ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 44

തസ്മാദ് പ്രണമ്യ പ്രണിധായ കായം
പ്രസാദയേ ത്വാമഹമീശമീഡ്യം
പിതേവ പുത്രസ്യ സഖേവ സഖ്യുഃ
പ്രിയഃ പ്രിയായാര്‍ഹസി ദേവ സോഢും


ആകയാല്‍ സ്തുത്യര്‍ഹനും രക്ഷിതാവുമായ അങ്ങയെ ദണ്ഡനമസ്കാരം ചെയ്ത് ഞാന്‍ പ്രസാദിപ്പിക്കുന്നു. പ്രസാദിക്കേണേ എന്നു പ്രാര്‍ത്ഥിക്കുന്നു. അച്ഛന്‍ മകന്‍റെയെന്നപോലെ, ഭര്‍ത്താവ് ഭാര്യയുടെയെന്നപോലെ അല്ലയോ ദേവാ, അങ്ങ് എന്‍റെ തെറ്റുകളും ക്ഷമിക്കാന്‍ കടപ്പെട്ടിരിക്കുന്നു.

ഇപ്രകാരം പറഞ്ഞുകൊണ്ട് അര്‍ജ്ജുനന്‍ ഭഗവാന്‍റെ മുന്നില്‍ സാഷ്ടാംഗപ്രണാമം ചെയ്തു. അവന്‍റെ മനസ്സ് ഭഗവാനോടുള്ള ബഹുമാനാദരങ്ങള്‍കൊണ്ട് നിറഞ്ഞിരുന്നു. അവന്‍ ഗദ്ഗദത്തോടെ പറഞ്ഞു.

അല്ലയോ ഭഗവാനേ, എന്നോട് കരുണ കാണിക്കേണമേ. എന്നെ എന്‍റെ ദുഷ്കൃതങ്ങളുടെ വാരിധിയില്‍ നിന്നു കരകയറ്റേണമേ. വിശ്വത്തിന്‍റെ മുഴുവന്‍ സുഹൃത്തായ അങ്ങയെ എന്‍റെ ബന്ധുവായിക്കരുതി വേണ്ടതരത്തിലുള്ള ആദരവ് കാണിച്ചില്ല. ദേവാധിദേവനായ അങ്ങയോട് ഞാന്‍ അഹങ്കാരത്തോടെ പെരുമാറി. പ്രകീര്‍ത്തിക്കപ്പെടേണ്ട അങ്ങ് എന്നോടുള്ള സ്നേഹാധിക്യംകൊണ്ട് മറ്റുള്ളവരുടെ മുന്നില്‍വച്ച് എന്നെ സ്തുതിച്ചു. അതുകേട്ട് പ്രചോദിതനായ ഞാന്‍ കൂടുതല്‍ ആത്മപ്രശംസ നടത്തി. എന്‍റെ തെറ്റുകള്‍ അസംഖ്യമാണ്. എന്നിട്ടും എങ്ങനെയാണ് എന്നെ രക്ഷിക്കണമെന്ന് അങ്ങയോടു പറയുന്നത്. ഒരച്ഛന്‍ ആനന്ദമോ ആതങ്കമോ കൂടാതെ തന്‍റെ മകന്‍റെ പിഴകളെ പൊറുക്കുന്നതുപോലെ അങ്ങ് എന്‍റെ അപരാധങ്ങളെ ക്ഷമിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. ഒരുറ്റ തോഴനോട് എന്തും പറയാമെങ്കിലും ഞങ്ങള്‍ അങ്ങയെക്കൊണ്ട് ഭക്ഷണം കഴിച്ച പാത്രങ്ങള്‍ വരെ കഴുകിച്ചു. ഞങ്ങള്‍ അങ്ങയോട് കാണിച്ച അനാദരവുകള്‍ അങ്ങു ക്ഷമിക്കണം. ഒരുവന്‍ തന്‍റെ ആത്മസുഹൃത്തിനെ കാണുമ്പോള്‍ തന്‍റെ കഷ്ടപ്പാടുകളെപ്പറ്റി ഹൃദയം തുറന്നു സംസാരിക്കും. എല്ലാം ഭര്‍ത്താവില്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വസ്തയായ ഒരു ഭാര്യക്ക് അവളുടെ ചിത്തവികാരങ്ങള്‍ അദ്ദേഹത്തില്‍നിന്നു മറച്ചുവയ്ക്കാന്‍ കഴിയുമോ? അതുപോലെ അങ്ങയുടെ മാപ്പിനായി ഞാന്‍ യാചിക്കുന്നു. എനിക്ക് ഒരു കാര്യംകൂടി അങ്ങയോട് പറയാനുണ്ട്.