സ്വാമി വിവേകാനന്ദന്‍

വേദാന്തത്തിലെ പരമോത്കൃഷ്ടമായ ആശയം, നമുക്കു വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ഒരേ ലക്ഷ്യത്തില്‍ എത്തിച്ചേരാം എന്നുള്ളതത്രേ. ഈ മാര്‍ഗ്ഗങ്ങളെ പൊതുവെ കര്‍മ്മം, ഭക്തി, ധ്യാനം, ജ്ഞാനം എന്നിങ്ങനെ നാലായി തിരിച്ചിട്ടുള്ളതായി പ്രസ്താവിച്ചിട്ടുണ്ടല്ലോ. എന്നാല്‍ അതോടൊപ്പം ഈ പിരിവുകള്‍ അത്ര വ്യക്തമോ അന്യോന്യം അതിര്‍ത്തി ലംഘിക്കാത്തവയോ അല്ലെന്നും ഓര്‍മ്മിക്കണം. ഓരോന്നും മറ്റൊന്നിലേയ്ക്കു ക്രമേണ സംക്രമിക്കും. ഏതു ലക്ഷണം മികച്ചുനില്ക്കുന്നുവോ അതിനെ ആസ്പദമാക്കിയാണ് ഓരോ വിഭാഗത്തിനും പേര്‍ കൊടുത്തിട്ടുള്ളത്. കര്‍മ്മാനുഷ്ഠാനത്തിനല്ലാതെ മറ്റൊന്നിനും കഴിവില്ലാത്ത ആളുകളേയോ, ഭക്തിപൂര്‍വ്വം ഈശ്വരനെ ആരാധിക്കുന്നതില്‍ കവിഞ്ഞ് ഒന്നിനും കഴിവില്ലാത്തവരേയോ, വെറും ജ്ഞാനമല്ലാതെ മറ്റൊന്നുമില്ലാത്ത ആളുകളേയോ കണ്ടെത്താമെന്നല്ല ഈ വിഭജനത്തിന്റെ അര്‍ത്ഥം. ഓരോ മനുഷ്യനിലും പ്രബലമായി കാണുന്ന ലക്ഷണത്തെയോ വാസനയെയോ ആസ്പദമാക്കിയാണ് ഈ പിരിവുകള്‍ കല്പിച്ചിരിക്കുന്നത്. അവസാനം ഈ നാലു മാര്‍ഗ്ഗങ്ങളും ഏകത്ര സമ്മേളിച്ച് ഒന്നായിച്ചേരുമെന്നും നാം കണ്ടുവല്ലോ. എല്ലാ മതങ്ങളും എല്ലാ കര്‍മ്മങ്ങളും ആരാധനാ രീതികളും ഒരേ ലക്ഷ്യത്തിലേയ്ക്കുതന്നെയാണ് നമ്മെ നയിക്കുന്നത്.

ആ ലക്ഷ്യം ഇന്നതാണെന്നു നിര്‍ദ്ദേശിക്കാന്‍ ഞാന്‍ ഇതിനുമുമ്പു ശ്രമിച്ചിട്ടുണ്ട്. ഞാന്‍ മനസ്സിലാക്കുന്ന തരത്തില്‍ അതു സ്വാതന്ത്ര്യമാകുന്നു. നമുക്കു ചുറ്റും കാണുന്ന സമസ്തവസ്തുക്കളും പരമാണുമുതല്‍ മനുഷ്യന്‍വരെ, അചേതനവും നിര്‍ജ്ജീവവുമായ ഭൗതികാണുമുതല്‍ ഭൂമിയിലെ പരമോത്കൃഷ്ടജീവിയായ മനുഷ്യന്‍വരെയുള്ള സകലതും, സ്വാതന്ത്ര്യത്തിനുവേണ്ടി ആയാസപ്പെട്ടുവരികയാണ്. വാസ്തവത്തില്‍ ജഗത്താകെയും ഈ സ്വാതന്ത്ര്യസമ്പാദനപ്രയത്‌നത്തിന്റെ ഫലമാകുന്നു. ഓരോ സംഘാതത്തിലും ഉള്‍പ്പെട്ടിരിക്കുന്ന ഓരോ അണുവും മറ്റണുക്കളുടെ കൂട്ടത്തില്‍നിന്നകന്ന് തന്റെ സ്വന്തം വഴിക്കു പോകാന്‍ ശ്രമിക്കുന്നു: എന്നാല്‍ മറ്റണുക്കള്‍ അതിനെ പിടിച്ചുനിര്‍ത്തുന്നു. ഭൂമി സൂര്യനില്‍നിന്ന് ഓടിപ്പോകാന്‍ ശ്രമിക്കുന്നു: ചന്ദ്രന്‍ ഭൂമിയില്‍നിന്നും അപ്രകാരംതന്നെ. ഓരോ വസ്തുവിനും അനന്തമായി അകന്നു വ്യാപിക്കുവാനുള്ള ഒരു പ്രവണതയുണ്ട്. ജഗത്തില്‍ കാണുന്ന സകലചലനങ്ങള്‍ക്കും അധിഷ്ഠാനം സ്വാതന്ത്ര്യപ്രാപ്തിക്കുള്ള പ്രയത്‌നമൊന്നുമാത്രമാണ്.

ഭക്തന്‍ ഭജിക്കുന്നതും കൊള്ളക്കാരന്‍ കൊള്ളചെയ്യുന്നതും ഈ വാസനാബലത്താല്‍ പ്രേരിതനായിട്ടാണ്. സ്വീകരിക്കപ്പെടുന്ന മാര്‍ഗ്ഗം യോഗ്യമല്ലെങ്കില്‍ അതിനെ തിന്മ എന്നു പറയുന്നു: വാസന, യോഗ്യവും ഉത്കൃഷ്ടവുമായ മാര്‍ഗ്ഗങ്ങളില്‍ക്കൂടി പ്രത്യക്ഷപ്പെടുമ്പോള്‍ അതിനെ നന്മ എന്നും. എന്നാല്‍ രണ്ടിലും പ്രേരകശക്തി ഒന്നുതന്നെ, സ്വാതന്ത്ര്യസമ്പാദന യത്‌നം. ഭക്തന്‍ താന്‍ ബദ്ധാവസ്ഥയിലിരിക്കുന്നു എന്ന വിചാരത്താല്‍ പീഡിതനാകുന്നു: അതില്‍നിന്നു മോചനം വേണമെന്നാഗ്രഹിക്കുന്നു: അതിനായി ഈശ്വരഭജനം ചെയ്യുന്നു. തസ്‌കരന്‍ തനിക്ക് ചില സാധനങ്ങള്‍ ഇല്ലെന്നുള്ള വിചാരത്താല്‍ പീഡയനുഭവിക്കുന്നു: ആ ഇല്ലായ്മയെ പരിഹരിച്ച് അതില്‍നിന്നു മോചനം നേടാനായി മോഷ്ടിക്കുന്നു. സചേതനമോ അചേതനമോ ആയി, പ്രകൃതിയിലുള്ള സകലതിന്റേയും ഏകലക്ഷ്യം സ്വാതന്ത്ര്യംതന്നെ, ബോധപൂര്‍വ്വമോ അല്ലാതെയോ സകല വസ്തുക്കളും ആ ലക്ഷ്യത്തിലേയ്ക്ക് ക്ലേശപൂര്‍വ്വം ചരിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍, ഭക്തന്‍ തേടുന്ന സ്വാതന്ത്ര്യം കൊള്ളക്കാരന്‍ തേടുന്ന സ്വാതന്ത്ര്യത്തില്‍നിന്ന് വളരെ വ്യത്യാസപ്പെട്ടതാണ്. ഭക്തന്‍ വരേണ്യമായി കരുതുന്ന സ്വാതന്ത്ര്യം അവനെ അനന്തവും അവര്‍ണ്ണ്യവുമായ ആനന്ദാനുഭവത്തിലേയ്ക്കു നയിക്കും: കൊള്ളക്കാരന്‍ അഭിലഷിക്കുന്ന സ്വാതന്ത്ര്യമാകട്ടെ അയാളുടെ ജീവന് കൂടുതല്‍ ബന്ധനങ്ങളെ സൃഷ്ടിക്കുകയേ ചെയ്യൂ.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I കര്‍മ്മയോഗം. അദ്ധ്യായം 8. പേജ് 118-119]