അനന്തവികാസപ്രാപ്തിതന്നെയാണ് എല്ലാ മതങ്ങളുടെയും ലക്ഷ്യം (30)
സ്വാതന്ത്ര്യലബ്ധിപ്രയത്‌നത്തിന്റെ പ്രകാശനം ഓരോ മതത്തിലും കാണാം. എല്ലാ സദാചാരത്തിന്റേയും നിഃസ്വാര്‍ത്ഥതയുടേയും അടിത്തറ അതാകുന്നു. സദാചാരമെന്നും നിഃസ്വാര്‍ത്ഥതയെന്നും പറഞ്ഞാല്‍, മനുഷ്യന്‍ അവന്റെ ഈ ചെറിയ ശരീരമാണെന്നുള്ള ധാരണയില്‍നിന്നു മോചിക്കുകയെന്നാണര്‍ത്ഥം. ഒരാള്‍ സത്കര്‍മ്മങ്ങള്‍, പരനന്മ, അനുഷ്ഠിക്കുന്നതു കാണുമ്പോള്‍ അതിന്നര്‍ത്ഥം, അയാളെ ‘ഞാന്‍’ എന്നും ‘എന്റേത്’ എന്നുമുള്ള ചെറിയ വൃത്തത്തിനുള്ളില്‍ ഒതുക്കിവെയ്ക്കാന്‍ അയാള്‍ക്കു സാധിക്കുന്നില്ല എന്നാകുന്നു. സ്വാര്‍ത്ഥത്തെ എത്രത്തോളം ഉപേക്ഷിക്കാം എന്നുള്ളതിന് അതിരില്ല. പരിപൂര്‍ണ്ണമായ സ്വാര്‍ത്ഥരാഹിത്യമാണ് ലക്ഷ്യമെന്ന് മഹത്തായ ധര്‍മ്മദര്‍ശനങ്ങളെല്ലാം ഉപദേശിക്കുന്നു. ഇത്തരം പരിപൂര്‍ണ്ണമായ സ്വാര്‍ത്ഥരാഹിത്യം സമ്പാദിക്കാന്‍ ഒരുവനു കഴിയുമെന്നു വിചാരിച്ചാല്‍ അയാളുടെ അവസ്ഥയെന്തായിരിക്കും? അയാള്‍ പിന്നീട് ‘ശ്രീമാന്‍ ഇന്നാര്’ അല്ല. അയാള്‍ അനന്തവികാസം പ്രാപിച്ചിരിക്കുന്നു. അയാള്‍ക്കുമുമ്പുണ്ടായിരുന്ന ചെറിയ വ്യക്തിഭാവം എന്നേയ്ക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു: അയാള്‍ അപരിച്ഛിന്നനായിരിക്കുന്നു. ഇങ്ങനെയുള്ള അനന്തവികാസപ്രാപ്തിതന്നെയാണ് എല്ലാ മതങ്ങളിലേയും ധര്‍മ്മദര്‍ശനങ്ങളിലേയും തത്ത്വശാസ്ത്രങ്ങളിലേയും ഉപദേശങ്ങളുടേയും ലക്ഷ്യം.
ഈ ആശയം തത്ത്വശാസ്ത്രപരമായി പ്രതിപാദിച്ചു കേള്‍ക്കുമ്പോള്‍ വ്യക്തിത്വവാദികള്‍ ഭയപ്പെടുന്നു. അതേസമയം, അവര്‍ സ്വയം സദാചാരമുപദേശിക്കുമ്പോള്‍ ഇതേ ആശയം തന്നെയാണ് ഉപദേശിക്കുന്നത്. അവര്‍ മനുഷ്യന്റെ സ്വാര്‍ത്ഥരാഹിത്യത്തിന്ന് അതിരു കല്പിക്കുന്നില്ല. വ്യക്തിത്വമനുസരിച്ച്, ഒരാള്‍ പരിപൂര്‍ണ്ണ നിഃസ്വാര്‍ത്ഥനായി എന്നു വിചാരിക്കുക. അയാളെ, അന്യമതങ്ങളിലെ സിദ്ധന്മാരില്‍നിന്ന് എങ്ങനെയാണ് വേര്‍തിരിച്ചറിയുക? അയാള്‍ ജഗത്തുമായി ഐക്യം പ്രാപിച്ചിരിക്കുന്നു: എല്ലാ മതക്കാരുടേയും ലക്ഷ്യം ഇതുതന്നെയാണല്ലോ. പക്ഷേ, പാവപ്പെട്ട വ്യക്തിവാദിക്ക് തന്റെ യുക്തിചിന്തയെ അതിന്റെ ശരിക്കുള്ള പരിസമാപ്തിവരെ തുടര്‍ന്നുപോകാന്‍ ധൈര്യമില്ലെന്നുമാത്രം. സര്‍വ്വ മനുഷ്യപ്രകൃതിയുടേയും ലക്ഷ്യമായിരിക്കുന്ന അതേ സ്വാതന്ത്ര്യത്തെ നിഃസ്വാര്‍ത്ഥ കര്‍മ്മാചരണം മുഖേന പ്രാപിക്കുന്നതാകുന്നു കര്‍മ്മയോഗം. അതിനാല്‍, സ്വാര്‍ത്ഥപരമായ ഓരോ പ്രവൃത്തിയും നമ്മെ ലക്ഷ്യപ്രാപ്തിയില്‍നിന്നകറ്റുകയും നിഃസ്വാര്‍ത്ഥപരമായ ഓരോ പ്രവൃത്തിയും നമ്മെ ലക്ഷ്യത്തിലേയ്ക്കടുപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് സദാചാരത്തിന് ഈ ഒറ്റ നിര്‍വ്വചനം മാത്രം സാധ്യമായിരിക്കുന്നത്; സ്വാര്‍ത്ഥമായതു ദുരാചാരം, നിഃസ്വാര്‍ത്ഥമായതു സദാചാരം.
എന്നാല്‍, വിസ്തരാംശങ്ങളിലേയ്ക്കു കടക്കുമ്പോള്‍ കാര്യം അത്ര ലളിതമായി കാണപ്പെടുകയില്ല. മുമ്പു പ്രസ്താവിച്ചിട്ടുള്ളതുപോലെ ചുറ്റുപാടുകള്‍ക്കൊത്ത് ഈ വിശദാംശങ്ങള്‍ മാറും. ഒരേ പ്രവൃത്തി ഒരു കൂട്ടം പരിതഃസ്ഥിതികളില്‍ നിഃസ്വാര്‍ത്ഥവും മറ്റൊരു കൂട്ടം പരിതഃസ്ഥിതികളില്‍ തികച്ചും സ്വാര്‍ത്ഥവുമായി വരാം. അതിനാല്‍ ഓരോ കാര്യത്തിന്റേയും സവിസ്തരമായ നിരൂപണത്തെ അതതിന്റെ കാലദേശാദിവ്യത്യാസങ്ങള്‍ക്കൊത്തു നടത്താന്‍ വിട്ട്, ഒരു സാമാന്യനിര്‍വ്വചനം നല്കാനേ നമുക്കു സാദ്ധ്യമാവൂ. ഒരു രാജ്യത്ത് ഒരുതരം നടപടി സദാചാരമായിരിക്കാം. മറ്റൊരു രാജ്യത്ത് അതേ നടപടി പരിതഃസ്ഥിതിഭേദം നിമിത്തം ദുരാചാരമായി വരാം. പ്രകൃതിയുടെ മുഴുവന്‍ പ്രാപ്യസ്ഥാനം സ്വാതന്ത്ര്യവും, സ്വാതന്ത്ര്യം സമ്പൂര്‍ണ്ണമായ സ്വാര്‍ത്ഥരാഹിത്യത്താലും മാത്രം സാദ്ധ്യവുമാകുന്നു. സ്വാര്‍ത്ഥമല്ലാത്ത ഓരോ വിചാരവും വാക്കും പ്രവൃത്തിയും നമ്മെ ലക്ഷ്യത്തിലേയ്ക്കടുപ്പിക്കുന്നു. അതിനാല്‍ അത് ധാര്‍മ്മികമെന്നും പറയപ്പെടുന്നു. ഈ നിര്‍വ്വചനം ഏതു മതത്തിനും ഏതു ധര്‍മ്മദര്‍ശനത്തിനും ശരിയാണെന്നു കാണാം. ചില ദര്‍ശനങ്ങളനുസരിച്ച് സദാചാരത്തിന്റെ ഉല്പത്തിസ്ഥാനം മനുഷ്യാതീതമായ ഒരു സത്വം – ഈശ്വരന്‍ – ആകുന്നു. മനുഷ്യര്‍ ഇന്നവിധം ചെയ്യേണ്ടതും ഇന്നവിധം ചെയ്തുകൂടാത്തതും എന്തുകൊണ്ടാണെന്നു ചോദിച്ചാല്‍, ‘ഈശ്വര കല്പന അങ്ങനെയായതുകൊണ്ട്,’ എന്നാണുത്തരം.
എന്നാല്‍, ഉല്പത്തി എവിടെനിന്നായാലും അവരുടേയും ധര്‍മ്മദര്‍ശനത്തിന്റെ മൂലാശയം സ്വാര്‍ത്ഥം മറക്കുക, സ്വാര്‍ത്ഥം ത്യജിക്കുക എന്നുതന്നെയാണ്. ഈവിധം ഉന്നതമായ സദാചാരാദര്‍ശം ഉണ്ടായിരുന്നിട്ടും, തങ്ങളുടെ ചെറിയ വ്യക്തിഭാവത്തെ പരിത്യജിക്കേണ്ടിവരുന്നതിനെക്കുറിച്ചുള്ള ചിന്ത ചില ആളുകളെ ഭയാകുലരാക്കുന്നുണ്ട്. സമ്പൂര്‍ണ്ണസ്വാര്‍ത്ഥരാഹിത്യം കൈവന്ന ഒരാളിന്റെ – സ്വന്തം കാര്യത്തെപ്പറ്റി ഒന്നും ചിന്തിക്കാതെയും തനിക്കുവേണ്ടി ഒന്നും പ്രവര്‍ത്തിക്കാതെയും തനിക്കായി ഒരു വാക്ക് ഉച്ചരിക്കാതെയും ഇരിക്കുന്ന ഒരാളിന്റെ – അവസ്ഥയെപ്പറ്റി ആലോചിക്കാന്‍ സ്വന്തം വ്യക്തിഭാവത്തെ അള്ളിപ്പിടിച്ചിരിക്കുന്ന ഒരുവനോട് ആവശ്യപ്പെടുക: സ്വാര്‍ത്ഥത നശിച്ചവന്റെ ‘താനെന്നഭാവം’ (വ്യക്തിത്വം) എവിടെയെന്ന് അയാള്‍ പറയട്ടെ. തനിക്കുവേണ്ടി പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നിടത്തോളമേ ഒരുവന് ‘താനെന്നഭാവം’ ഉണ്ടായിരിക്കൂ. അയാള്‍ക്കു പരന്മാരെക്കുറിച്ചും ജഗത്തിനെക്കുറിച്ചും ‘സമസ്ത’ത്തിനെക്കുറിച്ചും മാത്രമേ ബോധമുള്ളുവെങ്കില്‍ അയാളുടെ ‘അഹം’ എവിടെ? അത് എന്നേയ്ക്കുമായി നശിച്ചുപോയിരിക്കുന്നു.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I കര്‍മ്മയോഗം. അദ്ധ്യായം 8. പേജ് 119-121]