സ്വാമി വിവേകാനന്ദന്‍

ആ പ്രാണനെ സ്വാധീനമാക്കേണ്ടതെങ്ങനെ എന്നതാകുന്നു പ്രാണായാമത്തിന്റെ ഒറ്റനോട്ടം. ആ ഒറ്റക്കാര്യം സാധിക്കാനാണ് ഉപദേശങ്ങളും അഭ്യാസങ്ങളുമെല്ലാം. ഓരോരുത്തനും അവനവന്റെ നിലയില്‍നിന്നു തുടങ്ങണം: തനിക്ക് ഏറ്റവുമടുത്ത വസ്തുക്കളെ എങ്ങനെ നിയന്ത്രിക്കാമെന്നു പഠിക്കണം. നമ്മുടെ ശരീരമാണ് നമുക്കു വളരെ അടുത്തത്, ബാഹ്യലോകത്തിലുള്ള ഏതൊരു വസ്തുവിനെക്കാളും അടുത്തത്. ഈ മനസ്സും ഏതിനെക്കാളും ഏറ്റവുമടുത്തതാണ്. ഈ മനസ്സിനെയും ശരീരത്തെയും ചേഷ്ടിപ്പിക്കുന്ന പ്രാണനാണു ജഗത്തിലുള്ള പ്രാണശക്തികളില്‍വെച്ചു നമുക്ക് ഏറ്റവും അടുത്തിരിക്കുന്നത്. പ്രാണനാകുന്ന അനന്തസമുദ്രത്തിന്റെ തരംഗങ്ങളില്‍ നമുക്ക് ഏറ്റവും സമീപത്തുള്ളത് നമ്മുടെ കായിക മാനസിക ശക്തിസ്വരൂപത്തിലുള്ള ചെറുതരംഗമാകുന്നു. ആ ചെറുതിരയെ നിയമനം ചെയ്യാന്‍ കഴിഞ്ഞാലേ പ്രാണനെ മുഴുവന്‍ നിയമനം ചെയ്യാന്‍ ആശിക്കേണ്ടൂ. ഇതു സാധിച്ച യോഗി സിദ്ധനാകുന്നു: അയാള്‍ പിന്നെ മറ്റൊരു ശക്തിക്കും വിധേയനല്ല. അയാള്‍ മിക്കവാറും സര്‍വ്വശക്തനും സര്‍വ്വജ്ഞനുമായിത്തീരുന്നു. ഈ പ്രാണനിയമനത്തിന് ഉദ്യമിച്ചിട്ടുള്ള ചില കൂട്ടരെ ഏതു രാജ്യത്തും കാണാം. ഈ രാജ്യത്ത് (അമേരിക്കയില്‍) മനസ്സിനു ചികിത്‌സിക്കുന്നവര്‍, വിശ്വാസംകൊണ്ടു രോഗശാന്തി വരുത്തുന്നവര്‍, പരേതന്മാരുടെ ജീവനില്‍ വിശ്വസിക്കുന്നവര്‍, ക്രിസ്ത്യന്‍ സയന്‍സുകാര്‍ (സങ്കല്പംകൊണ്ടുതന്നെ ആരോഗ്യം നേടാന്‍ നോക്കുന്നവര്‍), മനോവശീകരണക്കാര്‍ മുതലായ പല സംഘങ്ങളെയും പരീക്ഷിച്ചു നോക്കിയാല്‍ അറിഞ്ഞോ അറിയാതെയോ ഈ പ്രാണവശീകരണമാണ് അവര്‍ക്കെല്ലാം അടിസ്ഥാനമെന്നു കാണാം: അവരുടെ സിദ്ധാന്തങ്ങളൊക്കെ കാച്ചിക്കുറുക്കി നോക്കിയാല്‍ ബാക്കിയാകുന്നത് അതായിരിക്കും. ഒരേ ഒരു ശക്തിയെക്കൊണ്ടാണ് അവര്‍ അറിയാതെ വ്യാപരിക്കുന്നത്. യദൃച്ഛയാ അവര്‍ ഒരു ശക്തി കണ്ടെത്തി: അതിന്റെ സ്വഭാവമെന്തെന്നറിയാതെ അതുപയോഗിക്കുകയും ചെയ്യുന്നു. അതേ ശക്തിയാണു യോഗിയും ഉപയോഗിക്കുന്നത്: അതു പ്രാണനില്‍നിന്നുണ്ടാകുന്നതുമാകുന്നു.

ഏതു ജീവിയുടെയും ജീവശക്തി പ്രാണനത്രേ. പ്രാണന്റെ അതിസൂക്ഷ്മവും അത്യുത്കൃഷ്ടവുമായ വ്യാപാരം വിചാരമാകുന്നു. എന്നാല്‍ വിചാരമെന്നു പറഞ്ഞതുകൊണ്ടു മുഴുവനായില്ല. ബോധാവസ്ഥയില്‍ എത്താത്ത വിചാരമുണ്ട് – അതിനെ വാസനയെന്നു പറയുന്നു: അതു ക്രിയാഭൂമികകളില്‍ ഏറ്റവും താഴത്തെതാണ്. നമ്മെ ഒരു കൊതുകു കടിച്ചാല്‍ നാമറിയാതെ നമ്മുടെ കൈ തനിയെ അതിനെ അടിക്കുന്നു. ഇതു വിചാരത്തിന്റെ ഒരുവക പ്രകാശനമാണ്. ശരീരത്തിന്റെ സ്വയം വ്യാപാരങ്ങളെല്ലാം ഈ വിചാര ഭൂമികയില്‍ ചേര്‍ന്നതാകുന്നു. മറ്റൊരു വിചാരഭൂമികയാണ് ബോധാവസ്ഥ. ഞാന്‍ തര്‍ക്കിക്കുന്നു, നിര്‍ണ്ണയം ചെയ്യുന്നു, മനനം ചെയ്യുന്നു, ഊഹിക്കുന്നു, അപോഹിക്കുന്നു. അതുകൊണ്ടും (വിചാര ശക്തിയുടെ വ്യാപാരം) മുഴുവനുമായില്ല, തര്‍ക്കത്തിന് ഒരവധിവരെയേ പോകാനാവൂ, അതിനപ്പുറമെത്താന്‍ കഴിവില്ല. അതു ചുറ്റിത്തിരിയുന്ന വട്ടം നന്നെ ചെറിയതുതന്നെ. എന്നാല്‍ ഈ ബോധമണ്ഡലത്തിലേക്കു വിഷയങ്ങള്‍ പാഞ്ഞുവരുന്നുണ്ടെന്നു നമുക്കനുഭവമാകുന്നു. വാല്‍നക്ഷത്രങ്ങള്‍ വരുംപോലെ ചില വസ്തുതകള്‍ ഈ മണ്ഡലത്തിലേക്കു കടന്നുവരുന്നു: അവ പുറമേ നിന്നാണ് വരുന്നതെന്നു നിശ്ചയംതന്നെ: നമ്മുടെ തര്‍ക്കത്തിനാണെങ്കിലോ അതിര്‍ത്തിക്കപ്പുറം പോകാനുമാവില്ല. ഈ ചെറുമണ്ഡലത്തിലേക്കു തള്ളിക്കടക്കുന്ന വിഷയങ്ങളുടെ കാരണങ്ങള്‍ ഈ പരിധിക്കു പുറത്താണ്. ഈ ബോധഭൂമികയില്‍ നിന്ന് ഇനിയും മേലെ, ബോധാതീതാവസ്ഥയില്‍ വര്‍ത്തിക്കാനും മനസ്സിനു കഴിയും. അതിനു സമാധിയെന്നും, തികഞ്ഞ ഏകാഗ്രതയെന്നും ബോധാതീതാവസ്ഥയെന്നും പറയാറുണ്ട്. ആ അവസ്ഥയിലെത്തുമ്പോള്‍ മനസ്സു തര്‍ക്കത്തിന്റെ അതിര്‍ത്തികളെ കടന്നുപോയി. ഒരു തര്‍ക്കത്തിനും ഒരു സഹജ വാസനയ്ക്കും ഒരു കാലത്തും അറിയാനാകാത്ത വസ്തുതകളെ നേരിട്ടുകാണാന്‍. പരിശീലിപ്പിക്കാമെങ്കില്‍ ശരീരത്തിലുള്ള സൂക്ഷ്മ ശക്തികളുടെ സര്‍വ്വ പ്രയോഗങ്ങളും, അതായത് പ്രാണന്റെ നാനാ ചേഷ്ടകളും, മനസ്സിനെ മേലേ്പാട്ടു തള്ളിക്കൊടുക്കും, ഉപരിഭൂമികകളെ ആരോഹണം ചെയ്തു സമാധിയെ പ്രാപിക്കുവാന്‍ സഹായിക്കും. അവിടെ നിന്നുകൊണ്ടു മനസ്സു വ്യാപരിക്കുകയും ചെയ്യുന്നു.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. അദ്ധ്യായം 3. പേജ് 181-182]