ശ്രീരാമകൃഷ്ണദേവന്റെ സാരോപദേശകഥകളെ ശ്രീ മൃഡാനന്ദസ്വാമികള്‍ “കഥയുള്ള കഥകള്‍” എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിലെ ഒരു കഥയാണ് താഴെ കൊടുത്തിരിക്കുന്നത്.

മതവിശ്വാസം മനുഷ്യനെ ഒരു യഥാര്‍ത്ഥ മനുഷ്യനാക്കിത്തീര്‍ക്കുന്നു. മനുഷ്യന്‍ ലോകത്തില്‍ ജീവിക്കുന്നത് തിന്നുവാനും കുടിക്കുവാനും മാത്രമാകരുത്. ആഹാരം, നിദ്ര, ഭയം, ഇണചേരല്‍ – ഇതു മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും തുല്യമാണ്. മൃഗീയതയില്‍ നിന്നു മനുഷ്യത്ത്വത്തിലേക്ക് ഉയരുന്ന മനുഷ്യന്റെ ജീവിതത്തിനും ഒരു ലക്ഷ്യമുണ്ടായിരിക്കും. വിശേഷബുദ്ധിയോടുകൂടി ജീവിക്കുന്ന മാനവനുണ്ടാകേണ്ട ജീവിതലക്ഷ്യത്തെപ്പറ്റിയാണ്‌ മതം പഠിപ്പിക്കുന്നത്‌. മാനവന്‍ മാധവനായിത്തീരുക എന്നുള്ളതാണത്. ഈശ്വരത്ത്വത്തിലേക്കുയരുന്ന മനുഷ്യനാണ് തങ്ങളുടെ ജീവിതം സഫലവും കൃതാര്‍ത്ഥവുമാക്കിത്തീര്‍ക്കുന്നത്. അതിനുള്ള ഒരു ഉപായമാണ് ഈശ്വരവിശ്വാസം.

ഒരിക്കല്‍ ഒരു യുക്തിവാദി ഒരു സ്നേഹിതന്റെ വീട്ടില്‍ ചെന്നു. സ്നേഹിതന്‍ ഒരു വിശ്വാസിയും ദിവസവും ഈശ്വരപൂജ ചെയ്യുന്ന ആളുമായിരുന്നു. യുക്തിവാദി ഈശ്വരനും മതവുമെല്ല‍ാം അന്ധവിശ്വാസമാണെന്ന് വാദിക്കുന്ന ഒരു നാസ്ഥികനായിരുന്നു. വീട്ടില്‍ ചെന്നപ്പോള്‍ സ്നേഹിതന്‍ രാവിലെ പൂജ ചെയ്യുകയായിരുന്നു. യുക്തിവാദി അടുത്ത മുറിയിലിരുന്ന് ജനലില്‍കൂടി സ്നേഹിതന്റെ അന്ധവിശ്വാസ ജഡിലമായ പ്രവര്‍ത്തനങ്ങളില്‍ അനുതാപത്തോടുകൂടി നോക്കിയിരുന്നെങ്കിലും സ്നേഹിതന്റെ ഏകാഗ്രതയോടും വിശ്വാസത്തോടും ശ്രദ്ധയോടുംകൂടിയുള്ള പൂജയും പ്രാര്‍ത്ഥനയും എല്ല‍ാം യുക്തിവാദിയുടെ മനസ്സില്‍ ചില മാറ്റങ്ങള്‍ ഉണ്ടാക്കിത്തീര്‍ത്തു. പൂജ കഴിഞ്ഞു പുറത്തുവന്ന സ്നേഹിതനോട് പലവിധ പ്രശ്നങ്ങളിലുംപെട്ട് മനസ്സ് വിഷമിച്ചിരുന്ന യുക്തിവാദി പറഞ്ഞു: “സ്നേഹിതാ, താങ്കള്‍ക്ക് ദുഖങ്ങളും ദുരിതങ്ങളും വിഷമങ്ങളും എല്ല‍ാം ഇറക്കി വയ്ക്കുവാന്‍ ഒരു അത്താണിയുണ്ട്. ഞാന്‍ അതില്ലാതെ വിഷമിക്കുകയാണ്.”

സ്നേഹിതന്‍ ഉപദേശിച്ചു: “യുക്തിവാദം നല്ലതുതന്നെയാണ്. എന്നാല്‍ അത് സര്‍ഗ്ഗാത്മകമായിരിക്കണം, നിഷേധാത്മകമാകരുത്. യുക്തിയുടെ പേരില്‍ എല്ലാറ്റിനെയും നിഷേധിക്കുന്നത് ശരിയല്ല. ഈശ്വരാസ്തിത്വം ഒരു അന്ധവിശ്വാസമല്ല. ഇന്ദ്രിയങ്ങള്‍ക്കു വിഷയമായിട്ടുള്ളതിനെ മാത്രമേ വിശ്വസിക്കുകയുള്ളൂവെന്നു പറഞ്ഞാല്‍ നമ്മുടെ മാതാപിതാക്കളെക്കൂടി നിഷേധിക്കേണ്ടിവരില്ലേ? മനുഷ്യന് അവന്റെ ദുഖങ്ങളിലും ദുരിതങ്ങളിലും ആശ്വാസം നല്‍ക്കുന്ന ഒരു ദൈവത്തില്‍ വിശ്വസിക്കുന്നതുകൊണ്ട്‌ ഒരു തെറ്റുമില്ല. അത് യുക്തിരഹിതമാണെന്നും അന്ധവിശ്വാസമാണെന്നും പറഞ്ഞു തള്ളിക്കളഞ്ഞാല്‍ നമുക്കു ഒരാശ്രയുമില്ലാതായിത്തീരുകയാണ് ചെയ്യുക. അതുകൊണ്ട് സാക്ഷാത്കാരം സിദ്ധിച്ചിട്ടുള്ള ആചാര്യന്മാരുടെ വാക്കില്‍ വിശ്വസിക്കുക. താങ്കള്‍ക്ക് ശാന്തിയും സമാധാനവും സിദ്ധിക്കും.”

സ്നേഹിതന്റെ വാക്കുകള്‍ക്ക് തക്കഫലമുണ്ടായി. ആ യുക്തിവാദി സത്യാന്വേഷകന്മാരുടെ സര്‍ഗ്ഗാത്മകമായ യുക്തിവാദത്തെ സ്വീകരിച്ച് ഒരു ഈശ്വരവിശ്വാസിയായിത്തീര്‍ന്നു.

നരേന്ദ്രനും ചെറുപ്പത്തില്‍ ഈശ്വരനിഷേധിയായ ഒരു യുക്തിവാദിയായിരുന്നു. എന്നാല്‍ അതോടുകൂടി സത്യാന്വേഷണ വ്യഗ്രതയുമുണ്ടായിരുന്നു. അതുകൊണ്ടാണ് ഒരു ഈശ്വരപുരുഷന്റെ മുമ്പില്‍ ചെന്ന്, ഈശ്വരനുണ്ടെന്നും അദ്ദേഹത്തെ കാണുവാന്‍ സാധിക്കുമെന്നുമുള്ള വാക്കുകേട്ടപ്പോള്‍ പെട്ടെന്ന് ഒരു ഈശ്വരവിശ്വാസിയായിത്തീര്‍ന്നത്‌. സര്‍ഗ്ഗാത്മകമായ യുക്തിവാദത്തിന്റെ ഫലമായി അദ്ദേഹം പിന്നീട് ഈശ്വരാസ്തിത്വത്തിന്റെയും മതത്തിന്റെയും പ്രവാചകനായ വിവേകാനന്ദസ്വാമികളായിത്തീര്‍ന്നു. യുക്തിക്കു ചേരാത്തതൊന്നും വിശ്വസിക്കരുതെന്ന് അദ്ദേഹം ഉദ്ബോധിപ്പിക്കുകയും ചെയ്തിരുന്നു.

മതവിശ്വാസം ഒരിക്കലും യുക്തിവാദത്തിനതീതമല്ല. എന്നാല്‍ യുക്തിവാദത്തിനു ഒരു പരിമിതിയുണ്ട്. മതത്തിന്റെ സ്ഥാനം അതിനപ്പുറത്താണ്. ജീവിതംതന്നെ വിശ്വാസത്തിലധിഷ്ടിതമാണ്. എല്ലാ വിശ്വാസങ്ങളെയും യുക്തിയുടെ നികശോപലത്തിലുരച്ചുനോക്കി തള്ളിക്കളയുന്നത് ശരിയല്ല. ജീവിതലക്ഷ്യമായ ആത്മജ്നാനത്തിലേക്ക് നയിക്കുന്ന വിശ്വാസങ്ങള്‍ ന‍ാം സ്വീകരിക്കുകതന്നെവേണം. അങ്ങനെ ഈശ്വരത്വത്തിലേക്ക് നയിക്കുന്ന ഒന്നാണ് മതവിശ്വാസം.

ശുഭം