നാം കാണുന്നതോ സങ്കല്പിക്കുന്നതോ സ്വപ്നം കാണുന്നതോ ആയ ഏതൊന്നിനെയും ഒരു ഇട (സ്ഥല)ത്തില്‍ വെച്ചുവേണം ഗ്രഹിക്കുക. സാധാരണമായ ഈ ഇടത്തെയാണ് ഭൗതികമായ ആകാശം അല്ലെങ്കില്‍ മഹാകാശം എന്നു പറയുന്നത്. യോഗി പരചിത്തവൃത്തികളെ ഗ്രഹിക്കുകയോ അതീന്ദ്രിയവസ്തുക്കളെ ദര്‍ശിക്കുകയോ ചെയ്യുമ്പോള്‍ അതു ചിത്താകാശം എന്ന മറ്റൊരു വക ഇടത്തിലാണ്. ജ്ഞാനം നിര്‍വിഷയമാകുകയും ആത്മാവ് സ്വയം പ്രകാശിക്കുകയും ചെയ്യുമ്പോള്‍ അതിനു ചിദാകാശം അല്ലെങ്കില്‍ ജ്ഞാനാകാശമെന്നു പറയുന്നു. കുണ്ഡലിനി ഉണര്‍ന്നു സുഷുമ്‌നാ മാര്‍ഗ്ഗത്തില്‍ പ്രവേശിക്കുമ്പോഴുണ്ടാകുന്ന ദര്‍ശനങ്ങളെല്ലാം ചിത്താകാശത്തിലാകുന്നു. അത്, സുഷുമ്‌നാനാളം തലച്ചോറിലേക്കു തുറക്കുന്ന അറ്റത്തെത്തിയാലോ, നിര്‍വ്വിഷയദര്‍ശനം ചിദാകാശത്തിലാണുണ്ടാകുന്നത്. ഇവിടെ വിദ്യുച്ഛക്തിയുടെ സാദൃശ്യം എടുത്തുനോക്കുക; ആ ശക്തി ഒരു കമ്പിയില്‍ക്കൂടെ അയപ്പാനേ മനുഷ്യനു കഴിയുന്നുള്ളു: പ്രകൃതിക്കാകട്ടെ ഗംഭീരപ്രവാഹങ്ങളെ അയപ്പാന്‍ ഒരു കമ്പിയും വേണ്ട. ഇതുകൊണ്ടു കമ്പി വാസ്തവത്തില്‍ ആവശ്യമില്ലെന്നും, കൂടാതെ കഴിയാത്തതുകൊണ്ടു നാം അതുപയോഗിക്കാന്‍ നിര്‍ബ്ബദ്ധരായതാണെന്നും തെളിയുന്നു.
ഇതുപോലെ ദേഹത്തില്‍ നാഡികളെന്ന കമ്പികള്‍ വഴിക്കാണ് എല്ലാ ഇന്ദ്രിയചലനങ്ങളും ഉണ്ടാകുന്നത്; ജ്ഞാനേന്ദ്രിയചലനങ്ങള്‍ ശിരസ്സിനുള്ളിലേക്കും കര്‍മ്മേന്ദ്രിയചലനങ്ങള്‍ ശിരസ്സില്‍നിന്നു പുറത്തേക്കും പൊയ്‌ക്കൊണ്ടിരിക്കുന്നു. നട്ടെല്ലിലെ നാഡീപാശത്തിലുള്ള ബോധക – കാരക നാഡീവല്ലികളാണു യോഗികള്‍ പറയുന്ന ഇഡയും പിംഗളയും. അന്തര്‍വാഹികളും ബഹിര്‍വാഹികളുമായ ധാരകള്‍ പോകുന്ന പ്രധാനമാര്‍ഗ്ഗങ്ങളാണവ. എന്നാല്‍ എന്തുകൊണ്ടു കമ്പിയില്ലാതെതന്നെ മനസ്സിനു വര്‍ത്തമാനം അറിയിച്ചുകൂടാ, കല്പന അയച്ചുകൂടാ? ഇതു പ്രകൃതിയില്‍ നടക്കുന്നതു കാണുന്നുണ്ടല്ലോ. നമുക്ക് അതു ചെയ്‌വാന്‍ കഴിഞ്ഞാല്‍ നമ്മുടെ ഭൗതികബന്ധം അറ്റുവെന്നാണു യോഗി പറയുന്നത്. അതെങ്ങനെ സാധിക്കും? ഇഡയ്ക്കും പിംഗളയ്ക്കും ഇടയ്ക്കുള്ള സുഷുമ്‌നയില്‍ക്കൂടെ വിടുക: എന്നാല്‍ കാര്യം സാധിച്ചു. മനസ്സാണു നാഡീനിചയം കൊണ്ടു വലകെട്ടിയിരിക്കുന്നത്: മനസ്സുതന്നെ വേണം അതു പൊട്ടിക്കുക. പിന്നെ വ്യാപരിക്കുവാന്‍ കമ്പികള്‍ വേണ്ടിവരരുത്. അപ്പൊഴേ സര്‍വ്വജ്ഞത്വം കൈവരൂ. പിന്നെ ശരീരബന്ധമില്ല അതുകൊണ്ടാണു സുഷുമ്‌നയെ സ്വാധീനിക്കേണ്ടത് അത്രയേറെ ആവശ്യമായിരിക്കുന്നത്. കമ്പികളായിട്ട് നാഡികളൊന്നും കൂടാതെ, ആ ഒഴിഞ്ഞു കിടക്കുന്ന നാളത്തില്‍ക്കൂടെത്തന്നെ ചിത്തധാരകളെ സഞ്ചരിപ്പിക്കാന്‍ സാധിച്ചെങ്കില്‍ കാര്യനിവൃത്തിയായി: അതു സാധിക്കയും ചെയ്യും എന്നു യോഗി പറയുന്നു.
സാധാരണമനുഷ്യര്‍ക്കു സുഷുമ്‌നയുടെ അടിഭാഗം അടഞ്ഞിരിക്കും. അതു വഴിക്ക് ഒരു വ്യാപാരവും നടക്കുന്നില്ല. അതു തുറന്നു നാഡീധാരകളെ കടത്തിവിടുവാന്‍ ഇടവരുത്തുന്ന ഒരഭ്യാസം യോഗി ഉപദേശിക്കുന്നു. ഇന്ദ്രിയവേദനം ഒരു കേന്ദ്രത്തിലെത്തുമ്പോള്‍ അവിടെനിന്ന് ഒരു പ്രതികരണം ഉണ്ടാകും. സ്വയം ബോധമില്ലാതെ യാന്ത്രികമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളുടെ കാര്യത്തില്‍ പ്രതികരണങ്ങളെ തുടര്‍ന്നുണ്ടാകുന്നത് ഒരു ചലനമാണ്. സ്വബോധമുള്ള കേന്ദ്രങ്ങളുടെ കാര്യത്തില്‍ (പ്രതികരണത്തെ തുടര്‍ന്ന്) ആദ്യം പ്രത്യക്ഷജ്ഞാനവും പിന്നെ ചലനവുമുണ്ടാകുന്നു. എല്ലാ പ്രത്യക്ഷജ്ഞാനവും പുറമേ നിന്നുള്ള ഒരു കരണത്തിനുള്ള പ്രതികരണമാണ്. എന്നാല്‍ സ്വപ്നത്തില്‍ പ്രത്യക്ഷജ്ഞാനമുണ്ടാകുന്നതെങ്ങനെ? അവിടെ പുറമേ നിന്നൊരു കരണ(വ്യാപാര)മില്ലല്ലോ. അപ്പോള്‍ ജ്ഞാനജനകചലനങ്ങള്‍ എവിടെയോ ചുരുണ്ടുകിടപ്പുണ്ട്. ഉദാഹരണമായി, ഞാന്‍ ഒരു നഗരം കാണുന്നു. നഗരരൂപമായ ബാഹ്യ പദാര്‍ത്ഥങ്ങളില്‍നിന്നെത്തുന്ന വേദനങ്ങളുടെ നേര്‍ക്കുണ്ടാകുന്ന പ്രതികരണത്തില്‍നിന്നാണു നഗരത്തിന്റെ പ്രത്യക്ഷജ്ഞാനം ഉണ്ടാകുന്നത്. അതായത് അന്തര്‍വാഹികളായ നാഡികളിലെ ചലനങ്ങള്‍ തലച്ചോറിലെ അണുക്കളില്‍ ചില ചലനങ്ങള്‍ ഉണ്ടാക്കുന്നു. ആ നാഡികളെത്തന്നെ ഇളക്കിവിട്ടതു പുറമേ നഗരത്തിലുള്ള വസ്തുക്കളാണ്. എന്നാല്‍ വളരെക്കാലം കഴിഞ്ഞ്, ഇപ്പോഴും എനിക്ക് ആ നഗരത്തെ ഓര്‍ക്കാന്‍ കഴിയുന്നു. ഒരു വ്യത്യാസവുമില്ലാതെ അങ്ങനെ തന്നെയാണ് ഓര്‍മ്മയുമുണ്ടാകുന്നത്: കുറച്ചുകൂടെ ശാന്തമായിട്ടാണെന്നു മാത്രം. എന്നാല്‍ ശാന്തതരമായിട്ടെങ്കിലും തലച്ചോറില്‍ സദൃശചലനങ്ങളെ ഉദിപ്പിച്ച വ്യാപാരം എവിടെനിന്നു വന്നു? തീര്‍ച്ചയായും വിഷയേന്ദ്രിയസന്നികര്‍ഷത്തില്‍ നിന്നല്ല. അതുകൊണ്ട് ഇന്ദ്രിയവേദനങ്ങള്‍ എവിടെയോ കുണ്ഡലിതമായി (ചുരുണ്ടു) കിടക്കുകയാണ്: അവ വ്യാപരിച്ചു ശാന്തപ്രതികരണങ്ങള്‍ പുറപ്പെടുവിക്കുന്നു: അതത്രേ സ്വപ്നദര്‍ശനം.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. അദ്ധ്യായം 4. പേജ് 197-199]