ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പന്ത്രണ്ട്
ഭക്തിയോഗം ശ്ലോകം 5

ക്ലേശോƒധികതരസ്തേഷാം
അവ്യക്താസക്ത ചേതസാം
അവ്യക്താ ഹി ഗതിര്‍ദുഃഖം
ദേഹവദ്ഭിരവാപ്യതേ

ഇന്ദ്രിയങ്ങള്‍ക്കോ മനസ്സിനോ പ്രാപിക്കാന്‍ കഴിയാത്ത നിര്‍ഗുണ പരബ്രഹ്മത്തെ ഉപാസിക്കുന്ന അവര്‍ക്ക് ക്ലേശം വളരെ കൂടുതലായിരിക്കും. എന്തെന്നാല്‍ നിര്‍ഗുണോപാസനയിലെ നിഷ്ഠ ദേഹാഭിമാനികളായ സാധകര്‍ക്ക് വളരെ കഷ്ടപ്പെട്ടാല്‍ മാത്രമേ ലഭ്യമാവുകയുള്ളൂ.

അല്ലയോ അര്‍ജ്ജുനാ, ഭക്തിമാര്‍ഗ്ഗത്തില്‍ കൂടിയല്ലാതെ നിരാലംബവും എല്ലാ ജീവികള്‍ക്കും നന്മചെയ്യുന്നതും അവ്യക്തവുമായ ബ്രഹ്മത്തെ പ്രാപിക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. അവര്‍ക്ക് വളരെയേറെ പ്രതിബന്ധങ്ങളെ തരണംചെയ്യേണ്ടിവരും. ഇന്ദ്രപദവും, ഇന്ദ്രിയഭോഗങ്ങളും അമാനുഷസിദ്ധികളും അനേകതരത്തില്‍ അവരെ പ്രലോഭിപ്പിക്കും. കാമക്രോധാദികള്‍ അവര്‍ക്ക് വിവിധതടസ്സങ്ങള്‍ സൃഷ്ടിക്കും. അവര്‍ക്ക് ശൂന്യതയുമായി മല്‍പ്പിടുത്തം നടത്തേണ്ടിവരും. അവരുടെ ദാഹം, ദാഹംകൊണ്ടുതന്നെ തീര്‍ക്കുകയും വിശപ്പ്, വിശപ്പുകൊണ്ടുതന്നെ ശമിപ്പിക്കേണ്ടിയുംവരും. അവരുടെ ഇരുകൈകളും പ്രാണായാമ പ്രവര്‍ത്തനത്തില്‍ വായുവിനെ ഇളക്കികൊണ്ടുതന്നെയിരിക്കും. അവര്‍ പകല്‍സമയം സൂര്യതാപമേറ്റ് ഉറങ്ങേണ്ടിവരും. ഉന്നിദ്രാവസ്ഥയാണ് അവരുടെ വിശ്രമവേള. ഇന്ദ്രിയനിഗ്രഹമാണ് അവരുടെ ആനന്ദാനുഭവം. അവരുടെ ഏകസുഹൃത്ത് പ്രകൃതി മാത്രമാണ്. അവര്‍ കുളിരിന്‍റെ കുപ്പായം അണിയുന്നു. താപത്തിന്‍റെ വസ്ത്രങ്ങള്‍ ധരിക്കുന്നു. വര്‍ഷത്തിന്‍റെ വസതിയില്‍ വസിക്കുന്നു. അവരുടെ ആ ആചരണങ്ങളൊക്കെ പതിവ്രതയായ വിധവ പരമ്പരാചാരമനുസരിച്ച് തന്‍റെ ഭര്‍ത്താവിന്‍റെ ചിതയില്‍ ചാടി ആത്മാഹൂതി ചെയ്യുന്നതുപോലെയാണ്, എന്നാല്‍ ഈ യോഗികളുടെ കാര്യത്തില്‍, കുടുംബനാഥനായ ഭര്‍ത്താവോ കുടുംബാചാരങ്ങളോ ഇല്ലെങ്കിലും അവര്‍ അവരുടെ അനുഷ്ഠാനങ്ങള്‍ നിത്യനവങ്ങളായ കര്‍മ്മങ്ങളിലൂടെ ആചരിക്കുന്നു. മരണവുമായുള്ള അവരുടെ പോരാട്ടം ഒരു നിരന്തരപ്രവൃത്തിയായി അനുദിനം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. മരണത്തേക്കാളും മാരണമായ കാച്ചിക്കുറുക്കിയ വിഷം എന്തിനാണ് ഒരുവന്‍ കുടിക്കുന്നത്? ഒരു മല വിഴുങ്ങാന്‍ ശ്രമിച്ചാല്‍ വായ് വലിഞ്ഞുകീറുകയല്ലേ അതിന്‍റെ ഫലം? അപ്രകാരം യോഗത്തിന്‍റെ വഴിയില്‍കൂടി മുന്നോട്ടുപോകാന്‍ ശ്രമിക്കുന്നവര്‍ ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരാണ്. ആലോചിച്ചുനോക്കൂ. പല്ലില്ലാത്ത ഒരുവന്‍ ഇരുമ്പ് പൊടിച്ചുവിഴുങ്ങിയാലും അത് അവന്‍റെ വിശപ്പിനെ ശമിപ്പിക്കുകയില്ല. പ്രത്യുത മരണഹേതുകമാവുകയും ചെയ്യും. പാരാവാരം നീന്തിക്കടക്കാനും നഭോമണ്ഡലം നടന്നുതാണ്ടാനും ആര്‍ക്കും കഴിയുകയില്ല. യുദ്ധത്തില്‍ ഒരു മുറിവുപോലുമേല്‍ക്കാതെ ആര്‍ക്കെങ്കിലും സൂര്യമണ്ഡലം പിന്നിട്ട് വീരസ്വര്‍ഗ്ഗം പ്രാപിക്കാന്‍ കഴിയുമോ? ഒരു മുടന്തന് മാരുതനുമായി മത്സരിക്കാന്‍ കഴിയാത്തതുപോലെ, അഹന്തനശിക്കാതെ ദേഹബുദ്ധി നിലനില്‍ക്കുന്ന ഒരു മനുഷ്യന്, നിരവയവമായ ബ്രഹ്മത്തെ പ്രാപിക്കാന്‍ പ്രയാസമാണ്. ഉത്കടമായ ആഗ്രഹത്തോടെ ബ്രഹ്മത്തെ പ്രാപിക്കാന്‍ ശ്രമിക്കുന്നതിനാല്‍ അതിനായി കഠിനാധ്വാനം ചെയ്യുകയും വളരെയേറെ കഷ്ടപ്പാടുകള്‍ സഹിക്കുകയും ചെയ്യണം. എന്നാല്‍ ഭക്തിമാര്‍ഗ്ഗത്തെ അവംലംബിക്കുന്നവര്‍ ഇപ്രകാരമുള്ള കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടി വരുന്നില്ല.