ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 47

ശ്രീ ഭഗവാന്‍ ഉവാച:

മയാ പ്രസന്നേന തവാര്‍ജ്ജുനേദം
രൂപം പരം ദര്‍ശിതമാത്മയോഗാല്‍
തേജോമയം വിശ്വമനന്തമാദ്യം
യന്മേ ത്വദന്യേന ന ദൃഷ്ടപൂര്‍വ്വം


അല്ലയോ അര്‍ജ്ജുന, ഈ വിശിഷ്ടമായ ഈശ്വരരൂപം നിന്നില്‍ പ്രസന്നനായ ഞാന്‍ സ്വന്തം യോഗശക്തിയാല്‍ നിനക്കു കാണിച്ചു തന്നു. തേജോമയവും പ്രപഞ്ചാകാരം കൈകൊണ്ടതും അനന്തവും പ്രപഞ്ചത്തിന്‍റെ മുഴുവന്‍ ആരംഭവുമായ ഈ രൂപം നീയൊഴിച്ച് മറ്റാരും മുമ്പ് കണ്ടിട്ടുള്ളതേയല്ല.

അര്‍ജ്ജുനന്‍റെ വാക്കുകള്‍ കേട്ട് അത്ഭുതപ്പെട്ട ഭഗവാന്‍ പറഞ്ഞു:

ഞാന്‍ നിന്നെപ്പോലെ വിവേക ശൂന്യനായ ഒരാളെ മുമ്പ് കണ്ടിട്ടേയില്ല. അതുല്യ മാഹാത്മ്യത്തോടുകൂടിയ ഒരപൂര്‍വ്വ ദൃശ്യമാണ് നീ ദര്‍ശിച്ചത്. എന്നിട്ടും നിനക്ക് ആനന്ദ പാരവശ്യംകൊണ്ട് തുള്ളിച്ചാടാന്‍ കഴിയുന്നില്ല. അതിനു പകരം ഭയംകൊണ്ട് ഒരു താന്തോന്നിയെപ്പോലെ നീ സംസാരിക്കുന്നുവെന്ന് നീ അറിയുന്നില്ല. ഞാന്‍ ഒരു ഭക്തനില്‍ പ്രസാദിച്ചാല്‍ അവന്‍റെ ബാഹ്യമായ ശ്രേയസ്സിനാവശ്യമായതെല്ലാം ധാരാളമായി ദാനം ചെയ്യാറുണ്ട്. എന്നാല്‍ എന്‍റെ ആത്മരഹസ്യത്തിന്‍റെ പരമമായ ദാനം സ്വീകരിക്കത്തക്കവണ്ണമുള്ള യഥാര്‍ത്ഥ ഭക്തന്മാര്‍ എത്രയോ വിരളമാണ്. നിനക്കുവേണ്ടി പ്രപഞ്ചത്തിലെ സത്തും അസത്തുമായ എല്ലാറ്റിനേയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഈ വിശ്വരൂപം പ്രകടിപ്പിച്ചു. നിന്‍റെ ഭക്തിനിര്‍ഭരമായ പ്രേമം എന്നെ എത്രമാത്രം വശീകരിച്ചുവെന്ന് എനിക്കറിഞ്ഞുകൂട. ഏതായാലും അതിന്‍റെ ഫലമായി നിന്‍റെ ആഗ്രഹനിവൃത്തിവരുത്താന്‍, നിലനില്‍പ്പിന്‍റെ അജ്ഞേയമായ രഹസ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന എന്‍റെ പൊരുള്‍ ഞാന്‍ ലോകത്തിനു മുമ്പില്‍ വെളിവാക്കി. എന്‍റെ ഈ രൂപം മായയ്ക്ക് എത്തിച്ചേരാന്‍ കഴിയുന്ന പരിധിക്കുമപ്പുറത്താണ്. ഇതില്‍ നിന്ന് കൃഷ്ണനും മറ്റവതാരങ്ങളും രൂപംകൊണ്ടു. ഇതില്‍ ജ്ഞാനത്തിന്‍റെ പ്രകാശം നിറഞ്ഞിരിക്കുന്നു. ഇതു സര്‍വ്വവ്യാപകമാണ്; അനാദിയാണ്; അവ്യയമാണ്; അനന്തമാണ്; പ്രപഞ്ചത്തിന്‍റെ സുസ്ഥിരമായ അടിത്തറയാണ്. അല്ലയോ അര്‍ജ്ജുനാ, നീയല്ലാതെ മറ്റാരും ഇത് ഇതിനുമുമ്പ് ദര്‍ശിച്ചിട്ടില്ല. ഇതിനെപ്പറ്റി ആരും കേട്ടിട്ടില്ല. ബാഹ്യപ്രവര്‍ത്തനങ്ങള്‍കൊണ്ട് ഇതിനെ ആര്‍ക്കും കൈവരിക്കാനും കഴിയില്ല.