ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 55
മത്കര്‍മ്മ കൃത് മത്പരമഃ
മദ്ഭക്തഃ സംഗവര്‍ജ്ജിതഃ
നിര്‍വൈരഃ സര്‍വ്വഭൂതേഷു
യഃ സ മാമേതി പാണ്ഡവ
അല്ലയോ പാണ്ഡുപുത്രാ, കര്‍മ്മങ്ങളെല്ലാം എന്‍റെ അര്‍ച്ചനയായി അനുഷ്ഠിക്കുന്നവനും എന്നെ പരമാശ്രയമായി കാണുന്നവനും എന്നില്‍ പരമപ്രേമത്തോടുകൂടിയവനും ഒന്നിലും ഞാന്‍ എന്‍റേത് എന്നു ഭാവമില്ലാത്തവനും ആരോ അവന്‍ എന്നെ പ്രാപിക്കുന്നു.
അപ്രകാരമുള്ള ഒരു ഭക്തന്‍ സര്‍വകര്‍മ്മങ്ങളും എനിക്കുവേണ്ടി ചെയ്യുകയും എന്നില്‍ അര്‍പ്പിക്കുകയും ചെയ്യുന്നു. അവന്‍ എന്നെത്തന്നെ പരമലക്ഷ്യമായി കരുതുകയും എന്നെക്കാള്‍ പ്രിയങ്കരമായി ഒന്നുംതന്നെ ഇല്ലെന്നു കൊണ്ടാടുകയും ചെയ്യുന്നു. അവന്‍ എല്ലാ ജീവജാലങ്ങളിലും എന്നെ ദര്‍ശിക്കുകയും അവയുടെ നാമരൂപാദികളില്‍ യാതൊരു ഭേദചിന്തയുമില്ലാതെ അവയില്‍കൂടി എന്നെ ഉപാസിക്കുകയും ചെയ്യുന്നു. അവന്‍ എല്ലാറ്റിലും സമദര്‍ശനം നേടിയിരിക്കുന്നതിനാല്‍ എല്ലാറ്റിനേയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയും ഒന്നിനോടും ദ്വേഷമില്ലാതിരിക്കുകയും ചെയ്യുന്നു. അപ്രകാരമുള്ള ഒരു ഭക്തന്‍ അവന്‍റെ ശരീരം വിടുമ്പോള്‍ അവന്‍ ഞാനുമായി ഏകീഭവിക്കുകയും എന്‍റെതന്നെ ആത്മാംശമായത്തീരുകയും ചെയ്യുന്നു.
സഞ്ജയന്‍ പറഞ്ഞു: അല്ലയോ മഹാരാജാവേ, സര്‍വ്വ പ്രപഞ്ചത്തേയും തന്നില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഭഗവാന്‍, ഇപ്രകാരം കാരുണ്യംനിറഞ്ഞ വാക്കുകള്‍കൊണ്ട് അര്‍ജ്ജുനനോട് സംസാരിച്ചു. ഭഗവല്‍ഭക്തന്മാരുടെ ഏറ്റവും മുന്‍നിരയിലെത്തിയ അര്‍ജ്ജുനന്‍ ചിത്തഹര്‍ഷംകൊണ്ട് പുളകിതഗാത്രനായി. അവന്‍ ഭഗവാന്‍റെ രണ്ടുരൂപങ്ങളേയും സൂക്ഷമമായി വിചിന്തനംചെയ്തു. അവന്‍ ഭഗവാന്‍റെ മനുഷ്യരൂപമാണ് അധികം ഇഷ്ടപ്പെട്ടത്. അര്‍ജ്ജുനന്‍റെ താത്പര്യം ഭഗവാന് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. തന്‍റെ അപരിമേയമായ രൂപം പരിമേയമായ രൂപത്തേക്കാള്‍ ശ്രേഷ്ഠമാണെന്ന് അര്‍ജ്ജുനനനെ ബോധ്യപ്പെടുത്താന്‍ ചില വിശദീകരണങ്ങള്‍ അദ്ദേഹം നടത്തി. തന്‍റെ മനുഷ്യരൂപം ഒരു ശരീരത്തോടുമാത്രം ബന്ധപ്പെട്ടുനില്‍ക്കുന്നതുകൊണ്ട് അത് വിശ്വവ്യാപകമായ തന്‍റെ വിശ്വരൂപത്തെക്കാള്‍ എല്ലാതരത്തിലും അപ്രധാനമാണെന്ന് അര്‍ജ്ജുനനനെ ബോധ്യപ്പെടുത്താന്‍ ഭഗവാന്‍ ശ്രമിച്ചു. എന്നാല്‍ അര്‍ജ്ജുനന്‍ ഇതേപ്പറ്റി ഗാഢമായി ചിന്തിക്കുകയും ഈ രണ്ടുരൂപങ്ങളില്‍ ഏതാണുകൂടുതല്‍ ശ്രേഷ്ഠമെന്നു വിശദീകരിക്കാന്‍ ആവശ്യപ്പെടണമെന്ന് തീരുമാനിക്കുകയുമാണുണ്ടായത്. ഇതനുസരിച്ച് അര്‍ജ്ജുനന്‍ ഉചിതമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി.
ജ്ഞാനേശ്വരന്‍ പറയുകയാണ്: ആ കഥ സരളമായി ഓവിവൃത്തത്തില്‍ ഇമ്പമായവിധത്തില്‍ ഞാന്‍ നിങ്ങളോട് പറയാം. ശ്രദ്ധിച്ചുകേട്ട് ആനന്ദിക്കുക. പരമമായ ഭക്തിയോടും വിശ്വാസത്തോടും കൂടി എന്‍റെ മുകുളിതപാണികളില്‍ കാവ്യപുഷ്പങ്ങള്‍ നിറച്ച് ആ ദിവ്യരൂപത്തിന്‍റെ തൃപ്പാദങ്ങളില്‍ ഞാന്‍ അര്‍പ്പിക്കുന്നു.