ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പന്ത്രണ്ട്
ഭക്തിയോഗം ശ്ലോകം 16

അനപേക്ഷഃ ശുചിര്‍ദക്ഷഃ
ഉദാസീനോ ഗതവ്യഥഃ
സര്‍വ്വാരംഭ പരിത്യാഗീ
യോ മദ് ഭക്തഃ സ മേ പ്രിയഃ


ഒന്നിന്‍റേയും ആവശ്യമില്ലാത്തവനും അകവും പുറവും ശുദ്ധിയുള്ളവനും കര്‍മ്മകുശലനും ഒന്നിലും പ്രത്യേകം താല്പര്യമില്ലാത്തവനും വ്യാകുലതയില്ലാത്തവനും സ്വാര്‍ഥപരമായി ഒരു കര്‍മ്മവും ആരംഭിക്കാത്തവനുമായി എന്‍റെ ഭക്തന്‍ ആരോ അവന്‍ എനിക്കു പ്രിയനാകുന്നു.

ഇപ്രകാരമുള്ളവന്‍ എല്ലാ അപേക്ഷകളില്‍ (സംബന്ധങ്ങളില്‍) നിന്നും സ്വതന്ത്രരാണ്. അവരുടെ മനസ്സില്‍ സുഖം വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. ഗംഗ പവിത്രയാണ്. എല്ലാ പാപങ്ങളും താപങ്ങളും ഗംഗയില്‍ മുങ്ങുമ്പോള്‍ അതിന്‍റെ ജലംകൊണ്ട് അകറ്റപ്പെടുന്നു. എന്നാലും മുങ്ങിച്ചാകാനുള്ള അപകടസാധ്യത അവിടെയുണ്ട്. കാശി എല്ലാവര്‍ക്കും മോഷം നല്‍കുമെന്നത് പ്രസിദ്ധമാണ്. എന്നാല്‍ അവിടെയെത്തുന്നവരുടെ ശരീരത്തില്‍നിന്ന് ജീവന്‍ വേര്‍പെടുമ്പോഴാണ് മോക്ഷം ലഭിക്കുന്നത്. ഹിമാലയത്തിലെത്തുമ്പോള്‍ എല്ലാ പാപങ്ങളും അപ്രത്യക്ഷമാകുന്നു. പക്ഷേ, അവിടേയ്ക്കുള്ള യാത്ര ജീവന് അപകടം സംഭവിക്കാവുന്ന വഴിയില്‍ക്കൂടിയാണ്. എന്നാല്‍ ഭക്തന്മാരായ സജ്ജനങ്ങളുടെ പരിശുദ്ധിയില്‍ ഈ മാതിരി അപകടസാധ്യതകളൊന്നുമില്ല. ഭക്തിയുടെ ആഴം അഗാധമാണ്. എന്നാലും ഭക്തിയില്‍ മുങ്ങുന്ന ഒരുവന്‍ മുങ്ങിമരിക്കുകയില്ല. മരിക്കാതെതന്നെ അവനു മോക്ഷം ലഭിക്കുന്നു. ഗംഗയുടെ പാപംപോലും വിശുദ്ധന്മാരുടെ സ്പര്‍ശനംകൊണ്ട് നീങ്ങിപ്പോകുന്നു. അപ്പോള്‍പ്പിന്നെ അപ്രകാരമുള്ളവരുടെ സഹവാസംകൊണ്ട് എന്തുതന്നെ ശുദ്ധീകരിക്കപ്പെടുകയില്ല? പുണ്യതീര്‍ത്ഥങ്ങളുടെ അടിസ്ഥാനംതന്നെ പവിത്രതയാണ്. എന്‍റെ ഭക്തന്മാര്‍ അപ്രകാരമുള്ള പുണ്യതീര്‍ത്ഥങ്ങളാണ്. അവര്‍ ബാഹ്യമായും ആന്തരികമായും സൂര്യകിരണങ്ങള്‍പോലെ പരിശുദ്ധരാണ്. അവര്‍ ദൃഷ്ടിഗോചരമല്ലാത്ത വസ്തുക്കളെ കാണുന്നതിനു ശക്തിയുള്ളവരെപ്പോലെ, സാധാരണക്കാരന് കാണാന്‍ കഴിയാത്ത എന്‍റെ പരമസത്യത്തെ എല്ലായിടത്തും ദര്‍ശിക്കുന്നു. വ്യാപകമായ വാനം ഉദാസീനമായിരിക്കുന്നതുപോലെ എന്‍റെ മനസ്സും ഒരിടത്തും ഒട്ടാതെ സര്‍വ്വവ്യാപിയായി വര്‍ത്തിക്കുന്നു. വ്യാധന്‍റെ കൈയ്യില്‍നിന്നു രക്ഷപ്പെട്ട വിഹംഗത്തിന് യാതൊരു ഭയവുമില്ല. അതുപോലെ സംസാരവ്യഥകളില്‍നിന്നു മുക്തരായ അവര്‍ എല്ലാറ്റിനേയും ഉദാസീനമനോഭാവത്തോടെ വീക്ഷിക്കുന്നു. ജീവനറ്റ ശരീരത്തിന് ലജ്ജയില്ലാത്തതുപോലെ അവര്‍ക്ക് യാതൊരു ഉത്കണ്ഠയുമില്ല. അവര്‍ സന്തത സുഖികളാണ്. വിറകുകൊള്ളി ഇട്ടുകൊടുത്തില്ലെങ്കില്‍ അഗ്നിസ്വയം കൊട്ടടങ്ങുന്നതുപോലെ യാതൊരഹന്തയുമില്ലാതെ അവര്‍ എല്ലാ കര്‍മ്മങ്ങളും ചെയ്യുന്നു. ഇപ്രകാരമുള്ള ഒരുവന് ആത്മസാക്ഷാത്കാരത്തിനുമുന്‍കൂറായി ഉണ്ടായിരിക്കേണ്ട പരമശാന്തി ലഭിക്കുന്നു. അവന്‍റെ നാമം മോഷാര്‍ഹരായവരുടെ പട്ടികയില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു. താനും പരമ്പൊരുളും ഒന്നാണെന്നുള്ള സ്നേഹഭാവംകൊണ്ട് അവന്‍ ദ്വന്ദ്വഭാവത്തിന്‍റെ മറുകര എത്തിച്ചേരുന്നു. അതിനുശേഷം ഭക്തിസുഖം ആസ്വദിക്കുന്നതിനുവേണ്ടി അവനെത്തന്നെ രണ്ടായി വിഭജിച്ച് ദേവന്‍റേയും ഭക്തന്‍റേയും ദ്വൈതഭാവങ്ങള്‍ സൃഷ്ടിക്കുകയും അവന്‍ ഭക്തന്‍റെ ഭാവം സ്വീകരിച്ച് ഒരു മാതൃഭക്തനായി സമഞ്ജസമായ ഭക്തിയുടെ മാതൃക കാട്ടിക്കൊടുക്കുകയും ചെയ്യുന്നു. അപ്രകാരമുള്ള ഭക്തന്മാര്‍ എനിക്കു പ്രിയപ്പെട്ടവനാണ്. ഞാന്‍ അവരില്‍ ആസക്തനാണ്. അവര്‍ എന്‍റെ വാസസ്ഥാനമാണ്. അവരില്‍ എത്തിച്ചേരാത്ത ഞാന്‍ സന്തോഷവാനല്ല. അവര്‍ക്കുവേണ്ടി ഞാന്‍ അവതാരങ്ങള്‍ കൈക്കൊള്ളുന്നു. അവര്‍ക്കുവേണ്ടി ഞാന്‍ ഈ ലോകത്തില്‍ ജീവിക്കുന്നു. എന്‍റെ ജീവപ്രാണന്‍കൊണ്ടുതന്നെ ഞാന്‍ അവര്‍ക്ക് ആരതി ഉഴിയുന്നു.