സ്വാമി വിവേകാനന്ദന്‍

ലോകമൊട്ടുക്കു സാധാരണമായുപദേശിച്ചുവരുന്ന നിലയില്‍ മതത്തിന്റെ അടിസ്ഥാനം കൂറും വിശ്വാസവുമാണ് എന്നു പറയപ്പെടുന്നു. അതില്‍ത്തന്നെയും ഉള്ളതു പല കൂട്ടം സിദ്ധാന്തങ്ങള്‍ മാത്രം. അതുകൊണ്ടാണ് മതങ്ങളെല്ലാം തമ്മില്‍ കലഹിച്ചുകൊണ്ടിരിക്കുന്നത്. ഈ സിദ്ധാന്തവാക്യങ്ങള്‍തന്നെ വിശ്വാസത്തിന്‌ മേലാണു നിലകൊള്ളുന്നത്. ഒരാള്‍ പറയുന്നു, മേഘമണ്ഡലത്തിനുമേലിരുന്നു പ്രപഞ്ചമാകെ ഭരിക്കുന്ന ഒരു ദേവനുണ്ടെന്ന്. തന്റെ വാക്കിനെ മാത്രം പ്രമാണമാക്കി ഞാന്‍ അതു വിശ്വസിക്കണമെന്നും അയാള്‍ പറയുന്നു. അതുപോലെ തന്നെ ചില സ്വാഭിപ്രായങ്ങള്‍ എനിക്കുമുണ്ടാവാം. അതു മറ്റുള്ളവര്‍ വിശ്വസിക്കണമെന്നു ഞാന്‍. അതിനു കാരണം ചോദിച്ചാല്‍ എനിക്കൊരു സമാധാനവും നല്കാനില്ല. ഇങ്ങനെയാണ് മതത്തിനും തത്ത്വജ്ഞാനശാസ്ത്രത്തിനും ഈയിടെ ദുഷ്‌പേരുണ്ടായിരിക്കുന്നത്. പഠിപ്പുകാരുടെ നില ഇതാണെന്നു തോന്നും; ‘ഏയ്! ഈ മതങ്ങള്‍ വെറും സിദ്ധാന്തവാക്യാവലികള്‍! അവ നേരാണോ എന്നു പരീക്ഷിപ്പാന്‍ ഒരു തോതുമില്ല. അവനവനു രുചിച്ചത് ഓരോരുത്തനും പ്രസംഗിക്കുന്നു.’ എന്നിരിക്കിലും മത വിശ്വാസത്തിനു സര്‍വ്വസാധാരണമായ ഒരടിസ്ഥാനമുണ്ട്. അതു നാനാരാജ്യങ്ങളിലുള്ള നാനാസിദ്ധാന്തങ്ങളെയും ഓരോ ശാഖക്കാരുടെ എല്ലാത്തരം അഭിപ്രായങ്ങളെയും നിയന്ത്രിക്കുന്നുമുണ്ട്. അവയുടെ മൂലം എന്തെന്നു നോക്കുമ്പോള്‍ അവയും സര്‍വ്വലോക സാമാന്യമായ അനുഭവത്തെ ആസ്പദിച്ചുള്ളവയാണെന്നു കാണാം.

ഒന്നാമതായി, ലോകത്തിലുള്ള നാനാമതങ്ങളും പരിശോധിച്ചു നോക്കിയാല്‍ അവ രണ്ടു തരമായിക്കാണാം; പ്രമാണഗ്രന്ഥമുള്ളവയും ഇല്ലാത്തവയും. ഗ്രന്ഥമുള്ളവയ്ക്കു കൂടുതല്‍ ബലമുണ്ട്, അനുയായികളും അധികമുണ്ട്. ഗ്രന്ഥമില്ലാത്തവ മിക്കതും നശിച്ചു പോയിരിക്കുന്നു. ചുരുക്കം ചില പുതുമതങ്ങള്‍ക്ക് അനുയായികളും വളരെ കുറവാണ്. എന്നാല്‍ എല്ലാറ്റിലും ഒരു സംഗതിയില്‍ അഭിപ്രായത്തിന് ഐക്യം കാണാം. അവ ഉപദേശിക്കുന്ന മതതത്ത്വങ്ങള്‍ ചില വ്യക്തികളുടെ അനുഭവഫലങ്ങളാണ്. ക്രിസ്ത്യാനി നിങ്ങളോടു പറയുന്നു, അയാളുടെ മതത്തില്‍ വിശ്വസിക്കുവാന്‍ ക്രിസ്തുവില്‍ വിശ്വസിക്കണം: ക്രിസ്തു ഈശ്വരാവതാരമാണെന്നു വിശ്വസിക്കണം: ഈശ്വരനിലും ആത്മാവിലും ആത്മാവിന്റെ ഒരു ഉത്കൃഷ്ടഭാവിപദത്തിലും വിശ്വസിക്കണം. അതിനു മതിയായ കാരണമുണ്ടോ എന്നു ചോദിച്ചാല്‍ അതയാളുടെ വിശ്വാസമെന്നാണുത്തരം. എന്നാല്‍ ക്രിസ്തു മതത്തിന്റെ ഉറവിടത്തിലേക്കു ചെന്നാല്‍ അനുഭവമാണ് അതിന്റെ ആസ്പദമെന്നു കാണാം. ‘ഞാന്‍ ഈശ്വരനെ കണ്ടു’ എന്നു ക്രിസ്തു പറഞ്ഞു. ക്രിസ്തുശിഷ്യന്മാര്‍ പറഞ്ഞു, ‘ഞങ്ങള്‍ക്ക് ഈശ്വരാനു ഭൂതിയുണ്ടായി’ എന്ന്. ഇങ്ങനെ പോകുന്നു ഓരോരുത്തരുടെ അനുഭവങ്ങള്‍. അതുപോലെ ബുദ്ധമതത്തില്‍ ബുദ്ധന്റെ അനുഭവങ്ങളാണ്. അദ്ദേഹത്തിനു ചില തത്ത്വങ്ങളുടെ അനുഭൂതിയുണ്ടായി: അദ്ദേഹം അവയെ കണ്ടുമുട്ടി, സാക്ഷാത്ക്കരിച്ചു: അവയെ ലോക ത്തിനുപദേശിക്കുകയും ചെയ്തു. ഹിന്ദുക്കളുടെ കാര്യവും അങ്ങനെ തന്നെ. അവരുടെ മതഗ്രന്ഥങ്ങളില്‍ അവ നിബന്ധിച്ച ഋഷിമാര്‍ തങ്ങള്‍ ചില സത്യങ്ങള്‍ സാക്ഷാത്ക്കരിച്ചു എന്നു പ്രഖ്യാപിക്കുന്നു. അവര്‍ അവ ഉപദേശിക്കുകയും ചെയ്യുന്നു.

ഇങ്ങനെ നോക്കുമ്പോള്‍ നമ്മുടെ സര്‍വ്വജ്ഞാനത്തിനും ഏകാധാരമായി, സാര്‍വ്വജനീനമായി പാറപോലെ ഉറച്ച, പ്രത്യക്ഷാനുഭവമെന്ന ആ അസ്തിവാരത്തിന്‌മേലാകുന്നു ലോകത്തിലുള്ള സര്‍വ്വമതങ്ങളും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നതെന്നു വെളിവാകുന്നു. മതാചാര്യന്മാരെല്ലാം ഈശ്വരനെ ദര്‍ശിച്ചു. സ്വന്തം ആത്മാവിനെ സാക്ഷാത്ക്കരിച്ചു: തങ്ങളുടെ ഭാവിയും തങ്ങളുടെ നിത്യത്വവും അവര്‍ കണ്ടു: കണ്ടത് അവര്‍ ഉപദേശിച്ചു. എന്നാല്‍ ഒരു വിശേഷമുണ്ട്. ഈ അനുഭവങ്ങള്‍ ഇക്കാലത്തു സാധ്യമല്ല എന്ന ഒരസാധാരണവാദം മിക്ക മതങ്ങളും – പ്രത്യേകിച്ചും ഇക്കാലത്ത് – പുറപ്പെടുവിച്ചിട്ടുണ്ട്. ആരുടെ നാമത്തെയാണോ ആ മതങ്ങള്‍ പിന്നീടു വഹിച്ചത് ആദിമസ്ഥാപകന്മാരായ ആ ചുരുക്കം ചിലര്‍ക്കുമാത്രം സാധ്യമായിരുന്നു ആ വക അനുഭവങ്ങള്‍. അവയുടെയൊക്കെ കാലം കഴിഞ്ഞുപോയിരിക്കുന്നു. അതുകൊണ്ട് ഇപ്പോള്‍ വിശ്വാസത്തിന്‌മേല്‍ത്തന്നെ മതം സ്വീകരിക്കേണ്ടിയിരിക്കുന്നു. ഈ നില ഞാന്‍ പാടേ നിഷേധിക്കുന്നു. ജ്ഞാനവിഷയകമായ ഏതെങ്കിലും ശാഖയില്‍ ഒരനുഭവം ഒരിക്കല്‍ ഈ ലോകത്തില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് അതിനുമുമ്പും എത്രയോ ലക്ഷം പ്രാവശ്യം ഉണ്ടായിരിക്കാന്‍ ഇടയുണ്ട്, ഇനി ലോകാവസാനംവരെ അത് ആവര്‍ത്തിച്ചുണ്ടാകുകയും ചെയ്യും എന്ന നിഗമനം നിര്‍വ്വിവാദമായി വന്നുചേരുന്നു. ഐകരൂപ്യം പ്രകൃതിയുടെ ദൃഢനിയമമാണ്. ഒരിക്കല്‍ സംഭവിച്ചത് എപ്പോഴും സംഭവിക്കാം.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. അദ്ധ്യായം 1. പേജ് 151-152]