ശ്രീ രമണമഹര്‍ഷി
ആഗസ്റ്റ്‌ 23, 1936

ചോദ്യം: ലോകം ബഹിര്‍മുഖമായിരിക്കുന്നു. വിമോചനമാര്‍ഗ്ഗം എന്താണ്?

രമണമഹര്‍ഷി: ബഹിര്‍മുഖമോ അന്തര്‍മുഖമോ – എല്ലാം നമ്മുടെ കണ്ണുകളെ അനുസരിച്ചിരിക്കും.

ദൃഷ്ടിം ജ്ഞാനമയിം കൃത്വാ – പശ്യേത്‌ ബ്രഹ്മമയം ജഗത്. ദൃഷ്‌ടിയെ ജ്ഞാനമയമാക്കിയാല്‍ പ്രപഞ്ചത്തെ ബ്രഹ്മമയമായി കാണാം. സൃഷ്ടിയെ അതിന്‍റെ കര്‍ത്താവ്‌ നോക്കിക്കൊള്ളും. നമ്മുക്കാശങ്കയെന്തിന്?

ചോദ്യം: ഭാവിയെ നിലനിറുത്താന്‍ നാമെന്തു ചെയ്യണം?
ഉത്തരം: ഇന്നുള്ളതിനെ ശ്രദ്ധിച്ചാല്‍ മതി. ഭാവി സ്വയമേവ നന്നായിക്കൊള്ളും.

ചോദ്യം: ഭാവി, തല്ക്കാല പ്രയത്നത്തിന്‍റെ ഫലമാണ്. അപ്പോള്‍ അതിനെ നന്നാക്കാന്‍ നാം വെറുതെ ഇരുന്നാല്‍ മതിയോ?
ഉത്തരം: ഈ സംശയം ആര്‍ക്കാണ്? എന്തെങ്കിലും ചെയ്യണമെന്ന് തോന്നുന്നതാര്‍ക്ക്? – എന്ന് നാം സൂക്ഷ്മമായറിഞ്ഞ് അവനെ കണ്ടുപിടിച്ചാല്‍ സംശയമെല്ലാം തീരും. ആത്മാവിന്‍റെ പിടിവിട്ടുപോയതുകൊണ്ട് വിചാരങ്ങള്‍ നമ്മെ പീഡിപ്പിക്കുന്നു. പ്രപഞ്ചം വിഷയമാകുന്നു. ഭ്രമം ജനിക്കുന്നു. ഭാവിയെപ്പറ്റി ഉല്‍ക്കണ്ഠ ഉണ്ടാവുകയും ചെയ്യുന്നു. ആത്മാവിനെ മുറുകെപ്പിടിക്കൂ. മറ്റെല്ലാം ഒഴിയും.

ചോദ്യം: ഇതെങ്ങനെ നിര്‍വഹിക്കാന്‍?
ഉത്തരം: ഈ ചോദ്യം ബാഹ്യവിഷയാദികളെപ്പറ്റിയാണെങ്കില്‍ ശരിയാണ്. ആത്മാവിനെപ്പറ്റിയാണെങ്കില്‍ എന്തു പറയാന്‍? നീ ഉണ്ടോ എന്നു നീയേ സംശയിക്കുന്നോ?

ചോദ്യം: എന്നാലും ആത്മാവിനെ സാക്ഷാല്‍ക്കരിക്കുന്നതെങ്ങനെ? എന്തെങ്കിലും മാര്‍ഗമുണ്ടോ?
ഉത്തരം: കിണറു കുഴിച്ചു വെള്ളമെടുക്കുന്നതുപോലെ സത്യാന്വേഷണങ്ങളില്‍ക്കൂടി.

ചോദ്യം: അതെ. ചിലര്‍ വേഗം വെള്ളം കാണും. മറ്റുചിലര്‍ വളരെ ബുദ്ധിമുട്ടേണ്ടിവരും.
ഉത്തരം: അതെ. നിങ്ങള്‍ ആദ്യം ഈര്‍പ്പം (നനവ്‌) കാണുന്നില്ലേ? അവിടെ ആഴത്തില്‍ കുഴിച്ചാല്‍ ജലം കാണും. അതുപോലെ ആദ്യം ആത്മാവിനെപ്പറ്റി ഒരുണര്‍വു തോന്നുന്നിടത്തു തുടര്‍ന്നന്വേഷിച്ചാല്‍ അവിടെ ആത്മാവ് പ്രകാശിക്കുന്നത്‌ കാണാം.

ചോദ്യം: മനസിനെ അന്തര്‍മുഖമാക്കുന്നതെങ്ങനെ? മനോനാശം എങ്ങനെ സംഭവിക്കും?
ഉത്തരം: അഭ്യാസബലം കൊണ്ട് അറിവെന്ന്‍ പറയപ്പെടുന്ന മനസ്സ് തന്നെത്തന്നെ വിചാരിച്ചുകൊണ്ടുപോയാല്‍ മനസ്സു മാഞ്ഞ് ആത്മസ്വരൂപം ഗോചരമാവും. ഇതു തന്നെ മനോനാശം.