ശ്രീ രമണമഹര്‍ഷി
ഒക്ടോബര്‍ 23, 1936

ആശ്രമ മൃഗങ്ങളുടെ ചങ്ങാതിത്വത്തെപ്പറ്റി ഹാളില്‍ സംസാരിക്കുന്നതിനിടയില്‍ ഭഗവാന്‍ ഔവ്വയാരുടെ ഒരു പാട്ട്‌പാടി. ഔവ്വയാര്‍ തന്‍റെ സഞ്ചാരമധ്യേ ഒരാള്‍ കമ്പരേപ്പുകഴ്ന്നു പാടുന്നതുകേട്ടു. അതിനു മറുപടിയായി ഔവ്വയാര്‍ പാടിയതാണത്‌ അതിന്‍റെ ആശയം : അവരവരുടെ മാര്‍ഗ്ഗത്തില്‍ ആരും വലുതാണ്‌. പക്ഷി പരസഹായം കൂടാതെ സുന്ദരമായ അതിന്‍റെ ഭവനം (കൂട്) നിര്‍മ്മിക്കുന്നു. പുഴുക്കള്‍ അരക്കുണ്ടാകുന്നു. തേനീച്ച തേന്‍ ചോരാത്ത കൂടനിര്‍മ്മിക്കുന്നു. ഉറുമ്പുകള്‍ പട്ടണങ്ങളും റോഡുകളും പണിയുന്നു. ചിലന്തി സ്വയം നൂലുണ്ടാക്കി വലകെട്ടുന്നു. ഈ ചാതുര്യങ്ങള്‍ അവയ്ക്ക് ജന്മസിദ്ധമാണ്. കമ്പരുടെ വൈഭവും ഈശ്വരദത്തമത്രേ.

ഡാക്ടര്‍ സെയ്യദ് : മോക്ഷമെന്താണ്. അതിനു കൃസ്തുദേവന്‍ കല്പിച്ച അര്‍ത്ഥമെന്താണ്?
മഹര്‍ഷി: മോക്ഷം ആര്‍ക്ക്, എന്തിന്‌?

ചോദ്യം: ഒരു വ്യക്തിക്ക്, ജീവിതദുഖങ്ങളില്‍നിന്നും സ്വതന്ത്രമായിരിക്കാന്‍.
മഹര്‍ഷി: ആരുടെ ദു:ഖങ്ങള്‍?

ചോദ്യം: മനസിന്‍റെത്‌.
മഹര്‍ഷി: നിങ്ങള്‍ മനസാണോ?

ചോദ്യം: ഈ ചോദ്യമുണ്ടായ കാരണം പറയാം. ഞാന്‍ ധ്യാന സമയത്തു കൃസ്തുദേവന്‍റെ കാരുണ്യത്താല്‍ ഒരു ഭക്തന് മോക്ഷം ലഭിച്ചത് സ്മരണയില്‍ ഉദിച്ചു. ഭഗവാന്‍റെ അരുള്‍മൂലം എനിക്കും മോക്ഷം ലാഭിക്കാമല്ലോ എന്ന് കരുതി ചോദിച്ചതാണ്.
മഹര്‍ഷി: അതെ, അരുള്‍ തന്നെ ഏറ്റവും മുഖ്യം.

ചോദ്യം: ഭഗവാന്‍റെ ‘ഞാനാര്‍‌’ ഗ്രന്ഥത്തില്‍ സ്വരൂപദൃഷ്ടിയെപ്പറ്റി പറഞ്ഞിരിക്കുന്നു, സ്വരൂപം എന്നും ദൃഷ്ടിയെന്നും രണ്ടുള്ളതിനാല്‍ അതദ്വൈതമാകുമോ?
മഹര്‍ഷി: ദൃഷ്ടി എന്നത് ( ആത്മ)ബോധമാണ് കാണുന്നവര്‍ കാണപ്പെട്ടത് എന്ന ഭേദം അതിലില്ല. ആത്മാവിനന്യമായി ദൃഷ്ടിയേത്? എല്ലാം ആത്മാവാണ്. ദ്രഷ്ടാവു- ദൃശ്യഭേദങ്ങള്‍ അഹന്തയ്ക്കുള്ളതാണ്. സ്ഥൂലസൂക്ഷ്മഭേദങ്ങളും മനസിനുള്ളതാണ്.

ചോദ്യം: ഒരു ദിവസം എത്ര സമയം ധ്യാനിക്കണം?
മഹര്‍ഷി: ദേശ കാലങ്ങളെപ്പറ്റി ചിന്തിക്കാതിരിക്കുന്ന തനി പ്രകൃതമാണ്‌ ധ്യാനം.

ചോദ്യം: ദൈവമല്ലാതെ മറ്റൊന്നില്ലെന്നു ഖുറാന്‍ പറയുന്നു. അവന്‍ എല്ലാത്തിലും ഉണ്ട്.
രമണമഹര്‍ഷി: എല്ലാത്തിലും എന്നു പറയാമോ? അവന്‍മാത്രമല്ലേ ഉളളൂ

ചോദ്യം: ആത്മധ്യാനമാണ് മുഖ്യമെന്നു കരുതി കുടുംബകാര്യങ്ങളെ തള്ളാമോ?
മഹര്‍ഷി: ഒന്നിനെയും തള്ളുകയുംവേണ്ട, കൊള്ളുകയും വേണ്ട. എങ്ങനെയോ അങ്ങനെ എന്നിരുന്നാല്‍ നമ്മുക്കു ദു:ഖമില്ല, പിന്നീട് തള്ളാനോ കൊള്ളാനോ ഇടമില്ലെന്നും മനസ്സിലാവും.