ശ്രീ രമണമഹര്‍ഷി
ഡിസംബര്‍ 14,1936
ചോദ്യം: ധ്യാനം ശീലിക്കുന്നതെങ്ങനെ?
രമണ മഹര്‍ഷി: ധ്യാനം താന്‍ തന്നില്‍ തന്നെ നില്‍ക്കുന്ന ആത്മനിഷ്ഠയാണ്. എന്നാല്‍ മനസ്സിലെ വിചാരങ്ങളെ ഒഴിക്കുന്ന ശ്രമത്തെ ധ്യാനമെന്നു പറഞ്ഞുവരുന്നു. ആത്മനിഷ്ഠ നമ്മുടെ സ്വപ്രകൃതിയാണ്. അതിനെ വിട്ടുപിരിയാതിരുന്നാല്‍ മതി.
ചോദ്യം: വിചാരങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. അതിനെ മാറ്റാനാണോ ധ്യാനം?
രമണ മഹര്‍ഷി: അതെ. ഒരേ വിചാരത്തിന്‍റെ മുമ്പില്‍ മറ്റു വിചാരങ്ങള്‍ ഒഴിഞ്ഞുപോകുന്നു. ഈ വിചാരനിഷേധത്താല്‍ മറ്റു വിചാരങ്ങളില്ലാതാകുന്നു.
ചോദ്യം: “ആത്മാസമസ്തം മനഃ കൃത്വാനകിഞ്ചിദപി ചിന്തയേല്‍”. മനസ്സിനെ ആത്മാവിലൊടുക്കണമെന്നും മറ്റൊന്നും ചിന്തിയ്ക്കരുതെന്നും ഗീത പറയുന്നു. ആത്മാവു മനസ്സിനാല്‍ ബന്ധിക്കപ്പെട്ടതായിരിക്കെ, അതില്‍ മനസിനെ കെട്ടുന്നതെങ്ങനെ? ആത്മാവ് രൂപമില്ലാത്തതല്ലേ?
രമണ മഹര്‍ഷി: ധ്യാനിക്കാന്‍ നാം എന്തിനാഗ്രഹിക്കുന്നു? ധ്യാനിക്കുന്നതിനാഗ്രഹിക്കുന്നവരോട് ‘മനസ്സിനെ ഒരേ നിലയില്‍ നിര്‍ത്തുക’ എന്നു ഗീതയില്‍ പറയുന്നു. ധ്യാനിക്കാതെ സ്വന്തം നിശ്ചഞ്ചലപ്രകൃതിയില്‍ എന്തുകൊണ്ടിരുന്നുകൂടാ? മനസ്സുതന്നെ എന്താണ്? വിചാരങ്ങളൊഴിഞ്ഞാല്‍ താന്‍ തന്നില്‍ തന്നെ നില്‍ക്കും.
ചോദ്യം: മനസ്സ് ഏതെങ്കിലും ഒരു രൂപത്തെ പറ്റിനില്‍ക്കാം.
രമണ മഹര്‍ഷി: ആത്മാവ് അരൂപിയല്ലേ? അതിനെ പറ്റിനില്‍ക്കുന്നതെങ്ങനെ?
രമണ മഹര്‍ഷി:മനസിനെ ഏതെങ്കിലും (രൂപ) വിഷയത്തോട് ചേര്‍ത്തു നിര്‍ത്തുന്നതും ധ്യാനവും, താനാരെന്നു താന്‍ തന്നില്‍ തന്നെ അന്വേഷിക്കുന്നതു നിദിധ്യാസനവുമാണ്.