ശ്രീ രമണമഹര്‍ഷി
നവംബര്‍ 29 , 1936
മായ, പ്രത്യഭിജ്ഞന്‍റെ സ്വാതന്ത്ര്യം എന്നിവയെപ്പറ്റി പറഞ്ഞു. ബ്രഹ്മത്തില്‍ ഉത്ഭൂതമായിരിക്കുന്ന മിഥ്യാശക്തിയാണ് മായയെന്നു വേദാന്തികള്‍ പറയുന്നു. അതിന് സ്വതന്ത്രനിലനില്‍പില്ല. സങ്കല്‍പജന്യമായ ലോകത്തെ സത്യമെന്നു തോന്നിപ്പിച്ച് അത് അജ്ഞാനികളെ കബളിപ്പിക്കുന്നു. മായ ഇല്ലാത്ത ഒന്നിന്‍റെ പേരാണെന്നറിയുമ്പോള്‍ മായ മറയുന്നു.
പ്രത്യഭിജ്ഞാവാദികള്‍, ശക്തി ശിവത്തോട് ചേര്‍ന്നിരിക്കുന്നതാണെന്നും ഒന്നിനെ വിട്ടാല്‍ മറ്റതുമില്ലെന്നും പറയുന്നു. ശിവം തോന്നലറ്റ അവ്യക്തമാണെന്നും ശക്തി സ്വന്തം സ്വാതന്ത്ര്യത്താല്‍ വ്യക്തമായി പ്രകാശിക്കുന്നുവെന്നും അവര്‍ പറയുന്നു. കണ്ണാടിയില്‍ തോന്നുന്ന പ്രതിഫലനമെന്ന ശക്തി, ശുദ്ധ ചൈതന്യ ശിവസ്വരൂപത്തില്‍ വിശ്വക്കാഴ്ച്ചയെ പ്രദര്‍ശിപ്പിക്കുന്നു. കാഴ്ച, കണ്ണാടിയെ വിട്ടു സ്വതന്ത്രമായിരിക്കുന്നില്ല. അതുപോലെ ലോകത്തിനു ശുദ്ധചൈതന്യത്തെ കൂടാതെ സ്വന്തവും സ്വതന്ത്രവുമായ ഒരു സ്ഥാനവുമില്ല. അവസാനം സ്വാതന്ത്ര്യം എന്ന് പറയുന്നത് ബ്രഹ്മത്തിന്‍റെ സ്വഭാവമാണെന്ന് പറയേണ്ടിവരും. പരം പൊരുള്‍ ഉപാധിരഹിതമാണെന്നും മായ വെറും തോന്നലാണെന്നും ശ്രീശങ്കരന്‍ വാദിക്കുന്നു. മൊത്തത്തില്‍ ഈ രണ്ടു വാദങ്ങള്‍ക്കും തമ്മിലുള്ള വ്യത്യാസമെന്ത്? ജഗത്ത് ആരോപമാണെന്നു രണ്ടുപേരും സമ്മതിക്കുന്നു.
കണ്ണാടിയിലെ കാഴ്ച്ച എങ്ങനെ സത്യമാവും? അങ്ങനെ യഥാര്‍ഥത്തില്‍ ലോകം എന്നൊന്നില്ല. നിര്‍വ്വികാരബ്രഹ്മത്തെ ബോധിക്കണമെന്നതാണ് രണ്ടു കൂട്ടരുടെ ഉപദേശത്തിന്‍റെയും താല്‍പര്യം. ജഗത്തിന്‍റെ ഇല്ലായ്മയെ വേദാന്തികള്‍ തുറന്ന് പറയുന്നു. ലോകത്തെ ചിന്മമയമായി കാണുന്നുതാണ് സത്യം.
അനേകത്വം ഇല്ല, ഏകത്വമേയുള്ളൂ എന്നു വേദാന്തികള്‍ ഘോഷിക്കുന്നു. പരിഭാഷകളും വ്യാഖാനങ്ങളും മൂലമല്ലാതെ ഇരുവാദങ്ങള്‍ക്കും തമ്മില്‍ ഭേദമൊന്നുമില്ല.