ശ്രീ രമണമഹര്‍ഷി
നവംബര്‍ 30, 1936
കര്‍മ്മത്തിനു ഫലമുണ്ട്, കാരണത്തിനു കാര്യമെന്നപോലെ. ഫലദാതാവിനെ ദൈവമെന്നു പറയുന്നു.
ഒരു ഭക്തന്‍ വിസ്മൃതിയിലാണ്ടിരിക്കുന്ന ആത്മാവിനെപ്പറ്റി സംസാരിച്ചു. അല്‍പം കഴിഞ്ഞ് ഭഗവാന്‍:
ലോകം ആത്മാവിനു സ്മൃതി വിസ്മൃതികളെ ആരോപിക്കുന്നു. ഇതും വെറും മനസ്സിന്‍റെ സങ്കലപമാണ്. വിചാരമുള്ളിടത്തോളം ഇതു മാറിമാറിപ്പറയും. സത്യം, സ്മൃതിവിസ്മൃതികള്‍ക്കപ്പുറത്താണ്. സ്മൃതി വിസ്മൃതികള്‍ക്കൊരാധാരം വേണം. ആ ഒന്ന് അന്യമായിരിക്കണം.അല്ലെങ്കില്‍ വിസ്മൃതി ഉണ്ടാവുകയില്ല. ഈ ഒന്നിനെ ‘ഞാന്‍’ എന്ന് പറയുന്നു.അതിനെ അന്വേഷിക്കുമ്പോള്‍ അതു കാണപ്പെടുകയില്ല. കാരണം അതു അയഥാര്‍ത്ഥമാണ്. അതിനാല്‍ ‘ഞാന്‍’ അവിദ്യയുടെയോ മായയുടെയോ പര്യായപദമായിത്തീരുന്നു. അജ്ഞാനം എന്നൊന്നില്ല എന്നറിയുന്നതാണ് ആത്മജ്ഞാനത്തിന്‍റെ രഹസ്യം. അജ്ഞാനം അറിയുന്നവനെ ചേര്‍ന്നു നില്‍ക്കൂ. അറിവ് ജ്ഞാനമാണ്. അജ്ഞാനം അപ്രകൃതവും അസത്യവുമായിത്തീരുന്നു ഏന്നോര്‍മ്മിക്കേണ്ടതാണ്.
ചോദ്യം: ഈ സത്യത്തെ അറിഞ്ഞതിനുശേഷവും ആരും സംതൃപ്തരായിട്ടിരിക്കുന്നില്ലല്ലോ ?
മഹര്‍ഷി: അതു പൂര്‍വ്വസംസ്ക്കാരം നശിക്കാത്തതുകൊണ്ടാണ് സംസ്ക്കാരമവശേഷിക്കുന്നിടത്തോളം കാലം സംശയം മാറുകില്ല. ഗുരുപദേശമനുസരിച്ചുള്ള അഭ്യാസം കൊണ്ട് സംസ്ക്കാരത്തെ നശിപ്പിക്കാം.ഇതിനാദ്യം ഗുരുപദേശത്തിന്‍റെ ശ്രവണം ഉണ്ടാകണം. ശ്രവണമുറയ്‌ക്കാന്‍ മനനം വേണം. ഇതിനാലേര്‍പ്പെടുന്ന ഏകാഗ്രതയാണ് നിദിദ്ധ്യാസനം. ഇതു വാസനകളുടെ ബീജത്തെത്തന്നെ നശിപ്പിക്കുന്നു. കൃതോപാസകരാണെങ്കില്‍ ശ്രവണംകൊണ്ടുതന്നെ ജ്ഞാനം ദൃഢപ്പെടുന്നു. അകൃതോപാസകര്‍ക്ക് ശ്രവണത്തിനുശേഷം മനനം, നിദിധ്യാസനം എന്നീ അഭ്യാസങ്ങളില്‍ കൂടിയേ ജ്ഞാനം ദൃഢപ്പെടുന്നുള്ളൂ, അജ്ഞാനം എങ്ങനെയുണ്ടായി എന്നു ചിലര്‍ ചോദിച്ചേക്കാം. അവിദ്യ ഒരിക്കലും ഉണ്ടായിട്ടില്ല. വിദ്യയെ ഉളളൂ എന്നേ അവര്‍ക്കുത്തരം പറയാനൊക്കൂ.
ചോദ്യം: എന്നാല്‍ ഞാനെന്തുകൊണ്ടതു സാക്ഷാല്‍ക്കരിക്കുന്നില്ല ?
മഹര്‍ഷി: സംസ്ക്കാരം നിമിത്തം. കൂടാതെ, ആരാണ് സാക്ഷാല്‍ക്കരിക്കാത്തത്? എന്തിനെയാണ് സാക്ഷാല്‍ക്കരിക്കാത്തത്? എന്നും അറിയണം? അപ്പോള്‍ അറിയാം അവിദ്യ എന്നൊന്നില്ലെന്ന്.