ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പന്ത്രണ്ട്
ഭക്തിയോഗം ശ്ലോകം 10
അഭ്യാസേƒപ്യസമര്‍ത്ഥോƒസി
മത്കര്‍മ്മപരമോ ഭവ
മദര്‍ത്ഥമപി കര്‍മ്മാണി
കുര്‍വന്‍ സിദ്ധിമവാപ്സ്യസി
അഭ്യാസയോഗത്തിനും നിനക്കു സാമര്‍ത്ഥ്യമില്ലെങ്കില്‍ എനിക്കുവേണ്ടി കര്‍മ്മംചെയ്യുന്നതില്‍ തത്പരനായിരിക്കൂ. എനിക്കുവേണ്ടി കര്‍മ്മങ്ങള്‍ ചെയ്താലും ക്രമേണ നിനക്ക് ഈശ്വരനെ പ്രാപിക്കാന്‍ കഴിയും.
നിനക്ക് അഭ്യാസയോഗം അനുഷ്ഠിക്കുന്നതിനുള്ള കഴിവില്ലെങ്കില്‍, നിന്‍റെ ജീവിതരീതി ഇതേരീതിയില്‍ തുടര്‍ന്നുകൊള്ളുക. നിന്‍റെ ഇന്ദ്രിയങ്ങളെ സംയമനം ചെയ്യേണ്ടതില്ല. വിഷയസുഖങ്ങള്‍ കുറയ്ക്കേണ്ടതായുമില്ല. നിന്‍റെ കുടുംബാചാരങ്ങള്‍ അനുഷ്ഠിച്ചുകൊള്ളുക. വിഹിതകര്‍മ്മങ്ങള്‍ ചെയ്യുക, നിഷിദ്ധകര്‍മ്മങ്ങള്‍ ചെയ്യാതിരിക്കുക. ഈ വിധത്തില്‍ നിനക്ക് ഇഷ്ടാനുസരണം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും. എന്നാല്‍ ശരീരംകൊണ്ടും വാക്കുകൊണ്ടും മനസ്സുകൊണ്ടും ചെയ്യുന്ന ഒരു പ്രവൃത്തിയും ‘ഇതു ഞാനാണ് ചെയ്യുന്നത്’ എന്നഭിമാനിക്കാതിരിക്കുക. എന്തുചെയ്യണമെന്നും എന്തു ചെയ്യരുതെന്നും അറിയാവുന്നത് ഈ വിശ്വത്തിന്‍റെ സ്രഷ്ടാവായ പരമാത്മാവിന് മാത്രമാണെന്ന് മനസ്സിലാക്കുക. ഏതെങ്കിലും പ്രത്യേക പ്രവൃത്തി പൂര്‍ത്തിയായില്ലെന്നോ തൃപ്തിയായില്ലെന്നോ മനസ്സില്‍ ചിന്തിക്കുകപോലും ചെയ്യരുത്. നിന്‍റെ വംശപാരമ്പര്യത്തിന് അനുയോജ്യമായ കര്‍മ്മങ്ങള്‍ അതിന്‍റെ ലക്ഷ്യത്തോടുകൂടി പ്രവര്‍ത്തിക്കുക. തോട്ടക്കാരന്‍ വെട്ടുന്ന ചാലില്‍ കൂടി വെള്ളം ഒഴുകിപ്പോകുന്നതുപോലെ, നിന്‍റെ ജീവിതത്തിന്‍റെ ഒഴുക്കിനെ നയിക്കുകയും നിരഭിമാനത്തോടുകൂടി കര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്യുക. ഇപ്രകാരമായാല്‍ എന്തെല്ലാം പ്രവര്‍ത്തിക്കണമെന്നോ എന്തെല്ലാം ഒഴിവാക്കണമെന്നോ തീരുമാനിക്കേണ്ട ഭാരം നിന്‍റെ ബുദ്ധിക്ക് പേറേണ്ടിവരുന്നതല്ല. നിന്‍റെ ചിത്തം നിരന്തരമായി എന്നില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യും. ഒരു രഥം അതു പോകുന്ന വഴി നേരേയുള്ളതാണോ വളഞ്ഞതാണോ എന്ന് ചിന്തിക്കാറില്ലല്ലോ. നീ ചെയ്യുന്ന കര്‍മ്മങ്ങള്‍ അത് എത്ര ചെറുതോ വലുതോ ആയിക്കൊള്ളട്ടെ, അത് മനസാ വാചാ കര്‍മ്മണാ എനിക്കു സമര്‍പ്പിക്കുക. ഇപ്രകാരം നിന്‍റെ ഹൃദയം എന്നിലുറപ്പിച്ച് കര്‍മ്മങ്ങള്‍ ചെയ്താല്‍, നിന്‍റെ ശരീരം ഉപേക്ഷിക്കുമ്പോള്‍ നിനക്ക് നിശ്ചയമായും സായൂജ്യം ലഭിക്കും.