ശ്രീ രമണമഹര്‍ഷി
ഒക്ടോബര്‍ 1, 1936

മൈസൂരില്‍ നിന്നും വന്ന ഒരു യുവാവ് ഒരു കുറിപ്പ് ഭഗവാനെ ഏല്‍പ്പിച്ചിട്ട്‌ മറുപടിക്കു കാത്തു നിന്നു. മഹാത്മാക്കളുടെ സഹായത്തോടുകൂടി ഈശ്വരനെ അറിയാന്‍ ബന്ധുക്കളറിയാതെ താന്‍ ഇറങ്ങി തിരിച്ചിരിക്കുകയാണെന്നതില്‍ പറഞ്ഞിരുന്നു. താന്‍ മറ്റു മഹാത്മാക്കളാരെയെല്ലാം ഇനി കാണേണ്ടിയുണ്ടെന്നും ആ കറിപ്പില്‍ ചോദിച്ചിരുന്നു.

മഹര്‍ഷി: എന്തു ചോദിച്ചാലും ഞാന്‍ മറുപടി പറയണമല്ലോ. ഇല്ലെങ്കില്‍ ഞാനെങ്ങനെ വലിയവനാകും (ഇത്രയും പറഞ്ഞിട്ട് കുറിപ്പു തിരിച്ചേല്‍പ്പിച്ചു)
( യുവാവതിനെ മാറ്റീട്ട് മറ്റൊരു കുറിപ്പെഴുതി – മുയല്‍, അണ്ണാന്‍ എന്നീ ചെറുജന്തുക്കളെയും ഓമനിക്കുന്ന, ഭഗവാന് മനുഷ്യരെപ്പറ്റി കരുണയില്ല. താനിവിടെ പതിനാലു ദിവസമായി കാത്തിരിക്കുകയാണ്. ചില ദിവസങ്ങളില്‍ ആഹാരം പോലുമില്ല. താന്‍ വിഷമിക്കുന്നു. എന്നിട്ടും ഭഗവാനു കരുണ തോന്നുന്നില്ല)
മഹര്‍ഷി: ഈശ്വരന്‍ എനിക്കു ദിവ്യചക്ഷസ്സ് തന്നിട്ടില്ല. മറ്റുള്ളവര്‍ എന്നെ മഹര്‍ഷി എന്നു വിളിക്കുന്നു. പക്ഷെ എനിക്കങ്ങനെ തോന്നുന്നില്ല. എന്‍റെ കണ്ണില്‍ എല്ലാവരും മഹര്‍ഷിമാരാണ്. ഈ ചെറിയ പ്രായത്തിലെ നിങ്ങള്‍ ദൈവാന്വേഷണത്തിനു ശ്രമിച്ചത് നന്നാണ്. അവനില്‍ തന്നെ ഹൃദയത്തെ ഉറപ്പിക്കുക. ഫലാകാംക്ഷകൂടാതെ പ്രവര്‍ത്തിക്കുക. നിങ്ങള്‍ ചെയ്യേണ്ടതതാണ്.

‘ഹിമാലയത്തിലെ ഒരു യോഗി’ എന്ന തലക്കെട്ടില്‍ സണ്‍‌ഡേ വാരികയില്‍ വന്ന ലേഖനത്തെ ഭഗവാന്‍റെ ശ്രദ്ധയില്‍പെടുത്തി. അത് പൂര്‍വ്വജന്മ വൃത്താന്തങ്ങളെപ്പറ്റിയായിരുന്നു. അത് പൂര്‍വ്വവാസനാക്ഷമതയെ ആര്‍ജ്ജിക്കുന്നതിനുള്ള ബുദ്ധമത പ്രവണതയാണെന്ന് പാള്‍ബ്രണ്ടണ്‍ തന്‍റെ ഗ്രന്ഥത്തില്‍ പരമാര്‍ശിച്ചിരുന്നു.

മഹര്‍ഷി: ഭൂത, ഭാവികളെപ്പറ്റി അറിയാന്‍ വെമ്പല്‍ കൊള്ളുന്ന ഒരുതരം ആളുകളുണ്ട്. അവര്‍ വര്‍ത്തമാന കാലത്തെ വിസ്മരിക്കുന്നു. മുജ്ജന്മകൃതാനര്‍തഥങ്ങളാണ് ഇന്നത്തെ കഷ്ടതകളായിത്തീരുന്നത്. അവയെ ക്ഷണിച്ചു വരുത്തുന്നത്‌ സമയം പാഴാക്കാനേ ഉപകരിക്കു.

മുസ്ലിം പ്രൊഫസ്സര്‍, ഡാക്ടര്‍ സയ്യദ് : മഹര്‍ഷിയുടെ സാന്നിദ്ധ്യത്തില്‍ സന്ദര്‍ശകര്‍ക്ക് മറ്റെങ്ങും കിട്ടാത്ത ദിവ്യാനുഭൂതി കിട്ടുന്നതിനെപ്പറ്റി തനിക്കും ഒരു സ്നേഹിതനും തമ്മിലുണ്ടായ തര്‍ക്കത്തെ പരമാര്‍ശിച്ചു ചോദിച്ചു.
മഹര്‍ഷി: തത്വരായാരെന്ന മഹായോഗി തന്‍റെ ഗുരു, സ്വരൂപാനന്ദനെപ്പറ്റി ഒരു പാട്ട് പാടി. അതു വീരാദി വീരന്മാരെയും ആകാശ ശൂരന്മാരെയും വാഴ്ത്തുന്ന പാട്ടാണ്. ഈ പാട്ട് പാടി വല്ല മൂലയിലും മിണ്ടാതെ അലസനായിരിക്കുന്ന സ്വരൂപാനന്ദനെ എങ്ങനെ വാഴ്ത്താമെന്നു പണ്ഡിതന്മാര്‍ തര്‍ക്കിച്ചു. തന്‍റെ ഗുരുവിന് 1000 ആനകളെ ഒന്നിച്ചു സംഹരിക്കാന്‍ കഴിവുണ്ടാവുമോ എന്നു പരീക്ഷിക്കാന്‍ അദ്ദേഹത്തിന്‍റെ സന്നിധിയില്‍ വന്നിരിക്കാന്‍ അവരെ തത്വരായര്‍ ആഹ്വാനം ചെയ്തു. പണ്ഡിതന്‍മാരപ്രകാരം ചെയ്തു. അവര്‍ തല്‍ക്ഷണം മുതല്‍ ചെകിടന്മാരെപ്പോലെ ദിവ്യശാന്തി സ്വരൂപന്മാരായി അനവധി ദിവസങ്ങള്‍ ഒരേ ഇരിപ്പില്‍ ഇരുന്നു പോയി. അവര്‍ക്കു വീണ്ടും പ്രജ്ഞയുണ്ടായപ്പോള്‍ എണീറ്റു ഗുരു ശിഷ്യന്മാര്‍ രണ്ടുപേരെയും വന്ദിച്ചു. ആയിരം ആനകളെക്കൊല്ലുന്നതിനെക്കാളും ബുദ്ധിമുട്ടാണ് ഒരു മനുഷ്യന്‍റെ അഹന്തയെ അടക്കുന്നതെന്നവര്‍ സമ്മതിച്ചു. ഒരു മഹല്‍ സന്നിധിയുടെ അടയാളം അവിടെക്കിട്ടുന്ന ശാന്തിയുടെ അനുഭൂതിയാണ്.