ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിമൂന്ന് ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ശ്ലോകം 4 ന്റെ തുടര്‍ച്ച

ആചാരപ്രമാണവാദികളുടെ വാദം ശരിയല്ലെന്നാണ് സാംഖ്യന്‍മാരുടെ മതം. ഈ കാര്യത്തില്‍ തങ്ങള്‍ക്കാണ് ശരിയായ തീര്‍പ്പ് കല്പിക്കാന്‍ അര്‍ഹതയുള്ളതെന്നും അവര്‍ വാദിക്കുന്നു. ക്ഷേത്രത്തിന്‍റെ ഉടമസ്ഥാവകാശം ജീവന് ഉള്ളതല്ലെന്നാണ് അവരുടെ അഭിപ്രായം. ഈ ക്ഷേത്രത്തില്‍ ജീവന്‍ വെറുമൊരു വഴിപോക്കിനായി അല്പകാലം മാത്രം വാഴുന്നു. അവനെ ആഹര്‍ന്നിശം ഉണര്‍ന്നിരുന്ന് കാത്തുരക്ഷിക്കുന്നത് പ്രാണനാണ്‌. ഈ ക്ഷേത്രത്തിന്‍റെ പരമ്പരാഗതമായ യഥാര്‍ത്ഥ ഉടമസ്ഥാവകാശം മൂലപ്രകൃതിക്കുള്ളതാണ്. വിളഭൂമി കൃഷി ചെയ്യുന്നതിനാവശ്യമായ എല്ലാ പണിയായുധങ്ങളും അവളുടെ കൈവശമുണ്ട്. അതുകൊണ്ട് അവള്‍ നേരിട്ടു കൃഷി ചെയ്യുന്നു. മൂലപ്രകൃതിയില്‍ നിന്നുടലെടുത്ത ത്രിഗുണങ്ങളാണ് ഇതില്‍ ആദികാലം മുതല്‍ കൃഷിയിറക്കുന്നത്. രാജോഗുണം ഇതില്‍ വിത്തുവിതയ്ക്കുന്നു. സത്വഗുണം അതിനെ പരിപാലിക്കുന്നു. തമോഗുണം വിളവുകൊയ്യുന്നു. കൊയ്തെടുത്ത കറ്റകള്‍ മഹത്ത്വമാകുന്ന മെതിസ്ഥലത്തിട്ട് കാലമാകുന്ന കാളയെക്കൊണ്ട് ചവുട്ടി മെതിപ്പിക്കുമ്പോള്‍, നടുവില്‍ നെന്മണികള്‍ വീഴുന്നതുപോലെ, മെതിസ്ഥലത്തിന്‍റെ മധ്യത്തില്‍ സൂക്ഷ്മസൃഷ്‌ടിയായ അവ്യക്തപ്രകൃതിയുടെ കൂമ്പാരം ഉയരുന്നു.