ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 54

ഭക്ത്യാ ത്വനന്യയാ ശക്യ
അഹമേവംവിധോƒര്‍ജ്ജുന
ജ്ഞാതും ദ്രഷ്ടും ച തത്ത്വേന
പ്രവേഷ്ടും ച പരന്തപ

എന്നാല്‍ ഹേ ശത്രുക്കളെ തണുപ്പിക്കുന്നവനായ അര്‍ജ്ജുനാ നീ കണ്ടതുപോലെയുള്ള വിശ്വരൂപനായ എന്നെ ശരിയാംവണ്ണംഅറിയുന്നതിനും കാണുന്നതിനും എന്നില്‍ തന്മയീഭവിക്കുന്നതിലും ഏകാന്ത ഭക്തികൊണ്ട് സാധിക്കുന്നതാണ്.

കാര്‍മുകില്‍ വര്‍ഷിക്കുന്ന മഴവെള്ളം നേരേ ഭൂമിയിലെത്തിയേ മതിയാകൂ. അതുപോലെ അചഞ്ചലമായ ഭക്തി അതിന്‍റെ ആശ്രയസ്ഥാനമായ എന്നിലേക്കു നേരിട്ടെത്തുന്നു. ഗംഗാനദിയില്‍ നേരിട്ടെത്തുന്നവെള്ളം വാരിധിയെ തേടി പ്രവഹിച്ച്, അന്ത്യത്തില്‍ അതുമായി ഒന്നുചേരുന്നു. അതുപോലെ എന്നില്‍ അനന്യവും അചഞ്ചലവുമായ ഭക്തിയുള്ളവന്‍ എന്നെ പ്രാപിക്കുകയും ഞാനുമായി ഏകീഭവിക്കുകയും ചെയ്യുന്നു. ക്ഷീരസാഗരത്തിലെ ക്ഷീരം സാഗരതീരത്തുനിന്നായാലും സാഗരമദ്ധ്യത്തുനിന്നായാലും ഒരുപോലെ മധുരമുള്ളതായിരിക്കും. അപ്രകാരം ഞാന്‍ എല്ലാവര്‍ക്കും ഒരുപോലെ പ്രേമസ്വരൂപനാണ്. എന്‍റെ ദിവ്യമായ സത്വത്തെയല്ലാതെ മറ്റൊന്നിനേയും ലക്ഷ്യമാക്കാതെ ഉപാസിക്കുന്നവന്‍ ഉറുമ്പുമുതല്‍ക്കുള്ള എല്ലാ ജീവജാലങ്ങളിലും എന്‍റെ ചൈതന്യം തന്നെ ദര്‍ശിക്കുന്നു. അങ്ങനെയുള്ളവന്‍റെ ആരാധനാ മനോഭാവം എന്‍റെ അമേയമായ അസ്ഥിത്വത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന് അവന് ഇടനല്‍കുകയും അവന്‍ എന്‍റെ വിശ്വരൂപത്തെ ദര്‍ശിക്കുകയും എന്‍റെ സര്‍വ്വവ്യാപകമായ സത്തയില്‍ താദാത്മ്യം പ്രാപിക്കുകയും ചെയ്യുന്നു. അഗ്നിയില്‍ വീഴുന്ന വിറക് എരിഞ്ഞ് അതിന്‍റെ ഒരംശംപോലും ശേഷിക്കാതെ അഗ്നിയായി മാറുന്നു. ആകാശം അരുണോദയംവരെ അന്ധകാരത്തില്‍ അമര്‍ന്നിരിക്കുന്നു. സൂര്യോദയത്തോടുകൂടി എല്ലായിടത്തും വെളിച്ചം പരക്കുന്നു. അതുപോലെ എന്‍റെ വിശ്വരൂപദര്‍ശനത്തോടെ അഹംഭാവം നശിക്കുകയും അതോടൊപ്പം ദ്വന്ദ്വഭാവം അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ആ പരമമുഹൂര്‍ത്തത്തില്‍ അവനും ഈ പ്രപഞ്ചവും ശുദ്ധവും സത്യവുമായ എന്‍റെ അസ്ഥിത്വം മാത്രമാണെന്ന് അവന്‍ മനസ്സിലാക്കുകയും ഞാനുമായി തന്മയീഭവിക്കുകയും ചെയ്യുന്നു.