ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പന്ത്രണ്ട് ഭക്തിയോഗം

പരിശുദ്ധനും ഔദാര്യവാനും ശിഷ്യന്മാര്‍ക്ക് ആനന്ദം ചൊരിഞ്ഞുകൊടുക്കുന്നതില്‍ അദ്വിതീയനുമായ അല്ലയോ ഗുരുനാഥാ, അങ്ങയുടെ കൃപാകടാക്ഷം വിജയിക്കട്ടെ, വിഷയസുഖങ്ങളാകുന്ന വിഷപ്പാമ്പിന്‍റെ ദംശനമേറ്റ് മൂര്‍ശ്ചിക്കുന്ന ഒരുവന്‍ അങ്ങയുടെ കൃപാദൃഷ്ടിയുടെ സഹായംകൊണ്ട് മൂര്‍ച്ചയില്‍നിന്ന് മോചിതനാവുന്നു. സംസാരജീവിതത്തിലെ സങ്കടങ്ങളും താപത്രയത്തില്‍നിന്നുണ്ടാകുന്ന താപവും അങ്ങയുടെ പ്രസന്നഭാവമാകുന്ന അലകള്‍ക്കിടയില്‍പ്പെട്ട് നശിച്ചുപോകുന്നു. അല്ലയോ അമ്മേ, അനുഗ്രഹീത കാരുണ്യമേ, അങ്ങ് അങ്ങയുടെ ഭക്തന്മാരെ അഷ്ടാംഗയോഗത്തിന്‍റെ ആനന്ദാനുഭൂതിയില്‍ക്കൂടി ആത്മസാക്ഷാത്കാരത്തിന്‍റെ അഗ്രിമസ്ഥാനത്തെത്തുന്നതിന് സഹായിക്കുന്നു. അങ്ങ് അവരെ മൂലാധാരചക്രത്തിലധിഷ്ടിതമായ കുണ്ഡലിനിശക്തിയുടെ മടിയിലിരുത്തി ഹൃദയത്തിന്‍റെ തൊട്ടിലിലിട്ടാട്ടി ഉറക്കുന്നു. ആത്മപ്രകാശംകൊണ്ട് അവര്‍ക്കു ദീപാരാധന നടത്തുന്നു. ചിത്തസംയമനവും പ്രാണനിയന്ത്രണവുമാകുന്ന കളിപ്പാട്ടങ്ങള്‍ അവര്‍ക്ക് കളിക്കാന്‍ കൊടുക്കുന്നു. ആത്മസുഖത്തിന്‍റെ ബാലോചിതമായ ആഭരണങ്ങള്‍ അവരെ അണിയിക്കുന്നു. സോമബിംബപ്രകാശത്തിന്‍റെ അസാധാരണസുധനല്കി, അനാഹതശബ്ദത്തില്‍ താരാട്ടുപാടി, സമാധിസ്ഥിതിയുടെ കഥകള്‍ പറഞ്ഞ് അവരെ ഉറക്കുന്നു. ഇപ്രകാരം അങ്ങ് എല്ലാ സത്യാന്വേഷികളുടേയും അമ്മയാണ്. അതാണ് എ്‍റെ ആശ്രയസ്ഥാനം. ഞാന്‍ അതിന്‍റെ തണലില്‍നിന്ന് ഒരിക്കലും അകന്നുപോകുകയില്ല.

അപ്രകാരമുള്ള അമ്മേ, എന്‍റെ ഗുരുവിന്‍റെ കൃപാകടാക്ഷമേ, അവിടുത്തെകാരുണ്യം ലഭിക്കുന്ന ഏവനും ലോകത്തിലുള്ള എല്ലാ വിദ്യകളുടേയും സ്രഷ്ടാവായിത്തീരുന്നു. ആകയാല്‍ സമ്പന്നയായ മാതാവേ, അവിടുത്തെ ഭക്തന്മാര്‍ക്ക് ആഗ്രഹനിവ‍ത്തികൊടുക്കുന്ന കല്പവൃഷമേ, ഈ സാഹിത്യസൃഷ്ടി നടത്തുന്നതിന് എനിക്ക് അനുജ്ഞ നല്കിയാലും. എന്‍റെ വാക്കുകളില്‍ നവരസങ്ങളുടേയും സാഗരം നിറയട്ടെ. മനോഹരമായ അലങ്കാരങ്ങളുടെ രത്നഖനികള്‍ സൃഷ്ടിക്കപ്പെടട്ടെ. ഗഹനമായ ഗീതാരഹസ്യത്തിന്‍റെ പര്‍വ്വതനിരകള്‍ ഉയരട്ടെ. എന്‍റെ മാതൃഭാഷാഭൂവില്‍ സ്വര്‍ണ്ണഖനികള്‍ വെട്ടിത്തുറക്കപ്പെടട്ടെ. അവിടെ വിവേകവല്ലരികള്‍ നട്ടുപിടിപ്പിക്കപ്പെടട്ടെ. അവിടെ ഗഹനതത്വവിചാരങ്ങളുടെ നിരന്തരസംവാദമാകുന്ന കനികള്‍ ധാരാളമായി കായ്ക്കുന്ന വൃഷങ്ങള്‍ വച്ചുപിടിപ്പിക്കപ്പെടട്ടെ. നിരീശരവാദമാകുന്ന കന്ദരം നശിപ്പിക്കപ്പെടട്ടെ. എല്ലായിപ്പോഴും കൃഷ്ണന്‍റെ പാദങ്ങളില്‍ ഇരുന്നുകൊണ്ട് അദ്ദേഹത്തിന്‍റെ ദിവ്യമായ ഗണങ്ങളെ വര്‍ണ്ണിക്കുന്നതിനും അതു ശ്രവിക്കുന്ന ശ്രോതാക്കള്‍ക്ക് ആനന്ദസാമ്രാജ്യം ലഭിക്കുന്നതിനും ഇടയാകട്ടെ. മറാത്തി ഭാഷാസാഗരത്തില്‍ ആത്മജ്ഞാനസമ്പത്തിന്‍റെ ആധിക്യം ഉണ്ടായിരിക്കട്ടെ. ലോകം മുഴുവനും ബ്രഹ്മസുഖംമാത്രം കൈകാര്യംചെയ്യപ്പെടട്ടെ. അല്ലയോ അമ്മേ, നീ എന്നെ മാറോടണച്ചാല്‍ നിന്‍റെ സ്നേഹാധിക്യത്തിന്‍റെ ഊഷ്മാവില്‍ ഞാന്‍ എല്ലാം സാധിക്കും.

ശിഷ്യന്‍റെ അഭ്യര്‍ത്ഥനകേട്ട ഗുരു കാരുണ്യപൂര്‍വ്വം ജ്ഞാനേശ്വരനെ വീഷിച്ചിട്ട് പറഞ്ഞു:

ഇനിയും നിന്‍റെ സംസാരം ദീര്‍ഘിപ്പിക്കാതെ ഗീതാര്‍ത്ഥത്തെപ്പറ്റിയുള്ള പ്രഭാഷണം നടത്തുക.

ഇതുകേട്ട് ജ്ഞാനേശ്വരന്‍ സന്തുഷ്ടനായി. അദ്ദേഹം പറഞ്ഞു:

അങ്ങ് എനിക്കുനല്കിയ ഒരു വലിയ ബഹുമതിയാണിത്. ഞാന്‍ അതീവസന്തുഷ്ടനായിരിക്കുന്നു. അത്യധികമായ ആനന്ദത്തോടെ ഗീതാസംവാദം തുടരാം എല്ലാവരും ശ്രദ്ധിച്ചു കേള്‍ക്കുക.