ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിമൂന്ന് ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ശ്ലോകം 1, 2, 3
ഞാന്‍ ആത്മസ്വരൂപനായ ഗണേശനെ സ്മരിക്കുന്നു. എന്റെ ഗുരുദേവന്റെ പാദങ്ങളില്‍ ഞാന്‍ നമിക്കുന്നു. ഇവരുടെ സ്മരണ ഒരുവനെ എല്ലാ വിദ്യകളുടെയും ഗേഹത്തിലേക്ക് നയിക്കുന്നു. സരസ്വതീവിലാസവും സംസാരവൈദഗ്ദ്ധ്യവും ഇവരുടെ അനുഗ്രഹം കൊണ്ട് സംസിദ്ധമാകുന്നു. വാക്ചാതുര്യം അമൃതിന്റെ മാധുര്യത്തെയും അതിജീവിക്കുന്നു. നവരസങ്ങളും വാക്കുകളെ സേവിക്കുന്നതില്‍ തല്പരരാകുന്നു. അഗാധമായ അര്‍ത്ഥം വെളിപ്പെടുത്തുന്ന ഉപമാനങ്ങള്‍ കൊണ്ട് സത്യത്തെ മനസ്സിലാക്കുന്നതിനും വിവേചിച്ചറിയുന്നതിനും കഴിയുന്ന ഗുരുവിന്റെ ചിന്ത ഹൃദയത്തില്‍ നിറയുമ്പോള്‍ വിജ്ഞാനവര്‍ദ്ധനവോടൊപ്പം ഭാഗ്യലാഭവും ഉണ്ടാകുന്നു. ഞാന്‍ അവരെ വീണ്ടും വീണ്ടും നമിക്കുന്നു.
ശ്രീഭഗവാനുവാച:
ഇദം ശരീരം കൗന്തേയ
ക്ഷേത്രമിത്യഭിധീയതേ
ഏതദ്‌യോ വേത്തിതം പ്രാഹുഃ
ക്ഷേത്രജ്ഞ ഇതി തദ്വിദഃക്ഷേത്രജ്ഞം ചാപി മാം വിദ്ധി
സര്‍വ്വക്ഷേത്രേഷു ഭാരത
ക്ഷേത്രക്ഷേത്രജ്ഞയോര്‍ജ്ഞാനം
യാത്തത് ജ്ഞാനം മതം മമതത്ക്ഷേത്രം യച്ച യാദൃക് ച
യദ്വികാരി യതശ്ച യത്
സ ച യോ യത്പ്രഭാവശ്ച
തത് സമാസേന മേ ശൃണു.
പിതാമഹനായ ബ്രഹ്മദേവന്റെ പിതാവും ശ്രീലക്ഷ്മീദേവിയുടെ പതിയുമായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഇപ്രകാരം പറഞ്ഞു:
അല്ലയോ അര്‍ജ്ജുനാ, ഈ ശരീരത്തെ ക്ഷേത്രമെന്നു വിളിക്കുന്നു. ഇത് അറിയുന്നവനെ ക്ഷേത്രത്തെ അറിയുന്നവന്‍ – ക്ഷേത്രജ്ഞന്‍ – എന്നു വിളിക്കുന്നു.
അര്‍ജ്ജുനാ, ക്ഷേത്രജ്ഞന്‍ ഞാനാണെന്ന് വ്യക്തമായി അറിഞ്ഞാലും. ക്ഷേത്രത്തെ പരിപോഷിപ്പിക്കുന്നതും ഞാനാണ്. ക്ഷേത്രത്തെയും ക്ഷേത്രജ്ഞനേയും പറ്റിയുള്ള അറിവാണ് യഥാര്‍ത്ഥ ജ്ഞാനമെന്നു കരുതുന്നു.
ഈ ക്ഷേത്രം എന്താണ്? എങ്ങനെയുള്ളതാണ്? എന്തെല്ലാം വികാരങ്ങളുള്ളതാണ്? ഏതില്‍ നിന്ന് എങ്ങനെ സംഭവിച്ചതാണ്? മാത്രമല്ല, ഈ ക്ഷേത്രജ്ഞന്‍ ആര്? എന്തൊക്കെ പ്രഭാവങ്ങളുള്ളവാനാണ്? അതെല്ലാം ചുരുക്കമായിട്ട് എന്നില്‍ നിന്നും കേട്ടുകൊള്ളുക.
ഈ ശരീരത്തിന് ക്ഷേത്രമെന്നു പെരുകൊടുക്കാന്‍ ഇടയായത് എന്തുകൊണ്ടാണെന്ന് ഞാന്‍ പറയാം. ഇതിന്‍റെ ഗുണഗണങ്ങള്‍, എപ്പോള്‍ എവിടെയാണ് ഇത് ഉടലെടുക്കുന്നത്, ഇത് എപ്രകാരം എന്തെല്ലാം വികാര(രൂപഭേദ)ങ്ങളോടെയാണ് വളരുന്നത്, ഇത് മൂന്നരമുഴം നീളത്തില്‍ ഒതുങ്ങുന്നതാണോ, ഇത് എത്ര വലുതാണ്,ഇത് എന്തുകൊണ്ടുള്ളതാണ്, ഇത് പാഴ്ഭൂമിയാണോ വിളഭൂമിയാണോ, ഇതിന്‍റെ ഉടമ ആരാണ് എന്നൊക്കെ ഞാന്‍ വിശദമായി പറയാം. ശ്രദ്ധിച്ചു കേള്‍ക്കുക.
ഇതിന്‍റെ സ്ഥാനത്തെപ്പറ്റി വേദങ്ങള്‍ ധാരാളം പ്രതിപാദിച്ചിട്ടുണ്ട്. ഇതിനെപ്പറ്റി നിരന്തരമായ അഭ്യൂഹങ്ങളുണ്ട്. ഷഡ്ദര്‍ശനങ്ങള്‍ ഇതെപ്പറ്റി സംവാദങ്ങള്‍ നടത്തി കുഴയുകയാണുണ്ടായത്. അവയുടെ വ്യത്യസ്തമായ വീക്ഷണങ്ങള്‍ ഇനിയും യോജിപ്പിലെത്തിയിട്ടില്ല. ഒരു ശാസ്ത്രത്തിനും ഇതേപ്പറ്റി ഇനിയും എകാഭിപ്രായത്തിലെത്താന്‍ കഴിയാത്തതുകൊണ്ട് പൊതുവായ ധാരണയ്ക്കുവേണ്ടിയുള്ള ചര്‍ച്ചകള്‍ ലോകത്തിന്‍റെ എല്ലാ ഭാഗത്തും ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ഈ വാദപ്രതിവാദങ്ങള്‍ സര്‍വ്വസമ്മതമായ ഒരു നിലയിലെത്തിനില്‍ക്കുന്നതിന് ബുദ്ധിശക്തിപോലും പരാജയപ്പെടുകയാണുണ്ടായത്.
ഈ ക്ഷേത്രത്തിന്‍റെ ഉടമാവകാശം ആര്‍ക്കാണെന്ന് ആര്‍ക്കും അറിവില്ല. ഇതറിയാനുള്ള ആഗ്രഹം എല്ലാവര്‍ക്കും ഉണ്ടുതാനും. തന്മൂലം ഇതെപ്പറ്റിയുള്ള വാദപ്രതിവാദം എല്ലാവര്‍ക്കും ഒരു തലവേദനയായിത്തീര്‍ന്നിട്ടുണ്ട്. ആത്മതത്ത്വനിഷേദികള്‍(ചര്‍വകന്മാര്‍) ക്കെതിരായി വേദങ്ങള്‍ അരയും തലയും മുറുക്കി പോരാടാന്‍ തയ്യാറായപ്പോള്‍ അവര്‍ വേദങ്ങള്‍ക്കെതിരെയായി അര്‍ത്ഥമില്ലാത്ത ജല്പനങ്ങള്‍ നടത്തി. വേദങ്ങള്‍ക്കെതിരെയായി പാഷണ്ഡമതക്കാരായ വേദവിരോദികളും അവരുടെ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്. വേദവാക്യങ്ങള്‍ അടിസ്ഥാനരഹിതവും അസത്യം നിറഞ്ഞവയും ആണെന്നും അതെപ്പറ്റി വാദപ്രതിവാദം നടത്തി വേദാനുകൂലികളെ തോല്പിക്കാമെന്നും അവര്‍ വാതുവെയ്ക്കുന്നു. മറ്റ് ചില അവിശ്വാസികള്‍ തല മുണ്ഡനംചെയ്തും ദിഗംബരരായും വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെങ്കിലും അവരുടെ വാദവും നിഷ്ഫലമായിത്തീരുന്നു. തങ്ങളുടെ ക്ഷേത്രങ്ങള്‍ (ശരീരങ്ങള്‍) മൃത്യുവിന്‍റെ പിടിയിലമര്‍ന്ന് വ്യര്‍ത്ഥമായിപ്പോകുമെന്ന് ഭയന്ന്, യോഗികള്‍ ക്ഷേത്രനിര്‍ണ്ണയം ചെയ്യുന്നതിനുള്ള ശ്രമം തുടങ്ങി. എന്നാല്‍ ശരീരത്തോടുള്ള മമതാബന്ധം അവരുടെ യോഗാനുഷ്ഠാനത്തിന്‍റെ പാതയില്‍ പ്രതിബന്ധങ്ങള്‍ സൃഷ്‌ടിക്കുന്നതു കണ്ടപ്പോള്‍, യോഗികള്‍ക്കു മാതൃകയായി, പരമയോഗിയായ പരമശിവന്‍ സ്വര്‍ഗ്ഗസാമ്രാജ്യം ഉപേക്ഷിച്ച് ശ്മശാനത്തില്‍ തന്‍റെ താവളമുറപ്പിച്ചു. അദ്ദേഹം പത്തു ദിക്കുകളേയും ധരിച്ച് ദിഗംബരാനാവുകയും തന്നെ മോഹിപ്പിക്കാന്‍ ശ്രമിച്ച മദനനെ ചാമ്പലാക്കുകയും ചെയ്തു. ഈ തര്‍ക്കവിഷയങ്ങളുടെ പരിഹാരത്തിനായി നാന്മുഖന് നാലു വക്ത്രങ്ങള്‍ നല്‍കിയെങ്കിലും അദ്ദേഹവും ഈ ശരീരത്തിന്‍റെ സ്വഭാവം മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുകയാണുണ്ടായത്.