രമണമഹര്‍ഷി സംസാരിക്കുന്നു

അഹന്ത ആത്മാവിനെ ബാധിക്കുന്നില്ല (285)

ശ്രീ രമണമഹര്‍ഷി
നവംബര്‍ 18, 1936

ചോദ്യം: ആത്മാവിനെ പരിശുദ്ധ ഹൃദയംകൊണ്ടും ഗുരുസേവമൂലവും സത്യാന്വഷണം മുഖേനയും സാക്ഷാല്‍ക്കരിക്കണമെന്ന് ഭഗവത്ഗീതയില്‍ പല മട്ടില്‍ പറഞ്ഞിരിക്കുന്നതെന്ത്?
മഹര്‍ഷി: ‘ ഈശ്വരോ ഗുരുരാതേമതി’ ഈശ്വരനും ഗുരുവും താനും ഒന്നാണ്. ദ്വൈതഭാവന നില നില്‍ക്കുന്നിടത്തോളം തനിക്കന്യനായി ഗുരുവിനെ അന്വഷിക്കുന്നു. ആ ഗുരു നിങ്ങളെ ആത്മലാഭാര്‍ത്ഥം സഹായിക്കുന്നു.

ചോദ്യം: വശീകരിച്ചാല്‍ കൊള്ളാം
മഹര്‍ഷി: അഹമേകോ നമേ കശ്ചിത്‌ നാഹമന്യസ്യ കസ്യചിത് നാഹം പശ്യാമി യസ്യാഹം തം ന പശ്യാമിയോ മമ. ഞാന്‍ തനിച്ചാണ്. ഒന്നും എന്‍റെതല്ല, ഞാന്‍ മാറ്റാരുടെയുമല്ല മറ്റാരിലും ഞാനില്ല. മറ്റൊരുത്തരും എന്നിലുമില്ല.

അഹം – ഞാന്‍ ഒന്നേ ഉളളൂ
അഹന്ത – പലതാണ്. എല്ലാം ആത്മാവില്‍ സ്ഥിതി ചെയുന്നു. അഹന്ത ആത്മാവിനെ ബാധിക്കുന്നില്ല. എന്നാല്‍ സര്‍വ്വവും ആത്മാവില്‍ വിലയിക്കുന്നു.

ആത്മാവു ബോധസ്വരൂപിയാണെങ്കില്‍ എനിക്കെന്തുകൊണ്ടതില്ലാതിരിക്കുന്നു
മഹര്‍ഷി: അത് അഹന്ത നിമിത്തമാണ്. അഹന്തയുടെ ബോധം ആപേക്ഷികമാണ്. അതിന് ദ്രഷ്ടാവും ദൃശ്യവും വേണം. എന്നാല്‍ ആത്മബോധത്തിനു ദൃശ്യം ആവശ്യമില്ല.

അഹന്താപരമായ സ്മൃതിയുടെ കാര്യത്തില്‍ ഓര്‍മ്മിക്കാനും ഓര്‍മ്മിക്കപ്പെടാനും വസ്തുവേണം. ദ്വൈതമറ്റിടത്ത് ആര്? ആരെ ഓര്‍മ്മിക്കാന്‍? ഒരു ശാസ്ത്രകാരന്‍ ഭൂമി ഉരുണ്ടിരിക്കുന്നുവെന്ന് പറയുന്നു. അവന്‍ ഉറങ്ങുമ്പോള്‍ അവന് അവന്‍റെ തത്വത്തോടു വല്ല ബന്ധവുമുണ്ടോ?

ചോദ്യം: ഭഗവാന്‍ ലോകമെങ്ങും സഞ്ചരിച്ചു സത്യത്തെ ഉപദേശിക്കാതിരുന്നതെന്ത്?
മഹര്‍ഷി: ഞാനങ്ങനെ ചെയ്യാതിരിക്കുകയാണെന്ന് നിങ്ങളെങ്ങനെ അറിയുന്നു. ഉപദേശം പ്രസംഗങ്ങളില്‍ കൂടിയാവണമെന്നുണ്ടോ? ഉപദേശം ജ്ഞാനത്തിന്‍റെ സന്ദേശമാണ്. മൗനത്തില്‍ക്കൂടിയുമാകം. ആര്‍ക്കും ആരും ഒരു ഫലവും ചെയ്യാതെ ഉറക്കെ സംസരിക്കുന്നതോ, ഒരിടത്തു ശാന്തമയിരുന്നു മനുഷ്യന്‍റെ അന്തഃപ്രജ്ഞയെത്തന്നെ പ്രവര്‍ത്തിപ്പിക്കുന്നതോ നല്ലത്? നിഗൂഢമായ സാക്ഷാല്‍ ജ്ഞാനം അഹന്ത നിമിത്തം വിചാരങ്ങളുമായി പരിണമിച്ച് വാംഗ്മയമായി തീരുകയാണ്. വാക്കിന്‍റെ പ്രവര്‍ത്തനം തന്നെ ശക്തമായിരിക്കുമെങ്കില്‍ അതിന്‍റെ ആധാരത്തിനും ആധാരമായ മൗനത്തില്‍ക്കൂടിയുള്ള പ്രവര്‍ത്തനം എത്ര ശക്തമായിരിക്കുമെന്നാലോചിക്കൂ.

Back to top button