ശ്രീ രമണമഹര്‍ഷി
ഒക്ടോബര്‍ 27, 1936
മുസ്ലിംപ്രൊഫസ്സര്‍, അദ്വൈത — വിശിഷ്ടാദ്വൈത ഭേദത്തെപ്പറ്റി ചോദിച്ചു.
മഹര്‍ഷി: അതും ഒരുതരം അദ്വൈതം തന്നെയാണ് അതിന്‍റെ പേരില്‍ നിന്നും മനസ്സിലാക്കും. ശരീരവും മനസ്സും എങ്ങനെ ജീവാത്മാവിന്‍റെ വകയായിരിക്കുന്നുവോ അതുപോലെ ലോകവും ജീവാത്മാക്കളും പരമാത്മാവില്‍പ്പെട്ടിരിക്കുന്നു എന്നതാണ് വിശിഷ്ടാദ്വൈതമതം.
ചോദ്യം: ഭക്തിമാര്‍ഗത്തില്‍ ദ്വൈതസ്പര്‍ശമുണ്ടാകുന്നുണ്ടല്ലോ?
മഹര്‍ഷി: സ്വസ്വരൂപദര്‍ശനാനുസന്ധാനമാണ് ഭക്തി (സ്വസ്വരൂപാനുസന്ധാനം – ഭക്തിരിത്യഭിധീയതെ) ഭക്തിയും ആത്മാന്വേഷണവും ഒന്ന് തന്നെ. അദ്വൈതികള്‍ ആത്മാവന്നുപറയുന്നത് ഭക്തന്‍മാരുടെ ദൈവമാണ്.
ചോദ്യം: മതകര്‍ത്താക്കള്‍ മനുഷ്യരാശിയുടെ ആദ്ധ്യാത്മികക്ഷേമത്തെ കണക്കിലെടുത്തിരുന്നവരാണോ?
മഹര്‍ഷി: അവരെങ്ങനെയുമായിരിക്കട്ടെ പ്രത്യക്ഷമായിരിക്കുന്ന ആത്മാവിനെ ബോധിക്കാതെ ഊഹാപോഹങ്ങളില്‍ ചെന്നു ചാടുന്നതെന്തിന്?
ചോദ്യം: പ്രവൃത്തി, നിവൃത്തി മാര്‍ഗ്ഗങ്ങളെപ്പറ്റി ഭാഗവാനെന്തു പറയുന്നു?
മഹര്‍ഷി: അതെ, രണ്ടുമുണ്ട്. നിങ്ങള്‍ നിവൃത്തിയിലിരിക്കുമ്പോള്‍ ആത്മാവിനെയും പ്രവൃത്തിയിലിരിക്കുമ്പോള്‍ ലോകത്തെയും കാണുന്നു. അതായത്, മനസ്സ് അന്തര്‍മുഖമായി ഉപാധിരഹിതനായി ശുദ്ധ ആത്മസ്വരൂപത്തിലിരിക്കുന്നതു നിവൃത്തിയും ബഹിര്‍മ്മുഖമായിരിക്കുന്നതു പ്രവൃത്തിയുമാണ്. രണ്ടും ആത്മാവിനെ വിട്ടുള്ളതല്ല.