണയുന്നത് വ്യക്തമായി ഞാന്‍ നിന്നെ കാണിച്ചില്ലേ? ലോകത്തിന്‍റെ ശേഷിച്ച ഭാഗം അതിന്‍റെ നിര്‍ണ്ണയകാലത്ത് അവസാനിക്കും.

ഭഗവാന്‍ ഇത്രയും പറഞ്ഞു തീര്‍ന്നപ്പോഴേക്കും ലോകം അതിന്‍റെ പൂര്‍വ്വാവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നതായി അര്‍ജ്ജുനന്‍ കണ്ടു. അവന്‍ പറഞ്ഞു:

പ്രഭോ, ഈ വിശ്വമാകുന്ന അരങ്ങിലെ എല്ലാറ്റിനേയും ചലിപ്പിക്കുന്ന ചരട് അങ്ങയുടെ കൈയ്യിലാണ്. അങ്ങ് ഇപ്പോള്‍ ഈ ലോകത്തെ രക്ഷിക്കുകയും പൂര്‍വസ്ഥിതിയിലാക്കുകയും ചെയ്തിരിക്കുന്നു. കഷ്ടപ്പാടുകളുടെ കടലില്‍ മുങ്ങിക്കിടക്കുന്ന മര്‍ത്ത്യരെ കരയ്ക്കു കയറ്റുന്നതില്‍ അങ്ങു കാണിക്കുന്ന കാരുണ്യത്തെ എല്ലാവരും പ്രകീര്‍ത്തിക്കുന്നു. ആ പരമസത്യത്തെ ഓര്‍ത്തോര്‍ത്ത് ഞാന്‍ അമൃതാനന്ദത്തിന്‍റെ അലകളില്‍ നീന്തിത്തുടിക്കുകയും പരമാനന്ദത്തിന്‍റെ നിര്‍വൃതി അനുഭവിക്കുകയും ചെയ്യുന്നു. ഭഗവാനേ, ഈ ലോകത്തിന്‍റെ നിലനില്‍പ്പ് നീട്ടികിട്ടിയതില്‍ മര്‍ത്ത്യരെല്ലാം അങ്ങയോട് കൃതാര്‍ത്ഥരാണ്. അവരെല്ലാം ഗാഢാനുരാഗത്താല്‍ അങ്ങയോട് ബന്ധിതരായിരിക്കുന്നു. ദുഃഷ്ടന്മാര്‍ നിര്‍മാര്‍ജ്ജനം ചെയ്യപ്പെട്ടിരിക്കുന്നു. മുപ്പാരിലുള്ള രാക്ഷസന്മാര്‍ അങ്ങയെ ഭയന്ന് നാനാവഴിക്കും ഓടിയൊളിക്കുന്നു. അതേ സമയത്ത് ദേവന്മാരും യക്ഷന്മാരും സിദ്ധന്മാരും എല്ലാ ചരാചരങ്ങളും അങ്ങയെ നമസ്കരിക്കുന്നു.