കര്‍ത്തവ്യാനുഷ്ഠാനം നമ്മുടെ ആദ്ധ്യാത്മികപുരോഗതിയെ സഹായിക്കുന്നതെങ്ങനെയെന്നുള്ള ചിന്ത തുടരുന്നതിനുമുമ്പായി, ഭാരതവര്‍ഷത്തില്‍ കര്‍മ്മം എന്ന പദത്തിന് ഞങ്ങള്‍ വിവക്ഷിയ്ക്കുന്ന ആശയത്തിന്റെ മറ്റൊരു ഭാവത്തെക്കുറിച്ചു ചുരുക്കത്തിലൊന്നു പറഞ്ഞുകൊള്ളട്ടെ. എല്ലാ മതങ്ങളിലും മൂന്നു ഭാഗങ്ങളുണ്ട്; ജ്ഞാനകാണ്ഡം, കര്‍മ്മകാണ്ഡം, പുരാണേതിഹാസങ്ങള്‍. ഏതു മതത്തിന്റേയും സാരമായ ഭാഗം അതിലെ ജ്ഞാനകാണ്ഡമാകുന്നു; പുരാണേതിഹാസങ്ങള്‍ ഏറെക്കുറെ സങ്കല്പപാത്രങ്ങളായ വീര പുരുഷന്മാരുടെ ചരിതങ്ങള്‍ മുഖേനയും അദ്ഭുതകരമായ കഥകള്‍ മൂലവും മറ്റും തത്ത്വങ്ങളെ വിശദീകരിക്കയും ഉദാഹരിക്കയും ചെയ്യുന്നു. കര്‍മ്മകാണ്ഡ(തന്ത്ര)മാകട്ടെ, തത്ത്വശാസ്ത്രം ഏവര്‍ക്കും ഗ്രഹിക്കാറാക്കുന്നതിനുവേണ്ടി അതിനു കുറേക്കൂടി സ്ഥൂലമായ ഒരു രൂപം നല്കുന്നു; തന്ത്രം വാസ്തവത്തില്‍ മൂര്‍ത്തിമത്താക്കിയതാണ്; തന്ത്രവും കര്‍മ്മമാണ്. ആദ്ധ്യാത്മികമായി ഒരു ഉയര്‍ന്ന പടിയിലെത്താതെ ഗഹനങ്ങളായ അദ്ധ്യാത്മകാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ നമ്മളില്‍ അധികംപേര്‍ക്കും സാധിക്കയില്ലെന്നുള്ളതുകൊണ്ട്, എല്ലാ മതങ്ങളിലും തന്ത്രഭാഗത്തിന്റെ ആവശ്യമുണ്ട്.
തങ്ങള്‍ക്ക് എന്തും മനസ്സിലാക്കാന്‍ കഴിവുണ്ടെന്നു വിചാരിക്കാന്‍ മനുഷ്യര്‍ക്ക് എളുപ്പമാണ്; എന്നാല്‍ അനുഭവത്തില്‍ വരുമ്പോള്‍, തത്ത്വജ്ഞാനപരമായ സൂക്ഷ്മാശയങ്ങള്‍ ഗ്രഹിക്കുക പലപ്പോഴും വളരെ കഠിനമാണെന്ന് അവര്‍ക്ക് ബോധ്യമാകും. അതിനാല്‍ പ്രതീകങ്ങള്‍ വളരെ സഹായകമാകുന്നു. തത്ത്വങ്ങളെ പ്രതീകങ്ങള്‍ ഉപയോഗിച്ചു വിശദമാക്കുന്ന സമ്പ്രദായം വേണ്ടെന്നുവെയ്ക്കാന്‍ നമുക്കു നിര്‍വ്വാഹവുമില്ല. പുരാതനകാലം മുതല്‍ക്കേ, എല്ലാത്തരത്തിലുള്ള മതങ്ങളും പ്രതീകങ്ങള്‍ ഉപയോഗിച്ചുവന്നിട്ടുണ്ട്. ഒരര്‍ത്ഥത്തില്‍ പറയുമ്പോള്‍, പ്രതീകങ്ങളില്‍ക്കൂടിയല്ലാതെ, നമുക്കു ചിന്തിക്കാന്‍ കഴിവില്ല. വാക്കുകള്‍തന്നെ ചിന്തയുടെ പ്രതീകങ്ങളാണ്. മറ്റൊരര്‍ത്ഥത്തില്‍, ജഗത്തിലുള്ള ഓരോ വസ്തുവിനേയും ഓരോ പ്രതീകമായി ഗണിക്കാം. ജഗത്ത് ആകെക്കൂടി ഒരു പ്രതീകമാകുന്നു; ഈശ്വരന്‍ അതിന്റെ പിന്നിലെ സാരാംശവും. ഈ വിധമുള്ള പ്രതീകകല്പന വെറും മനുഷ്യസൃഷ്ടിയല്ല; ഒരു മതത്തില്‍പ്പെട്ട ചില ആളുകള്‍ ഒന്നിച്ചുകൂടിയിരുന്ന് ചില പ്രതീകങ്ങള്‍ ആലോചിച്ചുണ്ടാക്കി പുറത്തുകൊണ്ടുവന്നു നടപ്പിലാക്കുകയല്ല ചെയ്യുന്നത്. മതപരമായ പ്രതീകങ്ങള്‍ പ്രകൃത്യാ ഉണ്ടായി വളര്‍ന്നുവരുന്നവയാണ്. അങ്ങനെയല്ലെങ്കില്‍, മിക്കവാറും എല്ലാ മനുഷ്യരുടേയും മനസ്സില്‍ ചില തത്ത്വങ്ങള്‍ക്കു ചില പ്രതീകങ്ങള്‍ ലോകത്തു സാര്‍വ്വത്രികമായി കാണുവാന്‍ കാരണമെന്ത്?
ക്രിസ്തുമതത്തോടു ബന്ധപ്പെട്ട പ്രതീകമായിട്ടാണ് കുരിശ് ആദ്യം ഉണ്ടായത് എന്ന് നിങ്ങളില്‍ പലരും വിചാരിക്കുന്നുണ്ടാവാം; എന്നാല്‍ വാസ്തവത്തില്‍ അതു ക്രിസ്തുമതത്തിനു മുമ്പും ഉണ്ടായിരുന്നു; മോസസ്സ് ജനിക്കുന്നതിനുമുമ്പും, മാനുഷികകാര്യങ്ങളെപ്പറ്റി മാനുഷികമായ എന്തെങ്കിലും രേഖ ഉദ്ഭവിക്കുന്നതിനുമുമ്പും അതുണ്ടായിരുന്നു. ആസ്‌ടെക് വര്‍ഗ്ഗക്കാരുടെയിടയിലും ഫിനീഷ്യന്‍ വര്‍ഗ്ഗക്കാരുടെ ഇടയിലും അതുണ്ടായിരുന്നതായി കാണാം; എല്ലാ വര്‍ഗ്ഗക്കാര്‍ക്കും കുരിശ് ഉണ്ടായിരുന്നു എന്നു തോന്നുന്നു. ഇനി, ക്രൂശിക്കപ്പെട്ട ലോകരക്ഷകന്റെ പ്രതീകം, കുരിശില്‍ തറയ്ക്കപ്പെട്ട ഒരു മനുഷ്യന്റെ പ്രതീകം, ലോകത്തില്‍ മിക്ക വര്‍ഗ്ഗക്കാര്‍ക്കും അറിയപ്പെട്ടിരുന്നതായി തോന്നുന്നു. ‘വൃത്തം’ ലോകത്തെല്ലായിടത്തും ഒരു മഹത്തായ ചിഹ്‌നമായിരുന്നിട്ടുണ്ട്. ഇനി ഏറ്റവും സാര്‍വ്വത്രികമായുള്ള സ്വസ്തികചിഹ്‌നത്തെ നോക്കുക. ബുദ്ധമതക്കാര്‍ ഈ ചിഹ്‌നം ലോകത്തെല്ലായിടത്തും കൊണ്ടുനടന്നു പ്രചരിപ്പിച്ചു എന്ന് ഒരു കാലത്തു വിചാരിച്ചിരുന്നു; എന്നാല്‍ ബുദ്ധമതം ഉണ്ടാകുന്നതിനും വളരെക്കാലം മുമ്പ് അത് പലവര്‍ഗ്ഗക്കാരും ഉപയോഗിച്ചിരുന്നു എന്ന് അറിവായിരിക്കുന്നു. പുരാതന ബാബിലോണിയയിലും ഈജിപ്തിലും അതുണ്ടായിരുന്നതായി കണ്ടിരിക്കുന്നു. ഇതില്‍നിന്നൊക്കെ എന്താണ് സിദ്ധിക്കുന്നത്? ഈ പ്രതീകങ്ങളെല്ലാം കേവലം മനുഷ്യ സൃഷ്ടികളായിരുന്നിരിക്കാന്‍ നിവൃത്തിയില്ല. അവയ്ക്ക് ഒരു ഹേതുവുണ്ടായിരിക്കണം; അവയ്ക്കും മനുഷ്യമനസ്സിനും തമ്മില്‍ സഹജമായ ഒരു ബന്ധം ഉണ്ടായിരിക്കണം.
ഭാഷയും മനുഷ്യന്റെ കൃത്രിമ സങ്കല്പമല്ല; പ്രത്യേകാശയങ്ങളെ കുറിക്കാന്‍ പ്രത്യേക വാക്കുകളെ ആളുകള്‍ ചേര്‍ന്നു നിശ്ചയിച്ചതല്ല. വാക്കിനോടു ബന്ധപ്പെടാത്ത ഒരു അര്‍ത്ഥമോ അര്‍ത്ഥത്തോടു ബന്ധപ്പെടാത്ത ഒരു വാക്കോ ഒരിക്കലും ഉണ്ടായിട്ടില്ല. വാക്കും അര്‍ത്ഥവും പ്രകൃത്യാ അഭേദ്യങ്ങളാകുന്നു. ആശയങ്ങളെ കുറിക്കാനുള്ള പ്രതീകങ്ങള്‍ ശബ്ദങ്ങളോ നിറങ്ങളോ ആവാം. മൂകന്മാര്‍ക്കും ബധിരന്മാര്‍ക്കും ശബ്ദ ചിഹ്‌നങ്ങളെ ആശ്രയിക്കാതെ ചിന്തിക്കേണ്ടിയിരിക്കുന്നു. മനസ്സിലുള്ള ഏതൊരു വിചാരത്തിനും അതാതിന്റെ ഓരോ രൂപം ഉണ്ട്. ഇതിനെയാകുന്നു ഭാരതീയദര്‍ശനങ്ങളില്‍ ‘നാമ’ ‘രൂപ’ങ്ങള്‍ എന്നു പറഞ്ഞിരിക്കുന്നത്. മനുഷ്യകല്പനകൊണ്ട് ഒരു ഭാഷയെ സൃഷ്ടിക്കാന്‍ കഴിയാത്തതുപോലെ, ഒരു പ്രതീകസംഹിതയേയും സൃഷ്ടിക്കാന്‍ കഴിയുന്നതല്ല. മനുഷ്യവര്‍ഗ്ഗത്തിന്റെ മതപരമായ ചിന്തകളുടെ ഒരു ബാഹ്യാവിഷ്‌കരണം ആകുന്നു ലോകത്തിലെ താന്ത്രികപ്രതീകങ്ങളില്‍ നാം കാണുന്നത്. താന്ത്രികമായ കര്‍മ്മങ്ങളും ക്ഷേത്രങ്ങളും അതുപോലെയുള്ള മറ്റു സംവിധാനങ്ങളും നിഷ്പ്രയോജനമാണെന്നു പറയാന്‍ എളുപ്പം കഴിയും; ഇക്കാലത്ത് ഏതൊരു ശിശുവും അങ്ങനെ പറയുന്നുമുണ്ട്. എന്നാല്‍ ക്ഷേത്രങ്ങളില്‍ ഭജിക്കുന്നവര്‍ക്കും അവിടെ ഭജിക്കുന്നില്ലെന്നു വെച്ചിട്ടുള്ളവര്‍ക്കും തമ്മില്‍ പല പ്രകാരത്തില്‍ അന്തരമുള്ളതായി കാണ്മാന്‍ ആര്‍ക്കും പ്രയാസമുണ്ടായിരിക്കയില്ല. ഓരോ മതത്തിലും അതതിനു ചേര്‍ന്ന വിധമുള്ള ക്ഷേത്രങ്ങള്‍, തന്ത്രങ്ങള്‍ ആദിയായ സ്ഥൂലരൂപങ്ങള്‍ ഉണ്ട്; ആ സ്ഥൂലഭാവങ്ങള്‍ ഏതാശയങ്ങളുടെ പ്രതീകങ്ങളായി വര്‍ത്തിക്കുന്നുവോ ആ ആശയങ്ങളെ അതതു മതാനുയായികളുടെ മനസ്സില്‍ ഉണര്‍ത്തുന്നതിന് അവ സഹായിക്കുന്നു. അതിനാല്‍, ആവക തന്ത്രങ്ങളേയും പ്രതീകങ്ങളേയും പാടേ അവഗണിക്കുന്നതു വിവേകമല്ല. ഇത്തരം കാര്യങ്ങളുടെ പഠനവും പ്രയോഗവും സ്വാഭാവികമായും കര്‍മ്മയോഗത്തിന്റെ ഒരു ഭാഗമാകുന്നു.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I കര്‍മ്മയോഗം. അദ്ധ്യായം 5. പേജ് 72-74]