ഏറ്റവും ഉയര്‍ന്ന പടിയില്‍ എത്തിയ മനുഷ്യനു കര്‍മ്മം ചെയ്യുക സാധ്യമല്ല. എന്തെന്നാല്‍, അദ്ദേഹത്തിനു ബന്ധകമായി ഒന്നുമില്ല: ആസക്തിയില്ല, അജ്ഞാനമില്ല. ഒരു കപ്പല്‍ കടലിലാണ്ട കാന്ത പര്‍വ്വതത്തിനുമേല്‍ക്കൂടി പോയി: അപ്പോള്‍ അതിന്റെ കീലബന്ധങ്ങളൊക്കെ അഴിഞ്ഞൂരി. കപ്പല്‍ ചിന്നിച്ചിതറി. നമ്മളാകട്ടെ കഷ്ടപ്പെടുന്നത്, അജ്ഞാനംകൊണ്ടാണ്, നാമെല്ലാം വാസ്തവത്തില്‍ നാസ്തികരാകയാലാണ്. യഥാര്‍ത്ഥത്തിലുള്ള ആസ്തികര്‍ക്കു കര്‍മ്മം ചെയ്യുക സാധ്യമല്ല. നമ്മള്‍ ഒട്ടൊക്കെ അവിശ്വാസികളാണ്. നാം ഈശ്വരനെ കാണുകയോ അവനില്‍ വിശ്വസിക്കുകയോ ചെയ്യുന്നില്ല. ഈശ്വരന്‍ നമുക്ക് ഈ-ശ്വ-രന്‍ എന്ന മൂന്നക്ഷരം, അത്രമാത്രം. (അതില്‍ക്ക വിഞ്ഞ് ആ പദത്തിന് നമ്മെ സംബന്ധിച്ചിടത്തോളം ഒരര്‍ത്ഥവുമില്ല.) അവന്‍ നമ്മുടെ അടുത്തുതന്നെ ഉണ്ടെന്നു തോന്നുന്ന ചില നിമിഷങ്ങളുണ്ട്. എന്നാല്‍, നാം വീണ്ടും വീണുപോകുന്നു. നിങ്ങള്‍ അവനെ ദര്‍ശിച്ചാല്‍പ്പിന്നെ ആര് – ആര്‍ക്കുവേണ്ടി – ആയാസപ്പെടാനാണ്?
ഈശ്വരനെ സഹായിക്കുക! ‘വിശ്വകര്‍മ്മാവിനെ ആശാരിപ്പണി പഠിപ്പിക്കണോ,’ എന്ന് ഞങ്ങളുടെ ഭാഷയില്‍ ഒരു ചൊല്ലുണ്ട്. അതു കൊണ്ട്, യാതൊരു കര്‍മ്മവും ചെയ്യാതെ ഇരിക്കുന്നവരാണ് മനുഷ്യ വര്‍ഗ്ഗത്തില്‍വെച്ച് ഏറ്റവും ഉന്നതന്മാര്‍. ഈ ലോകത്തെപ്പറ്റിയും, നാം എങ്ങനെ ഈശ്വരനെ സഹായിക്കണമെന്നും, അവനെ സഹായി ക്കാന്‍ അതുമിതുമൊക്കെ ചെയ്യണമെന്നുമുള്ള ബാലിശജല്പനങ്ങള്‍ ഇനി കേള്‍ക്കുമ്പോള്‍ ഈ വസ്തുത ഓര്‍ത്തുകൊള്ളുക. അത്തരം വിചാരങ്ങളുണ്ടാവരുത്: അവ അത്രമാത്രം സ്വാര്‍ത്ഥമാണ്. നിങ്ങള്‍ ചെയ്യുന്ന എല്ലാ കര്‍മ്മങ്ങളും കര്‍ത്തൃനിഷ്ഠമാണ്, നിങ്ങളുടെ സ്വന്തം നന്മയ്ക്കുവേണ്ടിയുള്ളതാണ്. ഒരാശുപത്രിയോ അതുപോലെ മറ്റെന്തെങ്കിലുമോ ഒന്നു പണിത് ഞാനോ നിങ്ങളോ പിടിച്ചുകയറ്റാന്‍മാത്രം ഈശ്വരന്‍ കഷ്ടതയില്‍ വീണു കിടക്കുകയല്ല. അവന്‍ നിങ്ങളെ പ്രവൃത്തിയെടുക്കാന്‍ അനുവദിക്കുന്നു. ഈ ബ്രഹ്മാണ്ഡക്കളരിയില്‍ നിങ്ങളുടെ മാംസപേശികള്‍ക്കു വ്യായാമം കൊടുക്കുവാന്‍ അവന്‍ അനുവദിക്കുന്നു: അവനെ സഹായിക്കാനല്ല. പിന്നെയോ, നിങ്ങള്‍ നിങ്ങളെത്തന്നെ സഹായിക്കട്ടെ എന്നുവെച്ചിട്ട്: നിങ്ങളുടെ സഹായമില്ലെങ്കില്‍ ഒരു ഉറുമ്പെങ്കിലും ചത്തുപോകുമെന്ന് നിങ്ങള്‍ വിചാരിക്കുന്നോ? എങ്കില്‍ അത് അങ്ങേയറ്റത്തെ ഈശ്വരനിന്ദ!
ലോകത്തിന് നിങ്ങളെ തീരെ ആവശ്യമില്ല. ഈ ലോകം നടന്നുകൊണ്ടേ ഇരിക്കുന്നു. നിങ്ങള്‍ സമുദ്രത്തിലെ ഒരു തുള്ളിമാത്രം. അവനില്ലെങ്കില്‍ ഒരില അനങ്ങില്ല, കാറ്റ് അടിക്കുകയുമില്ല. അവനുവേണ്ടി വേല ചെയ്യാന്‍ – അല്ലാതെ അവനെ സഹായിക്കാനല്ല – കിട്ടിയിരിക്കുന്ന ഈ മേന്മകൊണ്ട് നാം അനുഗൃഹീതരാണ്. ‘സഹായിക്കുക’ എന്ന ഈ വാക്ക് നിങ്ങളുടെ മനസ്സില്‍നിന്നു മുറിച്ചുമാറ്റുക. നിങ്ങള്‍ക്കു സഹായിക്കാന്‍ കഴിയില്ല. അത് ഈശ്വരനിന്ദയാണ്. നിങ്ങള്‍ ഇവിടെയുള്ളതുതന്നെ അവന്റെ തിരുവുള്ളംകൊണ്ടാണ്. അവനെ സഹായിക്കുന്നുവെന്നാണോ നിങ്ങള്‍ പറയുന്നത്? നിങ്ങള്‍ ആരാധിക്കുന്നു. നിങ്ങള്‍ ഒരുരുള ചോറു നായയ്ക്കു കൊടുത്താല്‍ നിങ്ങള്‍ ആ നായയെ ഈശ്വരനായി ആരാധിക്കുന്നു. ഈശ്വരന്‍ ആ നായയിലുണ്ട്. അവന്‍തന്നെയാകുന്നു ആ നായയും. അവന്‍ സര്‍വ്വത്തിലും ഉണ്ട്. അവനെ ആരാധിക്കാന്‍ നാം അനുവദിക്കപ്പെട്ടിരിക്കുന്നു. ഈ ജഗത്തിനോടു മുഴുവനും ഈ ആദരഭാവം കൈക്കൊള്ളുക. അപ്പോള്‍ സമ്പൂര്‍ണ്ണനിസ്സംഗത്വം വന്നുചേരും. ഇതായിരിക്കണം നിങ്ങളുടെ കര്‍ത്തവ്യം. കര്‍മ്മത്തോടുള്ള ശരിയായ ഭാവം ഇതാണ്. ഇതാണ് കര്‍മ്മയോഗം പഠിപ്പിക്കുന്ന രഹസ്യം.