ഈ ജഗത്തില്‍ സത്തയുടെ ഓരോ ഭൂമികയിലും (ബോധത്തിനു വിഷയമാകുന്ന ഓരോ തലത്തിലും) ഒരഖണ്ഡവസ്തുവുണ്ട്. ഭൗതികമായി ഈ ജഗത്ത് ഏകവസ്തുവാണ്; സൂര്യന്നും നമുക്കും തമ്മില്‍ ഒരു വ്യത്യാസവുമില്ല. മറിച്ചു പറയുന്നതു മിഥ്യയാണെന്നും ശാസ്ത്രജ്ഞന്‍ പറയും. ഈ മേശയ്ക്കും എനിക്കും തമ്മില്‍ വാസ്തവത്തില്‍ വ്യത്യാസമില്ല: മേശ എന്നു പറയുന്നത് ഈ ഭൂതസംഘാതത്തിലെ ഒരു സ്ഥാനം, ഞാന്‍ മറ്റൊരു സ്ഥാനം. ഓരോ രൂപവും ഈ അനന്തഭൂതസമുദ്രത്തിലെ ഓരോ ചുഴിപോലെയാകുന്നു! അവയിലൊന്നും സ്ഥിരമല്ലതാനും. തള്ളിപ്പായുന്ന നദീപ്രവാഹത്തില്‍ അനേക ലക്ഷം നീര്‍ച്ചുഴികളുണ്ടാവാം: ഓരോന്നിലെയും ജലം തെല്ലിട അതില്‍ ചുറ്റിത്തിരിഞ്ഞു പുറത്തേക്കു പോകുകയും തത്ക്ഷണം പുതിയ ജലം തത്‌സ്ഥാനത്തു വന്നുചേരുകയും, ഇങ്ങനെ നിമിഷം തോറും ഓരോ ചുഴിയിലെയും വെള്ളം മാറിമാറി വരികയും ചെയ്യും. അതുപോലെ ഈ ജഗത്താകെ പ്രതിനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഭൂതസംഘാതമാകുന്നു: അതിലുള്ള ഓരോ രൂപവും ഓരോ ചുഴിയും. ഏതാനും ഭൗതികദ്രവ്യങ്ങള്‍ ഒരു ചുഴിയില്‍ കടക്കുന്നു: ആ ചുഴി ഒരു മനുഷ്യശരീരമാവാം. അതില്‍ അല്പകാലം ചുഴന്നു മാറ്റം വന്നു മറ്റൊരു ചുഴിയിലേക്കു പോകുന്നു: ഇത്തവണ, പക്ഷേ, ഒരു മൃഗശരീരമാവാം. അതില്‍ ഏതാനും സംവത്‌സരം ചുഴന്നശേഷം ധാതുപിണ്ഡമെന്ന മറ്റൊരു ചുഴിയില്‍ കടക്കുന്നു. ഇടവേറില്ലാത്ത മാറ്റംതന്നെ ഒരു ശരീരമെങ്കിലും സ്ഥിരമല്ല. എന്റെ ശരീരമെന്നോ നിന്റെ ശരീരമെന്നോ പറയുന്നതു വെറും വാക്കല്ലാതെ അങ്ങനെ ഒരു വസ്തുവില്ല.
ഈ ഭൂതമഹാസംഘാതത്തില്‍ ഒരു സ്ഥാനത്തിനു ചന്ദ്രന്‍ എന്നു പറയുന്നു. മറ്റൊന്നിനു സൂര്യന്‍ എന്ന്: വേറൊന്നു മനുഷ്യന്‍, ഇനിയൊന്നു ഭൂമി, പിന്നൊന്നു സസ്യം, പിന്നൊന്നു ധാതു എന്നു വിളിക്കപ്പെടുന്നു. ഒന്നും സ്ഥിരമല്ല. എല്ലാം മാറിക്കൊണ്ടേ ഇരിക്കുന്നു. ദ്രവ്യങ്ങള്‍ സദാപി സംഘടിക്കുന്നു, വിഘടിക്കുന്നു. മനസ്സിന്റെ കഥയും ഇതുതന്നെ. ഭൂതവസ്തുവായി രൂപാന്തരപ്പെട്ടിരിക്കുന്നത് ആകാശമാണ്. പ്രാണന്റെ വ്യാപാരം അത്യന്തസൂക്ഷ്മമാകുമ്പോള്‍, ഈ ആകാശംതന്നെ, സൂക്ഷ്മസ്പന്ദാവസ്ഥയില്‍ മനസ്സിന്റെ രൂപമെടുക്കും. അപ്പോഴും അവിടെയും (സൂക്ഷ്മാവസ്ഥയിലും) അഖണ്‌ഡൈകവസ്തുതന്നെ. ആ സൂക്ഷ്മസ്പന്ദത്തെ പ്രാപിക്കാന്‍ കഴിഞ്ഞാല്‍മതി, ഈ ജഗത്താകെ സൂക്ഷ്മസ്പന്ദരൂപമായി കാണ്മാനും അനുഭവിപ്പാനും കഴിയും. നാം സ്വബോധത്തോടുകൂടി ഇരിക്കുമ്പോഴും നമ്മെ ആ സ്ഥിതിയിലെത്തിക്കാന്‍ ചിലപ്പോള്‍ ചില ഔഷധങ്ങള്‍ക്കു കഴിവുണ്ട്. സര്‍ ഹംഫ്രിഡേവിയുടെ പ്രസിദ്ധ പരീക്ഷണം നിങ്ങളില്‍ പലരും ഓര്‍ക്കുന്നുണ്ടാവാം. പരീക്ഷണ സമയത്തുണ്ടായ ഹാസകവായു (Laughing Gas) വിന്റെ ശക്തിനിമിത്തം അദ്ദേഹം പ്രസംഗമദ്ധ്യേ ബോധംകെട്ടു നിശ്ചേഷ്ടനായി, സ്തബ്ധനായി നിന്നു പോയി. ജഗത്താകെ ആശയമാണെന്ന് അദ്ദേഹം പിന്നീടു പറഞ്ഞു. എന്തുകൊണ്ടെന്നാല്‍ അത്രയും സമയത്തേക്കു സ്ഥൂലസ്പന്ദങ്ങളെല്ലാം അടങ്ങി സൂക്ഷ്മസ്പന്ദങ്ങള്‍മാത്രം ആയതുപോലെ അദ്ദേഹത്തിന് അനുഭവമായിരുന്നു. ആ സ്പന്ദങ്ങളെയത്രേ അദ്ദേഹം ആശയങ്ങള്‍ എന്നു പറഞ്ഞത്. ചുറ്റുമുണ്ടായിരുന്ന സൂക്ഷ്മസ്പന്ദങ്ങളെ അറിവാനേ അദ്ദേഹത്തിന്നപ്പോള്‍ കഴിഞ്ഞുള്ളു. അപ്പോള്‍ സര്‍വ്വവും ആശയമായി: ജഗത്താകെ ഒരു വിചാര സാഗരമായി – അദ്ദേഹവും മറ്റെല്ലാവരും അതില്‍ ഓരോ വിചാരിച്ചുഴികളായി – തീര്‍ന്നിരുന്നു.
ഇങ്ങനെ വിചാരലോകത്തിലും ഏകത്വമത്രേ നാം കാണുന്നത്. അവസാനം ആത്മാവിനോടടുക്കുമ്പോള്‍ ആത്മാവും ഏകമായിരിപ്പാനേ വഴിയുള്ളു എന്നു നാം കാണുന്നു. പ്രകൃതിയുടെ സ്ഥൂല സൂക്ഷ്മസ്പന്ദങ്ങള്‍ക്കപ്പുറം, സര്‍വ്വചലത്തിനുമപ്പുറമുള്ളത് ഏകം മാത്രമാണ്. പ്രകടമായ ചേഷ്ടാശക്തിയുടെ കാര്യത്തില്‍ത്തന്നെ ഏകത്വമേ ഉള്ളു. ഈ വാസ്തവങ്ങള്‍ ഇനി മേല്‍ ആര്‍ക്കും നിഷേധിക്കാവതല്ല. ജഗത്തിലുള്ള ഊര്‍ജ്ജങ്ങളുടെ ആകത്തുക എന്നും എവിടെയും ഒന്നുതന്നെ എന്ന് ഇന്നത്തെ ഊര്‍ജ്ജതന്ത്രവും തെളിയിച്ചിരിക്കുന്നു. ഊര്‍ജ്ജത്തിന്റെ ഈ ആകത്തുക രണ്ടു രൂപത്തിലായിരിക്കുന്നു, എന്നും തെളിയിച്ചിട്ടുണ്ട്. ഒരു രൂപത്തില്‍ അതു വിലയോന്മുഖമായി അടങ്ങിയൊതുങ്ങുന്നു. മറ്റേ രൂപത്തില്‍ അതു വികാസോന്മുഖമായി ഇക്കാണുന്ന നാനാശക്തികളായി പ്രകാശിക്കുന്നു. അതു വീണ്ടും ശാന്തതയില്‍ തിരോഭവിക്കുന്നു, വീണ്ടും ആവിര്‍ഭവിക്കുന്നു. ഇങ്ങനെ സര്‍ഗ്ഗപ്രതിസര്‍ഗ്ഗങ്ങളായി എന്നെന്നേക്കും പൊയ്‌ക്കൊണ്ടിരിക്കുന്നു. ഈ ശക്തിയാണ് പ്രാണന്‍: ഇതിന്റെ സംയമനമാണു പ്രാണായാമം.
മനുഷ്യശരീരത്തില്‍ ഈ പ്രാണന്റെ ഏറ്റവും വ്യക്തമായ ആവിര്‍ഭാവം ശ്വാസകോശങ്ങളുടെ ചലനമാകുന്നു. ആ ചലനം നിന്നുപോയാല്‍ ശരീരത്തിലുള്ള മറ്റു ശക്തിപ്രകാശനങ്ങളൊക്കെയും പ്രായേണ പെട്ടെന്നു നിന്നുപോകും. എന്നാല്‍ അതുനിന്നിരിക്കുമ്പോഴും ശരീരം നിലനില്ക്കത്തക്കവിധം അഭ്യസിപ്പാന്‍ കഴിവുള്ള ചിലരുണ്ട്. കുഴിച്ചുമൂടിയാല്‍പ്പോലും വീര്‍പ്പിടാതെ പലനാള്‍ ജീവിച്ചിരിക്കാന്‍ കഴിവുള്ളവരുമുണ്ട്. സൂക്ഷ്മത്തിലെത്തിച്ചേരാന്‍ സ്ഥൂലത്തിന്റെ സഹായം വേണം. അങ്ങനെ മന്ദം മന്ദം ചെന്നു സൂക്ഷ്മതമമായ ലക്ഷ്യത്തില്‍ എത്തിച്ചേരണം. പ്രാണായാമമെന്നതു വാസ്തവത്തില്‍ ശ്വാസകോശചലനത്തിന്റെ സംയമനമാകുന്നു. ഈ ചലനമാകട്ടെ, ശ്വാസത്തോടുബന്ധപ്പെട്ടതുമാണ്. ശ്വാസം ചലനത്തെ ഉണ്ടാക്കുന്നു എന്നല്ല, നേരേമറിച്ചു ചലനം ശ്വാസത്തെ ജനിപ്പിക്കുന്നു എന്നത്രേ വാസ്തവം. ഈ ചലനം യന്ത്രനാളവൃത്തി (Pump Action) യില്‍ വായുവിനെ അകത്തേക്കു വലിക്കുന്നു, പ്രാണന്‍ ശ്വാസകോശങ്ങളെ ചലിപ്പിക്കുന്നു: ആ ചലനം വായുവിനെ വലിച്ചുകയറ്റുന്നു. അതുകൊണ്ടു പ്രാണായാമം ശ്വാസാഭ്യാസമല്ല: പിന്നെയോ, ശ്വാസകോശങ്ങളെ ചലിപ്പിക്കുന്ന മാംസപേശികളുടെ ശക്തിയെ സ്വാധീനമാക്കുകയാകുന്നു. നാഡികളിലൂടെ മാംസപേശികളിലേക്കും അവിടെ നിന്നു ശ്വാസകോശങ്ങളിലേക്കും നിര്‍ഗ്ഗമിച്ചു ശ്വാസകോശങ്ങളെ ചലിപ്പിക്കുന്ന ശക്തി പ്രാണനാകുന്നു. ഈ പ്രാണനെയത്രേ പ്രാണായാമാഭ്യാസംകൊണ്ടു നമുക്കു വശമാക്കേണ്ടത്. പ്രാണന്‍ വശമായിക്കഴിഞ്ഞാല്‍ ശരീരത്തിലെ മറ്റു പ്രാണവൃത്തികളും പതുക്കെ വശത്താകും. ഇതു നമുക്കു പെട്ടെന്ന് അനുഭവപ്പെടുകയും ചെയ്യും. ശരീരത്തിലുള്ള മിക്ക മാംസപേശികളെയും സ്വാധീനമാക്കീട്ടുള്ളവരെ ഞാന്‍തന്നെ കണ്ടിട്ടുണ്ട്. എന്തുകൊണ്ടു പാടില്ല? ചില മാംസ പേശികളെ നിയന്ത്രിക്കാമെങ്കില്‍ എന്തുകൊണ്ട് എല്ലാ പേശികളെയും സിരകളെയും നമുക്കു നിയന്ത്രിച്ചുകൂടാ? അതില്‍ അസാദ്ധ്യമെന്തുള്ളു? സ്വാധീനത തല്ക്കാലം നഷ്ടമായിരിക്കുന്നു: പേശികള്‍ സ്വയം ചലിക്കുകയാണ്. നമുക്കു നമ്മുടെ കാതുകളെ ഇഷ്ടംപോലെ ചലിപ്പിക്കാന്‍ വയ്യ. മൃഗങ്ങള്‍ക്ക് അതു കഴിയുമെന്നു നമുക്കറിയാം. നമുക്ക് ഇപ്പോള്‍ ആ ശക്തിയില്ലാതിരിക്കുന്നതു നാം അതിനെ ഉപയോഗിക്കാഞ്ഞിട്ടാണുതാനും. ഈ സിദ്ധിയാണ് ആദിമ പ്രത്യാഗമനം (Atavism) എന്നു പറയുന്നത്.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. അദ്ധ്യായം 3. പേജ് 182-185]