ശ്രീ രമണമഹര്‍ഷി
നവംബര്‍ 16, 1936
ചോദ്യം: കുണ്ഡലീനിയോഗമെന്നതതെന്താണു? അത് അത്മാനുഭൂതിയെത്തരുമോ?
മഹര്‍ഷി: കുണ്ഡലീനി എന്നതു പ്രാണശക്തിയാണ്. നാം എവിടെ ലക്ഷ്യമുറപ്പിക്കുന്നുവോ അവിടെ നിന്നും കുണ്ഡലീനി ഉണരുന്നു. ഇതു ഏകാഗ്രതയ്‌ക്കുതകുന്നു.ഈ ഏകാഗ്രത അത്മാനുഭൂതിക്കനുകൂലമാണ്
ചോദ്യം: ഓരോരു ചക്രത്തിലും അതാതിന്‍റെ ദേവതകളിരിക്കുന്നു എന്നു പറയുന്നല്ലോ?
മഹര്‍ഷി: ആഗ്രഹിക്കുന്നവര്‍ക്ക് അവരെ കാണാം.
ചോദ്യം: ആത്മസാക്ഷാല്‍ക്കാരമാര്‍ഗം സമാധിയില്‍ കൂടി ആയിരിക്കുമോ?
മഹര്‍ഷി: മനസ്സു ചാഞ്ചല്യമറ്റ് ഒടുങ്ങി ഇരിക്കുന്ന അവസ്ഥയാണ് സമാധി. അപ്പോള്‍ ആത്മാവ് മറവു പെടാതെ നേരെ പ്രകാശിക്കും.
ചോദ്യം: ഗുരുവിന് ശിഷ്യനെ അത്മസാക്ഷാല്‍ക്കാരത്തിനാളാക്കി ചെയ്യാനൊക്കുമോ?
മഹര്‍ഷി: ഒക്കും. ശിഷ്യന്‍റെ സാക്ഷാല്‍ക്കാരത്തിനെതിരായി നില്‍ക്കുന്ന വിഘ്നങ്ങളെ ഗുരു മാറ്റി ചെയ്യുന്നു.
ചോദ്യം: ഗുരുവിനെ കൂടാതെ ഒരു വ്യക്തിക്കു സാക്ഷാല്‍ക്കാരം സാദ്ധ്യമല്ലേ?
മഹര്‍ഷി: ഒരു ജിജ്ഞാസുവിന് ഗുരു ആവശ്യമാണ്. ആ ഗുരു തന്‍റെ ആത്മാവ് തന്നെയാണ്: ശിഷ്യന്‍ ആദ്യം ഉപാധിയോടുകൂടിയ ഗുരുവിനെ കണ്ടെത്തുന്നു. പിന്നീട് ഇരുവരും ഉപാധിയറ്റ നിലയില്‍ ഒരേ അത്മസ്വരൂപമാണെന്നു സാക്ഷാല്‍ക്കരിക്കുന്നു.
ചോദ്യം: യഥാര്‍ത്ഥ ഗുരുവിനെ അറിഞ്ഞു കൊള്ളുന്നതെങ്ങനെ?
മഹര്‍ഷി: ആരുടെ സന്നിധിയില്‍ ശിഷ്യനു സമാധി അനുഭവം ലഭിക്കുന്നുവോ ആ ആളാണ് യഥാര്‍ത്ഥ ഗുരു. ആ ഗുരുവിനെപ്പറ്റി പ്രത്യേക ഭക്തി ശിഷ്യനു താനേ ഉണ്ടാകും.
ചോദ്യം: ഗാന്ധിജിയുടെ ഹരിജന്‍ പ്രസ്ഥാനത്തെപ്പറ്റി എന്തു പറയുന്നു?
മഹര്‍ഷി: അദ്ദേഹത്തോടു ചോദിക്കൂ.
ചോദ്യം: പ്രേതത്തെ തൊട്ടാല്‍കുളിക്കണമോ?
ഏതു ശരീരവും പ്രേതമാണ്. അതിനാല്‍ ശരീരത്തെ തൊട്ടവന്‍ ആത്മജലത്തില്‍ സ്നാനം ചെയ്യേണ്ടതാണ്.
ചോദ്യം: ലോകം ദ്വൈതത്തെയും അദ്വൈതത്തെയും വാഴ്ത്തുമ്പോള്‍ ഏതു ശരി എന്നെങ്ങനെ അറിയാന്‍?
മഹര്‍ഷി: ആത്മ സമര്‍പ്പണമാണ് മുഖ്യം. ആദ്യം അതു ചെയ്താല്‍ ഏതാണുത്തമ മാര്‍ഗ്ഗമെന്ന്
അപ്പോളറിഞ്ഞു കൊള്ളും.