സ്വാമി വിവേകാനന്ദന്‍

യോഗികളുടെ മതപ്രകാരം നട്ടെല്ലിനുള്ളില്‍ ഇഡയെന്നും പിംഗളയെന്നും രണ്ടു നാഡീധാരകളും നട്ടെല്ലിലെ നാഡീപാശത്തിലൂടെ പോകുന്ന സുഷുമ്‌നയെന്ന ഒരു ഒഴിഞ്ഞ നാളവുമുണ്ട്. ആ നാളത്തിന്റെ താഴത്തെ അറ്റത്താണു യോഗികള്‍ പറയുന്ന കുണ്ഡലിനീ പദ്മം. അതിനെ ത്രികോണാകൃതിയായിട്ടാണ് അവര്‍ വര്‍ണ്ണിക്കുന്നത്. അതിനുള്ളില്‍, യോഗികളുടെ വ്യംഗ്യഭാഷയില്‍, ‘കുണ്ഡലിനി’ എന്ന ശക്തി ചുരുണ്ടു കിടക്കുന്നുണ്ട്. ആ കുണ്ഡലിനി ഉണര്‍ന്നാല്‍ അത് ഈ ഒഴിഞ്ഞ നാളത്തില്‍ക്കൂടെ തള്ളിക്കയറാന്‍ ശ്രമിക്കുന്നു. അതു പടിപടിയായെന്നപോലെ ഉയരുമ്പോള്‍ മനസ്സിന്റെ അടുക്കുകള്‍ ഓരോന്നോരോന്നായി തുറക്കുന്നു, പലവിധ ദര്‍ശനങ്ങളും അദ്ഭുതസിദ്ധികളും യോഗിക്കു കൈവരുന്നു. അതു ശിരസ്സില്‍ (തലച്ചോറില്‍) എത്തുമ്പോള്‍ യോഗിക്കു ശരീരത്തോടും മനസ്സിനോടുമുള്ള ബന്ധം തീരെ വിട്ടുപോകുന്നു. ആത്മാവു തന്നെ സ്വയം മുക്തനെന്നു കാണുന്നു. നട്ടെല്ലിലെ നാഡീപാശത്തിന്റെ നിര്‍മ്മാണം ഒരു പ്രത്യേകമാതിരിയിലാണെന്നറിയാമല്ലോ. എട്ട് എന്ന അക്കം എടുത്തു വിലങ്ങനെ വെച്ചാല്‍ (ഠഠ) അതിനു നടുക്കു കൂടിച്ചേരുന്ന രണ്ടു ഭാഗങ്ങളുണ്ട്. ഈ എട്ടുകളെ മീതേയ്ക്കുമീതെ അടുക്കിവെച്ചാല്‍ നാഡീപാശത്തിന്റെ സ്വരൂപമാകും. ഇടത്തുഭാഗം ഇഡയും വലതുഭാഗം പിംഗളയും ഇടയില്‍ നെടുനീളത്തില്‍ കിടക്കുന്ന പൊള്ളയായ നാളം സുഷുമ്‌നയുമാകും. ഈ നാഡീപാശം അരക്കെട്ടിലുള്ള നട്ടെല്ലിന്റെ ചില എല്ലുകളില്‍ അവസാനിക്കുന്നിടത്തുനിന്ന് ഒരു നേരിയ തന്തു പുറപ്പെട്ടു പിന്നെയും അടിയിലോട്ടു പോകുന്നുണ്ട്. അതിനുള്ളില്‍ക്കൂടിയും മേല്‍പ്പറഞ്ഞ നാളം പോകുന്നുണ്ട്: അതു വളരെ സൂക്ഷ്മമാണെന്നുമാത്രം, നാളത്തിന്റെ അടി മൂടിയിരിക്കും. ഇതവസാനിക്കുന്നതു മൂലഗ്രന്ഥി എന്നു പറയുന്ന സ്ഥാനത്തിനടുത്താണ്. ഈ ഗ്രന്ഥി ത്രികോണാകൃതിയാണെന്ന് ആധുനിക ശരീരശാസ്ത്രജ്ഞന്മാര്‍ വിവരിക്കുന്നു. നട്ടെല്ലിലെ നാഡീ പാശത്തില്‍ കേന്ദ്രീകരിച്ചിരിക്കുന്ന നാഡീഗ്രന്ഥികള്‍ യോഗികള്‍ പറയുന്ന ആധാരപദ്മങ്ങള്‍ക്കു പ്രതിവര്‍ത്തിക്കുന്നവയാവാം.

അടിയില്‍ മൂലാധാരം മുതല്‍ ശിരസ്സില്‍ സഹസ്രാരമെന്ന സഹസ്രദളപദ്മംവരെ പല കേന്ദ്രങ്ങള്‍ ഉണ്ടെന്നു യോഗി സങ്കല്പിക്കുന്നു. മേല്പറഞ്ഞ നാഡീഗ്രന്ഥികള്‍ യോഗികളുടെ പദ്മങ്ങള്‍ക്കു പ്രതിവര്‍ത്തിക്കുന്നതായി വിചാരിച്ചാല്‍ ഇന്നത്തെ ശരീരശാസ്ത്രത്തിന്റെ ഭാഷയില്‍ത്തന്നെ യോഗിയുടെ ആശയം വളരെ എളുപ്പം മനസ്സിലാക്കാം. ഈ നാഡീപ്രവാഹങ്ങളില്‍ രണ്ടുതരം വ്യാപാരങ്ങളാണല്ലോ നടക്കുന്നത്; ഒന്ന് അന്തര്‍വാഹി, മറ്റേതു ബഹിര്‍വാഹി: ഒന്നു ബോധകം, മറ്റേതു കാരകം: ഒന്നു കേന്ദ്രാന്വയി, മറ്റേതു കേന്ദ്രവിശ്ലേഷി. ഒന്ന് ഇന്ദ്രിയവേദനങ്ങളെ തലച്ചോറിലേക്ക് എത്തിക്കുന്നത്, മറ്റേതു തലച്ചോറില്‍നിന്നു പുറമെ ശരീരത്തിലേക്കു പ്രേരണകളെ അയയ്ക്കുന്നത്. ഈ സ്പന്ദങ്ങളെല്ലാം ഒടുവില്‍ തലച്ചോറിനോടു ബന്ധപ്പെട്ടിരിക്കുന്നു. ഇനി, ഇതിനപ്പുറം വിവരിപ്പാന്‍ പോകുന്നതു വെളിവാകാന്‍ വേറെ പല സംഗതികളും ഓര്‍മ്മ വെയ്‌ക്കേണ്ടതുണ്ട്. ഈ സിരാപാശം മജ്ജാമയമായ ഒരു കന്ദത്തില്‍ അവസാനിക്കുന്നു. കന്ദമാകട്ടെ തലച്ചോറിലുള്ള ഒരു ദ്രാവകത്തില്‍ പൊങ്ങിക്കിടക്കുകയാണ്, തലച്ചോറിനോടു ബന്ധിക്കുന്നില്ല. അങ്ങനെയായതുകൊണ്ട്, തലയ്‌ക്കൊരടിയേറ്റാല്‍ അടിയുടെ ശക്തി ആ ദ്രാവകത്തില്‍ ചിതറി ലയിക്കുകയല്ലാതെ കന്ദത്തെ ബാധിക്കില്ല. ഇത് ഓര്‍ത്തിരിക്കേണ്ട ഒരു പ്രധാന സംഗതിയാണ്. രണ്ടാമത്, ഒരു കാര്യംകൂടി അറിഞ്ഞിരിക്കണം; എല്ലാ പദ്മങ്ങളിലുംവെച്ച് അടിയിലുള്ള മൂലാധാരം, ശിരസ്സിലുള്ള സഹസ്രാരം, നാഭിക്കെതിരെയുള്ള മണിപൂരം ഇവ മൂന്നും മുഖ്യമായി ഓര്‍മ്മവെയ്ക്കണം. ഇനി ഭൗതിക ശാസ്ത്രത്തില്‍നിന്നൊരു വസ്തുതയെടുക്കാം. വിദ്യുച്ഛക്തിയെയും അതിനോടു സംബന്ധിച്ച മറ്റു പല ശക്തികളെയും പറ്റി നാമെല്ലാം കേള്‍ക്കുന്നുണ്ട്. വിദ്യുച്ഛക്തിയെന്താണെന്ന് ആര്‍ക്കുമൊട്ടറിഞ്ഞുംകൂടാ. പക്ഷേ അറിഞ്ഞിടത്തോളം അത് ഒരുവക ചലനമാണെന്നുമാത്രം പറയാം.

ജഗത്തില്‍ വേറെയുമുണ്ടല്ലോ നാനാചലനങ്ങള്‍. അവയ്ക്കും വിദ്യുച്ഛക്തിക്കും തമ്മില്‍ വ്യത്യാസമെന്ത്? ഈ മേശ ചലിക്കുന്നു എന്നു വിചാരിക്കുക – അതായത് മേശയുടെ ഘടകാണുക്കള്‍ ഒരേ വഴിക്കല്ല പല വഴിക്കാണ് ചലിക്കുന്നതെന്നു വിചാരിക്കുക. അവയെയെല്ലാം ഒരേ വഴിക്കു ചലിപ്പിച്ചാല്‍ അതു വിദ്യുച്ഛക്തി വഴിയായിരിക്കും. വൈദ്യുതചലനം ഒരു പദാര്‍ത്ഥത്തിലെ അണുക്കളെയെല്ലാം ഒരേ വഴിക്കു ചലിപ്പിക്കുന്നു. ഒരു മുറിയിലുള്ള വായുവിലെ അണുക്കളെയെല്ലാം ഒരേ വഴിക്കു ചലിപ്പിക്കാമെങ്കില്‍ അത് ആ മുറിയെ ഒരു ഗംഭീരവൈദ്യുതകൂടമാക്കും. ഇനി ശരീരശാസ്ത്രത്തില്‍നിന്ന് ഒരു സംഗതികൂടി നാം ഓര്‍ക്കേണ്ടതുണ്ട്; ശ്വാസോച്ഛ്വാസങ്ങളെ ക്രമപ്പെടുത്തുന്ന കേന്ദ്രത്തിനു നാഡീജാലത്തിന്‌മേലാകെ നിയാമക വ്യാപാരമുണ്ട്.

ഇപ്പോള്‍ എന്തിനാണു ശ്വാസാഭ്യാസം പരിശീലിക്കുന്നതെന്നു കാണാം. ഒന്നാമത്, ശ്വാസം ഒരേ ക്രമത്തിലാകുമ്പോള്‍ ശരീരത്തിലെ ഘടകാണുക്കള്‍ക്ക് എല്ലാറ്റിനും ഒരേ വഴിക്കു ചലിക്കാനുള്ള വാസനയുണ്ടാകുന്നു. മനസ്സ് ഇച്ഛാരൂപത്തിലാകുമ്പോള്‍ നാഡീധാരകള്‍ വൈദ്യുതധാരയ്ക്കു തുല്യമായി പരിണമിക്കുന്നു. നാഡികള്‍ക്കു വൈദ്യുതധാരയിലെ ഏകധ്രുവപ്രവണത ഉണ്ടെന്നു വെളിവായിട്ടുണ്ട്. അതുകൊണ്ട് ഇച്ഛാശക്തി നാഡീധാരയായി പരിണമിക്കുമ്പോള്‍ അത് ഏതാണ്ട് വിദ്യുച്ഛക്തിപോലായിത്തീരുമെന്ന് ഇതു തെളിയിക്കുന്നു. ശരീരത്തിലെ സര്‍വ്വാണുക്കളുടെയും ചലനം ഒരേ ക്രമത്തിലാകുമ്പോള്‍ ശരീരം ഇച്ഛാശക്തിയുടെ ഒരു ഗംഭീര വൈദ്യുതകൂടം പോലെയായിത്തീരുന്നു. ഈ വമ്പിച്ച ഇച്ഛാശക്തിയാണു യോഗിക്കു വേണ്ടത്. അങ്ങനെ ഇതാണു ശ്വാസാഭ്യാസത്തിന്റെ ശരീരശാസ്ത്രക്രമത്തിലുള്ള വ്യാഖ്യാനം. ഇതു ദേഹത്തില്‍ ക്രമചലനമുണ്ടാക്കി ശ്വാസ(നിയമന)കേന്ദ്രം വഴി മറ്റു കേന്ദ്രങ്ങളെ നിയന്ത്രിക്കാന്‍ നമ്മെ സഹായിക്കുന്നു. ഇവിടെ പ്രാണായാമത്തിന്റെ ഉദ്ദേശ്യം മൂലാധാരത്തില്‍ ചുരുണ്ടു കിടക്കുന്ന കുണ്ഡലിനീ ശക്തിയെ ഉണര്‍ത്തുകയുമാകുന്നു.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. അദ്ധ്യായം 4. പേജ് 194-197]