സര്‍വ്വസാക്ഷിഭൂതമായ ചൈതന്യം (ജ്ഞാ.13-5, 6 – 6)
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിമൂന്ന് ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ശ്ലോകം 5 തുടര്‍ച്ച
എല്ലാറ്റില്‍ നിന്നും ഒഴിഞ്ഞു മാറി സര്‍വ്വസാക്ഷിഭൂതമായിനില്‍ക്കുന്ന ശരീരത്തിലുള്ള പരമമായ അസ്ഥിത്വമാണ് ചൈതന്യം. കാല്‍നഖം തൊട്ട് ശിരസ്സിലെ മുടിവരെയുള്ള ശരീരഭാങ്ങളിലെല്ലാം ജാഗ്രത്. സ്വപനം, സുഷുപ്തി എന്നിങ്ങനെ ദേഹത്തിന്‍റെ മൂന്ന് അവസ്ഥയിലും യാതൊരു മാറ്റവുമില്ലാതെ അതു ജാഗരൂകമായി സ്ഥിതിചെയുന്നു. വസന്തഋതു കാനനത്തെ പുഷ്പങ്ങളണിയിച്ച് കമനീയമാക്കുന്നതുപോലെ, ഇത് മനസ്സിനും ബുദ്ധിക്കും മറ്റ് ഇന്ദ്രിയങ്ങള്‍ക്കും നവ്യത നല്‍കുന്നു. ചരവും അചരവുമായ എല്ലാ വസ്തുക്കളിലും കുടികൊള്ളുകയും അവയുടെ പ്രവര്‍ത്തങ്ങള്‍ക്ക് പ്രേരകശക്തിയായി ഭവിക്കുകയും ചെയ്യുന്നത് ഈ ചൈതന്യമാണ്. ഒരു രാജാവിന് തന്‍റെ യോദ്ധാക്കളെ ഓരോരുത്തരെയും നേരിട്ട് അറിവില്ലെങ്കിലും അദ്ദേഹം ആജ്ഞ നല്‍കുമ്പോള്‍ സൈന്യം ഒറ്റക്കെട്ടായി ശത്രുവിനെ എതിര്‍ത്തു തോല്‍പ്പിക്കുന്നു. പൂര്‍ണ്ണേന്ദുവിനെ കാണുമ്പോള്‍ പാരാവാരം ഇളകിമറിയുകയും അതില്‍ വേലിയേറ്റം ഉണ്ടാവുകയും ചെയ്യുന്നു. കാന്തം ഇരുമ്പിനെ ചലിപ്പിക്കുന്നു. സൂര്യപ്രകാശം ലോകത്തെ കര്‍മ്മനിരതമാക്കുന്നു. ആമയുടെ കുഞ്ഞുങ്ങള്‍ അതിന്‍റെ തള്ളയുടെ ദേഹത്തില്‍ തൊടുന്നതിനുമുമ്പ് തന്നെ ആമ അതിന്‍റെ ദൃഷ്ടികൊണ്ട് കുഞ്ഞുങ്ങളെ മുലയൂട്ടുന്നു. അതുപോലെ ശരീരത്തിന്‍റെ ആന്തരികമായ അവയവങ്ങളെയെല്ലാം ചേതനാത്മകങ്ങളാക്കിത്തീര്‍ക്കുന്നത് ശരീരത്തില്‍ കുടികൊള്ളുന്ന ഈ സചേതനത്വമാണ്. ഇതാണ് ചൈതന്യമെന്ന് അറിയപ്പെടുന്നത്.
അല്ലയോ അര്‍ജ്ജുന ഇനിയും ധൈര്യത്തെപ്പറ്റി പറയാം. പഞ്ചഭൂതങ്ങള്‍ അവയുടെ സഹജമായ സ്വഭാവം കൊണ്ട് പരസ്പരം ശത്രുക്കളാണ്. അഗ്നി ജലത്തെ വറ്റിക്കുന്നു. ജലപ്രവാഹത്തില്‍ ഭൂമി ഒലിച്ചുപോകുന്നു. വായുവും അഗ്നിയും എതിരാളികളാണ്. ആകാശം വായുവിനെ വിഴുങ്ങുന്നു.അത് സര്‍വവ്യാപിയാണെങ്കിലും എല്ലാറ്റില്‍നിന്നും വിട്ടു നില്‍ക്കുന്നു. ഇപ്രകാരം സാധാരണയായി തമ്മില്‍ത്തമ്മില്‍ ശത്രുത പുലര്‍ത്തുന്ന ഈ പഞ്ചഭൂതങ്ങള്‍, ശരീരത്തിനുള്ളില്‍ യോജിച്ചുവസിക്കുകയും കൂട്ടായ പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നു. അവര്‍ വൈരം വെടിഞ്ഞ് അവരുടെ സ്വാഭാവികമായ ഗുണങ്ങള്‍കൊണ്ട് പരസ്പരം പരിപോഷിപ്പിക്കുന്നു. ഇപ്രകാരം വിഘടിച്ചുനില്‍ക്കുന്ന ഘടകങ്ങള്‍ തമ്മില്‍ സാധാരണഗതിയില്‍ സാധ്യമല്ലാത്ത യോജിപ്പുണ്ടാക്കി നിലനിര്‍ത്തുന്നതിനാണ് ധൈര്യം അല്ലെങ്കില്‍ മനഃസ്ഥിരത എന്ന് പറയുന്നത്.
അല്ലയോ പാണ്ഡുപുത്രാ, ജീവനുള്‍പ്പെടെയുള്ള മുപ്പത്തിയാറു ജഡതത്ത്വങ്ങളെ ഒരുമിച്ച് നിവേശിപ്പിച്ച് നിര്‍ത്തിയിരിക്കുന്ന ഈ ശരീരം ക്ഷേത്രം എന്ന പേരിനാല്‍ അറിയപ്പെടുന്നു. ഒരു രഥത്തിന്‍റെ വിവിധ ഭാഗങ്ങള്‍ സംയോജിപ്പിക്കുമ്പോള്‍ അത് രഥമെന്ന് അറിയപ്പെടുന്നു. അടിതൊട്ടു മുടിവരെയുള്ള അവയവങ്ങള്‍ ചേരുന്നതാണ് ശരീരം. ഗജങ്ങളും, ആശ്വങ്ങളും, രഥങ്ങളും, കാലാള്‍പ്പടയും മറ്റും ചേരുമ്പോള്‍ സേന രൂപികൃതമാകുന്നു. വാക്കുകള്‍ ഒരുമിച്ച് ചേരുമ്പോള്‍ വാചകമാകുന്നു. വാനത്തില്‍ കാര്‍മേഘങ്ങള്‍ തിങ്ങിക്കൂടുമ്പോള്‍ മേഘാവൃതമായ ആകാശം എന്ന് പറയുന്നു. ജീവികളെല്ലാം ചേരുന്നതാണ് ജഗത്ത്. എണ്ണയും, തിരിയും, അഗ്നിയും കൂടി ചേരുമ്പോള്‍ അതിന് വിളക്കെന്ന പേര് ലഭിക്കുന്നു. ഇതുപോലെ ഈ മുപ്പത്തിയാറ് ജഡതത്ത്വങ്ങള്‍ ഒന്നായി സമ്മേളിക്കുന്ന സംഘാതം ക്ഷേത്രമെന്നറിയപ്പെടുന്നു. ഈ വിളഭൂമിയില്‍ വിളവിറക്കുമ്പോള്‍ ഓരോ ജീവിയുടെയും സ്വഭാവഗതിക്കനുസരിച്ച് പുണ്യവും പാപവും വിളയുന്നത്കൊണ്ട് ഇതിനെ ചമല്ക്കാരപരമായി വിളഭൂമി – ക്ഷേത്രം – എന്നു വിളിക്കുന്നു. മറ്റു ചിലര്‍ ഇതിനെ ശരീരം എന്നും പറയാറുണ്ട്. ഇതിന് അസംഖ്യം നാമങ്ങളുണ്ട്. യഥാര്‍ത്ഥത്തില്‍ പരബ്രഹ്മമൊഴികെ, ഈ ജഗത്തിലുള്ള, ജനിക്കുകയും മരിക്കുകയും ചെയ്യുന്ന എല്ലാ ജീവജാലങ്ങളേയും കൊണ്ടാണ് ഈ ക്ഷേത്രം രൂപികരിക്കപ്പെട്ടിട്ടുള്ളത്. വിവിധവര്‍ഗ്ഗങ്ങളിപ്പെട്ട ദേവന്മാരും മനുഷ്യരും സര്‍പ്പങ്ങളും ഈ ക്ഷേത്രത്തില്‍ ജനിക്കുന്നു. അവരെല്ലാം അവരുടെ പ്രത്യേക ഗുണങ്ങളേയും പൂര്‍വ്വകര്‍മ്മങ്ങങ്ങളെയും ആശ്രയിച്ചാണ് ഇവിടെ ജനിക്കുന്നത്. ഈ ഗുണങ്ങളെപ്പറ്റി പ്രത്യേകമായി ഞാന്‍ പിന്നീട് വിശദീകരിക്കാം. ഇപ്രകാരം ക്ഷേത്രത്തിന്‍റെ സവിശേഷമായ സ്വഭാവത്തെയും അതിന്‍റെ ഭവഭേദങ്ങളെയും കുറിച്ച് ഞാന്‍ പറഞ്ഞുകഴിഞ്ഞു.
ഇനിയും ജ്ഞാനത്തെപ്പറ്റി പറയാം. ആത്മജ്ഞാനത്തിനു വേണ്ടി യോഗികള്‍ സ്വര്‍ഗ്ഗത്തിന്‍റെ പ്രലോഭനങ്ങളെ അവഗണിക്കുന്നു. അവരില്‍ ചിലര്‍ ഗഗനത്തെ വിഴുങ്ങി പുരികമധ്യത്തില്‍ കേന്ദ്രീകരിക്കുന്നു. ചിലരെ സമ്പത്തും സൗഭാഗ്യവും അശേഷം പ്രീണിപ്പിക്കുന്നില്ല. അമാനുഷികസിദ്ധികളെ അവര്‍ വെറുക്കുന്നു. ഉഗ്രമായ യോഗാനുഷ്ഠാന സംമ്പ്രദായങ്ങള്‍ ജ്ഞാനപ്രദങ്ങളല്ലാത്തതിനാല്‍ അവയെ അവര്‍ പുച്ഛിക്കുന്നു. ചിലര്‍ കൊടിയ തപോദുര്‍ഗ്ഗങ്ങളെ കടന്നുകയറുന്നു. മറ്റുചിലര്‍ കോടി യജ്ഞങ്ങള്‍ നടത്തി അതിന്‍റെ ഫലങ്ങളെ ത്യജിച്ച് കര്‍മ്മവല്ലരികളെ പിഴുതെറിയുന്നു. പലരും ഭക്തിമാര്‍ഗ്ഗം അവലംബിക്കുന്നു. ചിലര്‍ അന്തര്‍ബാഹ്യപരിഗ്രഹികളായി സുഷുമ്നാനാഡിയുടെ അന്തര്‍ഗ്ഗത വഴികളില്‍കൂടി സഞ്ചരിക്കുന്നു. ഈ ജ്ഞാനസമ്പാദനത്തിനുള്ള അദമ്യമായ അഭിലാഷം കൊണ്ട് ചിലര്‍ അതിനുവേണ്ടി വേദങ്ങളുടെ താളുകള്‍ സൂക്ഷ്മപരിശോധന നടത്തുന്നു. ഗുരുവിന്‍റെ സേവനത്തില്‍കൂടി ഈ ജ്ഞാനം സമ്പാദിക്കാമെന്നുള്ള പ്രത്യാശയില്‍ ചിലര്‍ അനവധി ജന്മങ്ങള്‍ ഗുരു സേവയ്ക്കായിഒഴിഞ്ഞുവെയ്ക്കുന്നു.
ഈ ജ്ഞാനം അഞ്ജതയെ നശിപ്പിക്കുന്നു. ഇത് ജീവബ്രഹ്മഐക്യത്തെ കൈവരുത്തുന്നു. ഇത് ഇന്ദ്രിയങ്ങളുടെ വാതിലുകള്‍ കൊട്ടിയടയ്ക്കുന്നു; കര്‍മ്മങ്ങളെ ക്ഷയിപ്പിക്കുന്നു; മനസിന്‍റെ പരിതാപം അകറ്റുന്നു. ഈ ജ്ഞാനസമ്പാദനത്തോടെ ദ്വന്ദ്വഭാവം ദരിദ്രമാകുന്നു. ഭൂതങ്ങളോട് സമബുദ്ധി സമൃദ്ധമാകുന്നു. ഇത് മദത്തെ ആട്ടിപ്പായിക്കുന്നു; മഹാമോഹത്തെ വിഴുങ്ങുന്നു. ഇത് ‘എന്റ്റേതു’ എന്നും ‘അവന്റെത്’ എന്നും ഉള്ള പദങ്ങളെ പദമഞ്ജരിയില്‍ നിന്നും ബഹിഷ്കരിക്കുന്നു. ഇത് സംസാരജീവിതത്തിന്‍റെ വല പൊട്ടിച്ചെറിയുന്നു; സങ്കല്പങ്ങളുടെ മാലിന്യം കഴുകിക്കളയുന്നു. ഈ ആത്മജ്ഞാനം മൂലം ഉല്‍കൃഷ്ടമായ പരബ്രഹ്മപ്രാപ്തി സുസാദ്ധ്യമായിത്തീരുന്നു. ആത്മജ്ഞാനം ലഭിക്കുമ്പോള്‍ ബഹിര്‍മുഖപ്രവൃത്തിളുടെ കൈകാര്യകര്‍ത്തൃത്വം വഹിച്ചിരുന്ന പ്രാണന്‍റെ പാദങ്ങള്‍ തല്ലിയൊടിക്കപ്പെടുന്നു. പ്രാണന്‍ മുടന്തനാവുന്നു. ഈ ജ്ഞാന പ്രകാശബുദ്ധിയെ നിര്‍മ്മലമാക്കുകയും ആത്മാവിനെ ആനന്ദത്തിന്‍റെ തൊട്ടിലിലാട്ടുകയും ചെയ്യുന്നു. ഇന്ദ്രിയങ്ങളുടെ മാലിന്യം കൊണ്ട് മലിനമാക്കപ്പെട്ട മനസ്സിനെ പരിശുദ്ധമാക്കുന്ന പവിത്രതയുടെ ഏകനിധാനമാണ് ഈ ജ്ഞാനം. ഇത് സിദ്ധിക്കുമ്പോള്‍ ദേഹബുദ്ധ്യാദി അനാത്മപദാര്‍ത്ഥഭ്രമമാകുന്ന ക്ഷയരോഗം പരിപൂര്‍ണ്ണമായി സുഖപ്പെടുന്നു.
ഈ ജ്ഞാനത്തെപ്പറ്റി വിവരിക്കുക അസാധ്യമാണ്. എങ്കിലും നിനക്ക് മനസ്സിലാകത്തക്ക വിധത്തില്‍ ഞാന്‍ അതിനെപ്പറ്റി വിശദീകരിക്കാം. അത് കേള്‍ക്കുമ്പോള്‍ നിന്‍റെ മാംസചക്ഷുസ്സുകള്‍ കൊണ്ട് നിനക്ക് അതു കാണാന്‍ കഴിഞ്ഞെന്നു വരില്ല. എങ്കിലും നിന്‍റെ ബുദ്ധിക്ക് അത് മനസ്സിലാക്കാന്‍ കഴിയും. ഒരു ശരീരത്തില്‍ ജ്ഞാനം വ്യാപരിക്കുമ്പോള്‍ അതിന്‍റെ പ്രഭാവം ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കൂടി പ്രകടിപ്പിക്കപ്പെടുന്നു.
വൃക്ഷങ്ങള്‍ തളിര്‍ക്കുകയും പൂക്കുകയും ചെയ്ത് കാനനം കമനീയമാകുമ്പോള്‍ വസന്തര്‍ത്തുവിന്റെ സാന്നിധ്യം വിളിച്ചോതുന്നില്ലേ? അതുപോലെ ഒരുവനില്‍ ജ്ഞാനോദയം ഉണ്ടാകുമ്പോള്‍ ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അതിന് സാക്ഷ്യം വഹിക്കുന്നു. ഭൂമിക്കടിയിലുള്ള വേരുകള്‍ക്ക് വെള്ളം ലഭിക്കുമ്പോള്‍ വൃക്ഷത്തിന്‍റെ പുഷ്കലമായ വളര്‍ച്ചയില്‍കൂടി അത് പ്രകടിതമാകുന്നു. ഭൂമിയുടെ ഫലഭൂയിഷ്ഠത അതില്‍ നിന്നു മുളയ്ക്കുന്ന ചെടികളില്‍ കൂടിയാണ് നാം അറിയുന്നത്. ഒരുവന്‍റെ ആദരവും ആതിഥ്യമര്യാദയും കാണുമ്പോള്‍ അവന്‍ ഉന്നതകുലജാതനാണെന്ന്‍ നമ്മുക്ക് മനസിലാക്കാന്‍ കഴിയുന്നു. നാം ഒരാളെ കാണുന്ന മാത്രയില്‍തന്നെ നമ്മുക്ക് മനശ്ശാന്തി ലഭിക്കുമ്പോള്‍ ,നാം കണ്ട ആള്‍ ഒരു മഹാത്മാവാണെന്ന്‍ നമ്മുക്ക് ബോധ്യമാവുന്നു. കര്‍പ്പൂരത്തിന്‍റെ സാന്നിധ്യം ഒരു മരത്തിലുണ്ടെന്ന് നാം ആഗ്രഹിക്കുന്നത് അതിന്‍റെ സൌരഭ്യംകൊണ്ടാണ്. കണ്ണാടിപ്പാത്രത്തില്‍ വെച്ചിരിക്കുന്ന ദീപത്തിന്‍റെ പ്രകാശം പുറത്തും പ്രകാശിക്കുന്നു. അതുപോലെ, ഒരുവന്‍റെ ഹൃദയത്തിലുണ്ടാകുന്ന ജ്ഞാനം പുറത്തേക്ക് പ്രകടിതമാവുമ്പോഴുണ്ടാകുന്ന ലക്ഷണങ്ങള്‍ ഞാന്‍ പറയാം. ശ്രദ്ധിച്ചു കേള്‍ക്കുക.